ഗതാഗത സാക്ഷരതയില്‍ മലയാളി പുറകോട്ട് പോകരുതെന്നും,ഓരോ വ്യക്തികളും ഗതാഗത സാക്ഷരത നേടണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ‘സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത’പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടകുളങ്ങര ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന് ഉയര്‍ന്ന സാക്ഷരതാനിരക്കും ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതനിലവാരവും മികച്ച ആരോഗ്യ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച് ഇനിയും നാം ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതാണ്. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് ഗൗരവമായി പരിഗണിക്കും. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിനുള്ള അവബോധം എല്ലാവര്‍ക്കും ഉണ്ടാവണം. ഇതിന്റെ ഭാഗമായാണ് കേരള റോഡ് സുരക്ഷാ അതോറിറ്റിയും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും സംയുക്തമായി പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തുന്നത്.ഇതിനായി കേരളത്തിലെ 14 ജില്ലകളിലായുള്ള തെരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത എന്ന പേരിലുള്ള പദ്ധതിയിലൂടെ പരിശീലനം നടത്തുന്നതെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനപ്പെടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് കൈപ്പുസ്തകം തയ്യാറാക്കിയതായും ഇത് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പ്രസ്തുത പുസ്തകം പാഠ്യപദ്ധതിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് ആവശ്യമില്ല. ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.കേരള റോഡ് സുരക്ഷ അതോറിറ്റിയും, നാറ്റ്പാകും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌കൂളിലേക്ക് സുരക്ഷിത പാത പദ്ധതിയുടെ ലോഗോ പ്രകാശനവും, ഹാന്‍ഡ് ബുക്ക് പ്രകാശനവും മന്ത്രിമാരായ വി ശിവന്‍ കുട്ടിയും ആന്റണി രാജുവും സംയുക്തമായി നിര്‍വഹിച്ചു.ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍,മോട്ടോര്‍ വാഹന വകുപ്പ് അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ പി എസ്, കേരള റോഡ് സുരക്ഷ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി ഇളങ്കോവന്‍,കെ എസ് സി എസ് ടി ഇ നാറ്റ്പാക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു, ഹെഡ്മിസ്ട്രസ് നസീമ എസ്. വി എസ് സഞ്ജയ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…