രാഗനാഥന്‍ വയക്കാട്ടില്‍
മലയാള സിനിമാസ്വാദകര്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ കെ.പി എ സി ലളിതയുടെ വേര്‍പാടിന്റെ രണ്ടു വര്‍ഷങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുന്നു.
മലയാള സിനിമയിലെ നായിക വേഷങ്ങള്‍ക്കു പുറമേ പ്രധാന താരങ്ങളുടെയെല്ലാം മകളായും സഹോദരിയായും അമ്മയായും മുത്തശ്ശിയായും ജീവിത പങ്കാളിയായും അഭിനയിച്ച ലളിതയുടെ വേര്‍പാട് സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് തീരാനഷ്ടം തന്നെ യാണ്.-
സ്റ്റേജ് നാടകങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ മഹേശ്വരിയമ്മ എന്ന ലളിത മലയാള സിനിമയില്‍ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധത്തിലുള്ള കഥാപാത്ര സന്നിവേശമാണ് ഭൂരിഭാഗം സിനിമകളിലും കാഴ്ചവച്ചത്. നാടകത്തിലായാലും പഴയ കാല ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രത്തിലായാലും തുടര്‍ന്നു വന്ന കളര്‍ സിനിമകളില്‍ നിന്നും ഫിലിമിന്റേയും കാര്‍ബണ്‍ യുഗത്തിന്റേയും അന്ത്യംകുറിച്ച് ഡിജിറ്റല്‍ 2K / 4K യിലേക്ക് മാറിയപ്പോഴും തനതു അഭിനയത്തില്‍ മാത്രം വിട്ടു വീഴ്ച ചെയ്തിട്ടില്ല. അവസാന കാലഘട്ടം വരെ അഭിനയിച്ചിരുന്ന ‘തട്ടീം മുട്ടീം ‘എന്ന ഹാസ്യ പരമ്പരയിലും അഭിനയകലയുടെ പ്രഭാവം ഒട്ടും ചോര്‍ന്നു പോയിരുന്നില്ല.
തന്റെ ഭര്‍ത്താവായ ഭരതന് സംവിധാനം ചെയ്ത ‘അമരത്തില്‍ ചന്തയിലെ മീന്‍ വില്പ്പനക്കാരി ഭാര്‍ഗ്ഗവിയുടെ അഭിനയം കണ്ടാല്‍ അത് യഥാര്‍ത്ഥ മീന്‍ വില്പ്പനക്കാരിയാണോ എന്ന് സംശയം തോന്നുമായിരുന്നു. കൊച്ചുരാമന്റെ ( മുരളി) ഭാര്യയായി വീട്ടമ്മയായി രാഘവന്റെ (അശോകന്) അമ്മയായി മാറുമ്പോള്‍ അഭിനയത്തിന്റെ മറ്റൊരു തലമാണ് അമരത്തില്‍ നമ്മള് കണ്ടത്.
കാട്ടുകുതിരയിലെ വേഷവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. നാട്ടിലെ പ്രമാണിയായ കള്ളുവ്യവസായി കൊച്ചു വാവയെ (തിലകന് )ഭയമില്ലാത്ത ഡീം എന്ന് പറഞ്ഞാല്‍ തിരിച്ച് രണ്ട് ഡീം പറയുന്ന കല്യാണി. ലളിതയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന വേഷം. ഹാസ്യവും ഗൗരവവും ഒന്നിച്ചുചേര്‍ന്ന വേഷം.
സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയിലെ മീരയുടെ (കാര്‍ത്തിക) അമ്മ കാര്‍ത്ത്യായനിയേയും ഒരിക്കലും മറക്കാന്‍ കഴിയില്ല. വാടക വീടിന്റെ ഉമസ്ഥന് ഗോപാലകൃഷ്ണ പണിക്കരോട് (മോഹന്‍ലാല്‍) പൊരുതിനില്‍ക്കേണ്ടി വന്ന വിധവയായ കഥാപാത്രം. മകളുടെ വിവാഹ തലേന്ന് അവളുടെ അശ്രദ്ധ കൊണ്ട് അച്ഛന് ഷോക്കേറ്റ് മരിച്ച വിവരം പണിക്കരോട് വിവരിക്കുമ്പോഴുള്ള ആ രംഗം വിവരണാതീതമാണ്. പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനാകുന്ന നിമിഷം. അതുപോലെ എത്രയെത്ര കഥാപാത്രങ്ങള്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍.
