മാര്‍ച്ച് എട്ടിന് തീയേറ്ററുകളിലെത്തുന്ന ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പത്തനംതിട്ടയിലെ കടമ്മനിട്ടയിലെ വീട്ടില്‍ വച്ചായി മരണം. ആദിക്കാട്ടുകുളങ്ങര നൂര്‍മഹലില്‍ റിട്ട.സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണര്‍ മീരാസാഹിബിന്റെ മകനായ നിസാം കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഭാര്യ ഷഫീന, മക്കള്‍: റസൂല്‍, അജ്മി. സഹോദരങ്ങള്‍: ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, നിസ. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തില്‍ നിന്ന് ‘ഭാരതം’ എന്ന വാക്ക് നീക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നിസാമിന്റെ മരണം. ചിത്രത്തിന്റെ പുതിയ പ്രമോ വീഡിയോയും അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. നിരവധി ഡോക്യുമെന്ററികള്‍ക്കൊപ്പം നിസാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലിയൊടൊപ്പം തന്നെ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതും അദ്ദേഹത്തിന് പ്രിയമായിരുന്നു. കാസര്‍കോഡ് ജില്ലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതിനാല്‍ തന്നെ എന്റോസള്‍ഫാന്‍ മൂലം ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ നിസാം സജീവമായിരുന്നു. ഗര്‍ഭിണികളുടെ കഥ പറയുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും നിസാമും തിരക്കഥാ പങ്കാളിയായിരുന്നു. റേഡിയോ,ബോംബെ മിഠായി തുടങ്ങിയവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റ് ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…