കടകംപള്ളി സുരേന്ദ്രന്‍
സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി

അറുപത്തഞ്ചാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം 2018 നവംബര്‍ 14 മുതല്‍ 20 വരെ രാജ്യത്താകമാനം നടക്കുകയാണ്. 2018 ആഗസ്റ്റ് മാസം കേരളം നേരിട്ട സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ വര്‍ഷവും സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്ന രീതിയിലുള്ള വര്‍ണശബളമായ ആഘോഷങ്ങള്‍ ഈ വര്‍ഷം വേണ്ട എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. എന്നിരുന്നാലും വാരാഘോഷത്തിന്റെ അന്തസത്ത ചോര്‍ന്ന് പോകാതെ ഇക്കാലയളവില്‍ വിപുലമായ ആശയപ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിയണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. സഹകരണ വാരാഘോഷം അഖിലേന്ത്യാ തലത്തില്‍ മുന്നോട്ട് വച്ചിട്ടുള്ള പ്രധാന ചര്‍ച്ചാ വിഷയം ‘ഗ്രാമീണമേഖലയുടെ അഭിവൃദ്ധിക്ക് സമഗ്ര വളര്‍ച്ചയും സദ്ഭരണവും സഹകരണ സംഘങ്ങളിലൂടെ’ (Inclusive Growth and Good Governence through Co-operatives for Rural Prosperity) എന്നതാണ്. ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയങ്ങള്‍ സമഗ്രമായ വളര്‍ച്ച, സദ്ഭരണം, ഗ്രാമീണ മേഖലയുടെ അഭിവൃദ്ധി എന്നിവയെല്ലാം സഹകരണ മേഖലയിലൂടെ ആര്‍ജ്ജിക്കുക എന്നതാണ്.

സമഗ്രമായ വളര്‍ച്ച അഥവാ സര്‍വ്വാശ്ലേഷിയായ വളര്‍ച്ച (Inclusive Growth) എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹികവും, സാമ്പത്തികവും പാരിസ്ഥിതികവുമായി സ്ഥിരത കൈവരിച്ച വളര്‍ച്ചയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് കാണാം. സാമൂഹിക- സാമ്പത്തിക അസമത്വങ്ങള്‍ വളരെ കുറവുള്ള പാരിസ്ഥിതിക അവബോധമുള്ള ഒരു സമൂഹസൃഷ്ടി ഒരു പരിധി വരെ സാധ്യമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരള മോഡല്‍ വികസനം എന്നതിന്റെ അടിത്തറ രൂപപ്പെട്ടതുതന്നെ ഇത്തരമൊരു വികസന സമീപനത്തിന്റെ ഭാഗമായാണ്. ഭൂപരിഷ്‌കരണ നിയമം, സാര്‍വത്രികമായ ഉപഭോക്തൃ വിതരണ സംവിധാനം, വിദേശ രാജ്യങ്ങളിലെ തൊഴില്‍ മേഖലകളിലേക്ക് ആകര്‍ഷിക്കപ്പെട്ട കേരളത്തിന്റെ മനുഷ്യ വിഭവശേഷി സ്വരുക്കൂട്ടിയ മിച്ചധനം എന്നിവയോടൊപ്പം കേരളത്തിലെ സഹകരണമേഖല സര്‍വ്വതോന്മുഖമായ മേഖലയില്‍ കൈവരിച്ച വളര്‍ച്ചയും വികാസവും നമ്മുടെ ജനതയുടെ ജീവതനിലവാരം ഉയര്‍ത്തുന്നതിലും ജനങ്ങള്‍ക്കിടയില്‍ തുല്യത ഉറപ്പാക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

2018 ഫെബ്രുവരിയില്‍ കണ്ണൂരില്‍ നടന്ന എട്ടാമത് സഹകരണ കോണ്‍ഗ്രസ് സമഗ്രമായ ഒരു സഹകരണ നയം രൂപപ്പെടുത്തുകയുണ്ടായി. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഈ നയം അംഗീകരിച്ചു. സഹകരണ നയത്തിന്റെ കാതല്‍ എന്നത് കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ചയാണ്. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ജനജീവിതത്തിന്റെ സമസ്ത മേഖലയേയും സ്പര്‍ശിച്ചുകൊണ്ട് തയ്യാറാക്കിയ സംസ്ഥാനസഹകരണ നയം ഇത്തരത്തില്‍ രാജ്യത്ത് ആദ്യത്തേതാണ്.