ഓട്ടുപാത്ര പ്രതിമാ നിര്‍മ്മാണം തൊഴിലാക്കിയവരുടെ കഥ പറഞ്ഞ ഭരതന്റെ ‘വെങ്കല ‘ ത്തിലെ ജ്യേഷ്ഠാനുജന്മാരായ രണ്ടു ഭര്ത്താക്കന്മാരുള്ള
കുഞ്ഞിപ്പെണ്ണിന്റെ വേഷവും ഒരിയ്ക്കലും മറക്കാന്‍ കഴിയില്ല. കാലങ്ങളായി തുടരുന്ന സമുദായത്തിന്റെ ബഹുഭര്‍തൃ
രീതി പിന്തുടാന് വേണ്ടി മക്കളേയും ( മുരളി മനോജ്.കെ. ജയന്) പ്രേരിപ്പിക്കുന്ന അമ്മയുടെ വേഷം വളരെ പ്രശംസനീയമായിരുന്നു.
സിദിഖ് ലാലിന്റെ ഗോഡ്ഫാദറില് സ്വാമിനാഥന്റെ (ഇന്നസെന്റ്) രഹസ്യ ഭാര്യയായ തിരുവല്ലക്കാരി അമ്മിണിയെന്ന നൃത്താധ്യാപികയായാലും മക്കള്‍ മഹാത്മ്യത്തിലെ കുഞ്ഞുലക്ഷ്മി ടീച്ചറായാലും ഗജകേസരി യോഗത്തിലെ മാധവിയായാലും ‘മണിച്ചിത്രത്താഴി’ലെ ഭാസുരയാലും അനിയത്തി പ്രാവിലെ നായിക മിനിയുടെ (ശാലിനി ) അമ്മയായാലും’മാടമ്പിയിലെ ‘അമ്മ മഴക്കാറായാലും അതില്‍ ഒരു മാറ്റവുമില്ല. പദ്മരാജന്റെ ഇന്നലെയില്‍ ഇന്നസെന്റിനോടൊപ്പം മായയുടെ അമ്മയും അച്ഛനുമാണെന്ന് അവകാശപ്പെട്ട് വരുന്ന വേഷം എത്ര ഹാസ്യാത്മകമായാണ് അവതരിപ്പിച്ചത്.
വലിയ വേഷമെന്നോ ചെറിയ വേഷമെന്നോ ഉള്ള വ്യത്യാസമില്ല. ഏത് റോള്‍ ആയാലും അതിലെ കഥാപാത്രമായി മാറിയിരിക്കും കന്മദത്തിലെ അമ്മയും മകനും (മോഹന്‍ലാല്‍) കണ്ടുമുട്ടുന്ന രംഗങ്ങള്‍
അവിസ്മരണീയമാണ്.
ഭദ്രന് സംവിധാനം ചെയ്ത സ്ഥടികത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യക്കാരനായ ഭര്‍ത്താവ് ചാക്കോ മാഷിനും (തിലകന്) ചട്ടമ്പിയായി മാറിയ മകന് തോമസിനും ( മോഹന്‍ലാല്‍)ഇടയില്‍ ആരുടെ ഒപ്പം നില്‍ക്കണമെന്ന സംഘര്‍ഷാവസ്ഥ അനുഭവിക്കുന്ന അമ്മ വേഷം മറ്റാര്‍ക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയും?
