ബാര്‍ബഡോസ്: ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം.വൈകിട്ടിന് ഏഴിന് ബാര്‍ബഡോസിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബാര്‍ബഡോസിലാണ് കളിക്കുന്നതെങ്കിലും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ചിന്ത ഇന്ത്യ വേദിയാവുന്ന ലോകകപ്പിനെ കുറിച്ചാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോക പോരാട്ടത്തിന് ഇറങ്ങുംമുന്‍പ് കെട്ടുറപ്പുള്ള സംഘത്തെ വാര്‍ത്തെടുക്കുകയാണ് ടീം ഇന്ത്യയുടെ പ്രധാനലക്ഷ്യം.ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവസാനമായി ഒരു ഏകദിന മത്സരം കളിച്ചിട്ട് നാല് മാസമായി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും ഐപിഎലിനും മുന്‍പ് ഓസ്ട്രേലിയയ്ക്കെതിരെ മാര്‍ച്ചിലായിരുന്നു അത്. ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്‍പ് ഇന്ത്യയ്ക്ക് ഈ ഫോര്‍മാറ്റിലേക്കും കളിക്കാര്‍ക്ക് ഫോമിലേക്കും തിരിച്ചെത്താനുള്ള അവസരമാണ് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര. ബ്രിജ്ടൗണിലെ കെന്‍സിങ്ടന്‍ ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി 7 മുതലാണ് മത്സരം. ഫാന്‍കോഡ് ആപ്പിലും ഡിഡി സ്പോര്‍ട്സിലും തല്‍സമയം ആരാധകര്‍ക്ക് കാണാനാകും.ട്വന്റി20യിലെ ഉജ്വലഫോം ഏകദിനത്തില്‍ ആവര്‍ത്തിക്കാനാവാതെ പോകുന്ന സൂര്യകുമാര്‍ യാദവിനും ഋഷഭ് പന്തിന്റെയും കെ.എല്‍.രാഹുലിന്റെയും അസാന്നിധ്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പൊരുതുന്ന സഞ്ജു സാംസണും ഇഷന്‍ കിഷനുമെല്ലാം പരമ്പര നിര്‍ണായകമാണ്. ഓസ്ട്രേലിയയ്ക്കെതിരെ തുടരെ മൂന്നു മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ പിന്നീട് ഐപിഎലിലൂടെ ഫോം വീണ്ടെടുത്തെങ്കിലും ഏകദിന ടീമിലെ നാലാം നമ്പര്‍ സ്ഥാനത്ത് ശ്രേയസ് അയ്യരെ പിന്തള്ളി സ്ഥിരം സ്ഥാനം നേടണമെങ്കില്‍ മികച്ച പ്രകടനം തന്നെ വേണം. പരുക്കു മൂലം ശ്രേയസ് ഈ പരമ്പരയ്ക്കില്ല.രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഏറക്കുറെ ഉറപ്പിച്ച ഓപ്പണിങ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കണമെങ്കില്‍ ഋതുരാജ് ഗെയ്ക്വാദും കിട്ടുന്ന അവസരങ്ങളില്‍ അദ്ഭുതപ്രകടനം നടത്തേണ്ടി വരും. ബോളിങ്ങിലും ഇന്ത്യ ‘റൊട്ടേഷന്‍ പരീക്ഷണം’ നടത്തുമെന്നതിനാല്‍ ഉംറാന്‍ മാലിക്കിനും മുകേഷ് കുമാറിനുമെല്ലാം ഒരു കളിയിലെങ്കിലും അവസരം കിട്ടിയേക്കാം.
ഇതുവരെ 7 ഏകദിന മത്സരങ്ങള്‍ കളിച്ച ഉംറാന്‍ 13 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. റണ്‍സ് വഴങ്ങുന്ന പ്രശ്നം പരിഹരിച്ചാല്‍ ഇരുപത്തിമൂന്നുകാരന്‍ ഉംറാനും ഭാവി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാം. ഏകദിന ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ വിന്‍ഡീസിന് ആത്മാഭിമാനം വീണ്ടെടുക്കാനുള്ള അവസരമാണ് ഈ പരമ്പര.ഷിംറോണ്‍ ഹെറ്റ്മെയ്മറും ഒഷെയ്ന്‍ തോമസും തിരിച്ചെത്തുന്നതോടെ കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷായ് ഹോപ് നയിക്കുന്ന വിന്‍ഡീസ്. 2019 ഡിസംബറിന് ശേഷം വിന്‍ഡീസിന് ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഇതിനിടെ നേര്‍ക്കുനേര്‍വന്ന എട്ട് കളിയിലും ഇന്ത്യ ജയിച്ചു. ബാര്‍ബഡോസില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതുകൊണ്ടുതന്നെ ടോസ് നിര്‍ണായകം.ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം, ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മുഹമ്മദ് സിറാജ് നാട്ടിലേക്ക് തിരിച്ചു. അദ്ദേഹത്തിന് പകരം മുകേഷ് കുമാര്‍ ടീമില്‍ സ്ഥാനം പിടിച്ചേക്കും. നേരത്തെ, ടെസ്റ്റ് പരമ്പരയിലും മുകേഷ് അരങ്ങേറ്റം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…