സഹകരണമെന്ന ആശയത്തിന്റെ ആവിര്‍ഭാവം തന്നെ സദ്ഭരണത്തിലൂന്നിയുള്ളതാണ്. ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടിയും എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നു. ഈ പാരസ്പര്യം തന്നെയാണ് സഹകരണ ജനാധിപത്യം. സഹകരണസംഘങ്ങളുടെ രൂപീകരണം, വളര്‍ച്ച, തീരുമാനങ്ങളെടുക്കുന്നതിലെ പങ്കാളിത്തം എന്നിവയെല്ലാം ആ സംഘങ്ങളിലെ അംഗങ്ങളില്‍ ഒരേ പോലെ നിക്ഷിപ്തമാണ്. സംഘങ്ങളിലൂടെ ജീവനോപാധികളുടെ വികസനം, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കല്‍ എന്നിവയെല്ലാം സാധ്യമാകുമ്പോള്‍ സദ്ഭരണത്തിന്റെ ഗുണഫലം അതിന്റെ യഥാര്‍ത്ഥ അവകാശികളില്‍ എത്തുന്നു.

ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് ഭൂരിപക്ഷ ജനതയെ പട്ടിണിയില്‍ നിന്നും മോചിപ്പിക്കുന്നതിന് സ്വാതന്ത്ര്യാനന്തര ആസൂത്രണ പ്രക്രിയയില്‍ ഗണനീയമായ സ്ഥാനമാണ് സഹകരണ പ്രസ്ഥാനത്തിനുണ്ടായിരുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ച വ്യത്യസ്ത രീതിയിലായിരുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സഹകരണ മേഖല വളരെയേറെ മെച്ചമാണെന്ന് കാണാം. മെച്ചപ്പെട്ട ഈ സംവിധാനത്തിന് കാരണം അതിന്റെ ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കാലാകാലങ്ങളില്‍ ഇവിടുത്തെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചു എന്നതാണ്. ഇന്ന് ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും നമുക്ക് സഹകരണ സംഘങ്ങളുണ്ട്. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ വീടുകളിലും സഹകരണമേഖലയുടെ സാന്നിധ്യമുണ്ട്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങളെ കണ്ണിചേര്‍ത്തുകൊണ്ട് സഹകരണ ഭരണ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഓരോ പൗരനിലേക്കും ഈ മേഖലയെ കൂടുതലായി അടുപ്പിച്ചു നിര്‍ത്താന്‍ കഴിയും. കേരളത്തിലെ സഹകരണ മേഖലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഈ വിധമാകണമെന്നതാണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

സഹകരണ സംഘങ്ങളിലൂടെ ഗ്രാമീണ മേഖലയുടെ അഭിവൃദ്ധി എന്ന അടിസ്ഥാന കാഴ്ചപ്പാട് ഒരുപാട് ദൂരം പിന്നിട്ട ഒരു സംസ്ഥാനമാണ് കേരളം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തില്‍ സഹകരണ പ്രസ്ഥാനം വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. അടിവേരുകള്‍ ശക്തമായതിനാല്‍ ഈ പ്രസ്ഥാനത്തിനുനേരെ ഉയരുന്ന ഭീഷണികള്‍ അനായാസം തരണം ചെയ്യാന്‍ നമുക്ക് കഴിയുന്നുണ്ട്. 2016 നവംബര്‍ 8-ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനമെന്ന വങ്കത്തരം ഈ പ്രസ്ഥാനത്തെ കടപുഴക്കുമെന്ന് കണക്കുകൂട്ടിയവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നാം വളരെ വേഗം അതിനെ അതിജീവിച്ചു. സഹകരണ വായ്പാ മേഖല കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. സഹകരണ നിക്ഷേപവും വായ്പയും ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചു. ഈ മേഖലയോട് കേരള സമൂഹം കാത്തു സൂക്ഷിക്കുന്ന വിശ്വാസം അത്രമേല്‍ തീവ്രമാണെന്ന് ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു.