തിലകനോടൊപ്പം സീരിയസ് വേഷത്തില്‍ അഭിനയിക്കുമ്പോള്‍ അഭിനയകലയുടെ മുഹൂര്‍ത്തത്തിന്റെ ഏറ്റവും ഉത്തുംഗശൃംഗത്തിലെത്തും. അതോടൊപ്പം ഇന്നസെന്റിനോടൊപ്പം ഹാസ്യരംഗങ്ങളിലാണ് അഭിനയിക്കുന്നതെങ്കില്‍ നര്‍മ്മകലയുടെ ഏറ്റവും ആഴത്തിലേക്ക് ഇറങ്ങി ഫലിപ്പിക്കാനുള്ള വൈഭവവും രസതന്ത്രവും ലളിതയ്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.
തന്റെ ഭര്‍ത്താവായ ശ്രീ ഭരതന്റെ വേര്‍പാടിനു ശേഷം അഭിനയ ലോകത്തു നിന്നും മാറി നിന്ന ലളിത സത്യന് അന്തിക്കാടിന്റെ വീണ്ടും ‘ ചില വീട്ടുകാര്യങ്ങളില്‍ ‘ ശക്തമായ കഥാപാത്രമായ മേരിപ്പെണ്ണിനെ അവതരിപ്പിച്ച് തിരിച്ചുവരവ് നടത്തി. അഭിനയ നടനകലയുടെ പെരുന്തച്ചനായ തിലകനോടൊപ്പം മാറ്റുരയ്ക്കുന്ന പ്രകടനമായിരുന്നു.
സത്യന് അന്തിക്കാടിന്റെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളിലും മനസ്സിനക്കരെയിലും ഭാഗ്യദേവതയിലും കഥ തുടരുന്നു എന്നീ സിനിമകളിലും മികച്ച വേഷങ്ങളാണ് ലഭിച്ചത്. സത്യന് സിനിമകളിലെ നാട്ടിന്‍പുറ ഗ്രാമീണ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വേഷം ചെയ്യാന്‍ ലളിതയെയല്ലാതെ മറ്റൊരാളേയും അദ്ദേഹത്തിന് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. സന്ദേശത്തിലെയും സസ്നേഹത്തിലെയും വേഷങ്ങളും സ്മൃതിയില്‍ നിന്നും മാഞ്ഞു പോകില്ല’
ഇന്നസെന്റിനോടൊപ്പം ജോഡിയായി അഭിനയിച്ച വേഷങ്ങള്‍ പ്രേക്ഷകരെ എത്രയോ ചിരിപ്പിച്ചിരിക്കുന്നു. മക്കള്‍ മഹാത്മ്യം, ഗജകേസരിയോഗം, ഗോഡ്ഫാദര് വിയറ്റ്നാം കോളനി ഉള്‍പ്പെടെയുള്ള സിനിമകളില്‍.
അമ്മ വേഷമായാലും അമ്മായിയമ്മയായും മരുമകളായാലും കുശുമ്പി കഥാപാത്രമായാലും ക്രൂര വേഷമായാലും അത്രയും തന്മയത്വമായാണ് ആ കഥാപാത്രങ്ങളോട് അഭിനയത്തിലൂടെ നീതി പുലര്‍ത്തിയത്.
1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയില് ജനിച്ച മഹേശ്വരി എന്ന ലളിതയുടെ മാതാപിതാക്കള്‍ ഭാര്‍ഗവിയമ്മയും അനന്തന് നായരുമാണ്. ചെങ്ങന്നൂര്‍ അമ്പലത്തില്‍ അവര്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേര് വിളിച്ചത്. സ്കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു താത്പര്യം. രാമപുരത്തെ സ്കൂളില്‍ വച്ച് ആദ്യമായി നൃത്തവേദിയില്‍ കയറി. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ എന്ന ഗാനത്തിന് ചുവടുവച്ചായിരുന്നു കാണികള്‍ക്ക് മുന്നില്‍ നൃത്ത വൈഭവം പ്രകടിപ്പിച്ചത്. പത്താംവയസ്സില്‍ ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ അരങ്ങേറ്റം. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരിയമ്മ എന്ന നാമം ഉപേക്ഷിച്ചത്: വളരെ കുറഞ്ഞ കാലയവില്‍ തന്നെ ലളിത നാടകാസ്വാദകരുടെ ഹൃദയം കീഴടക്കിയിരുന്നു.
തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന് സിനിമയാക്കിയപ്പോള്‍ അഭ്രപാളികളിലെ അഭിനയത്തിന് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്, വാഴ് വേമായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേംനസീറുനുമൊപ്പമുള്ള ചിത്രങ്ങങ്ങളിലെ കഥാപാത്രങ്ങളായി ‘സഹനായിക വേഷങ്ങളിലായിരുന്നു അധികവും.
ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് ലളിത തീര്‍ക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാന്‍ സാധിക്കില്ലായിരുന്നു. കുശുമ്പും കുശാഗ്രബുദ്ധിയും പരദൂഷണവും പൊങ്ങച്ചവുമുള്ള വേഷങ്ങള്‍ ചെയ്യാന്‍ പ്രത്യേക കഴിവ് ഉണ്ടായിരുന്നു. അമ്മ-ഭാര്യ വേഷങ്ങള്‍, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും വേഷങ്ങളിലൂടെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയില്‍ അഭിനയവിസ്മയം കാഴ്ചവച്ചു
ജയരാജ് സംവിധാനം ചെയ്ത രാഷ്ട്രീയ കൊലപാതക അശാന്തിയുടെ കഥ പറഞ്ഞ ചെയ്ത ‘ശാന്ത ‘ത്തിലേയും ഭരതന്റെ അമരത്തിലേയും അഭിനയം ദേശീയ പുരസ്കാരത്തിന് അര്‍ഹയാക്കി.
ദേശീയ അവാര്‍ഡുകള്‍ക്കു പുറമേ
നീല പൊന്മാന്, ആരവം, അമരം കടിഞ്ഞൂല്‍കല്യാണം- ഗോഡ്ഫാദര്-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1978ലായിരുന്നു സംവിധായകന് ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കിയത് ചലച്ചിത്ര കലാസംവിധായകനായിരുന്ന ഭരതന് മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകള്‍ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടായ സൗഹൃദമാണ് ജീവിതത്തില്‍ ഒന്നിക്കാന്‍
സാഹചര്യമൊരുക്കിയത്. അതിനു ശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1998 ല്‍
ഭരതന്റെ വേര്‍പാട് ലളിതയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അഭിനയ രംഗത്തു നിന്നും മാറി നില്ക്കാന് തീരുമാനിച്ചിരുന്നെങ്കിലും 1999-ല്‍ സത്യന് അന്തിക്കാടിന്റെ സ്നേഹ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍ക്കു വേണ്ടി വീണ്ടും ചമയമിട്ടു.
കാതലുക്ക് മര്യാദൈ, അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങള്‍. ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം എന്നിവ അവസാന ചിത്രങ്ങള്‍.
കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയായിരിക്കേയാണ് വേര്‍പാട് .
സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍:
.ചന്ദ്രേട്ടന് എവിടെയാ? നിദ്ര( ഭരതന് സംവിധാനം ചെയ്ത സിനിമയുടെ റീമേക്ക്) വര്‍ണ്യത്തില്‍ ആശങ്ക ജിന്ന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് നല്ല ഒരു അഭിനേതാവും കൂടിയാണ്. അമ്മേ ഒന്നു കാണാന്‍ എന്ന ഗാനമുള്ള. കമലിന്റെ നമ്മളില്‍ തുടങ്ങി ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തില്‍ എത്തി നില്ക്കുന്നു. മലയാളത്തിലും തമിഴിലുമായി 600-ലധികം ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നടത്തിയ അനശ്വര കലാകാരിക്ക് സ്മരണാഞ്ജലികള്‍: പ്രണാമം
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