സഹകരണ ബാങ്കിംഗ് മേഖലയോടുള്ള ജനവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ‘കേരള ബാങ്ക്’ എന്ന സങ്കല്‍പം രൂപപ്പെടുന്നത്. ഇടതുജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ ഇത് ഒരു വാഗ്ദാനമായി ഇടം പിടിച്ചു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ഉടനെ കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വിദഗ്ദ്ധ പഠനങ്ങളും പ്രവര്‍ത്തനങ്ങളും നടത്തി. ഇതേ തുടര്‍ന്ന് 2018 ഒക്ടോബര്‍ മാസം നമുക്ക് ‘കേരള ബാങ്ക്’ രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്നും ഉപാധികളോടെ അനുമതി ലഭിച്ചു. റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ചിട്ടുള്ള ഉപാധികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. 2019 മാര്‍ച്ച് 31 നകം നമുക്ക് ഈ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. കേരള ബാങ്ക് എന്ന ആശയത്തെ കേരള ജനത വളരെ നല്ല രീതിയില്‍ സ്വീകരിച്ചതായാണ് മനസിലാക്കുന്നത്. ചില ഒറ്റപ്പെട്ട രാഷ്ട്രീയ എതിര്‍പ്പുകള്‍ ഒഴിച്ചാല്‍ കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാത്ത ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭിക്കുന്ന ഒരു ബാങ്കാണ് നമ്മുടെ ലക്ഷ്യം. ഇതില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും വിദേശനാണ്യ വിനിമയം ഉള്‍പ്പെടെ നമ്മുടെ വീട്ടുമുറ്റത്ത് എത്താന്‍ കഴിഞ്ഞാല്‍ അത് സഹകരണ ബാങ്കിംഗ് ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാവും. കേരള ബാങ്ക് രൂപീകരണത്തിന് പിന്നില്‍ യാതൊരുവിധ നിക്ഷിപ്ത താല്‍പര്യങ്ങളോ നിഗൂഢ അജണ്ടകളോ ഇല്ല. കേരള ജനതയുടെ നന്മയും വളര്‍ച്ചയും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിയും മാത്രമാണ് ലക്ഷ്യം.

നമ്മുടെ സംസ്ഥാനത്ത് ഒരു പ്രശ്‌നം രൂപപ്പെടുമ്പോള്‍ അതിനെ മറികടക്കാന്‍ ഏറ്റവും ഉചിതമായ ഉപാധിയായി സഹകരണ പ്രസ്ഥാനം ഇന്ന് മാറിക്കഴിഞ്ഞു. ഉപഭോക്തൃ മേഖലയില്‍ വിലക്കയറ്റം രൂക്ഷമായ സമയത്തെല്ലാം സഹകരണ മേഖല ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പൊതുവിപണിയുടെ ചലനങ്ങളെ നിയന്ത്രിക്കാന്‍ സുശക്തമായ ഒരു സംവിധാനം നമ്മള്‍ രൂപപ്പെടുത്തി. കേരള ജനതയുടെ പൊതുജീവിതനിലവാരം ഉയര്‍ത്തി നിര്‍ത്തുന്നതില്‍ ഗണനീയമായ പങ്ക് വഹിക്കുന്ന സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍ ഈ പ്രസ്ഥാനത്തിലൂടെ അര്‍ഹരുടെ വീടുകളിലെത്തിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കങ്ങളില്‍ പിന്തുണ നല്‍കി. കേരളം നേരിട്ട സമാനതകളിലാത്ത പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിന് മുന്നണിയില്‍ പ്രവര്‍ത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തി. അവശ്യ വസ്തുക്കളെത്തിച്ചു. സംഘങ്ങളുടെ പൊതുനന്മാ ഫണ്ട് വിനിയോഗിച്ചു. ജീവനക്കാരുടെ പ്രയത്‌നവും ശമ്പളവും നല്‍കി. കേരള പുനര്‍ നിര്‍മ്മാണത്തിനായി കെയര്‍ കേരള (Co-operative Alliance to Rebuild Kerala) എന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ പലിശ രഹിത വായ്പകള്‍ നല്‍കി. കേരളത്തില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട 16000 കുടുംബങ്ങളില്‍ 4000 കുടുംബങ്ങള്‍ക്ക് സഹകരണ മേഖലയിലൂടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ എല്ലാവിധ നടപടിക്രമങ്ങളും പൂര്‍ത്തിയായി. സര്‍ക്കാര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള ഒരു മഹാപ്രസ്ഥാനമായി സഹകരണ മേഖല മാറിക്കഴിഞ്ഞു. നമ്മുടെ സംസ്ഥാനം എങ്ങനെ സഹകരണ പ്രസ്ഥാനത്തിലൂടെ ഗ്രാമീണ മേഖലയുടെ അഭിവൃദ്ധി ഉറപ്പ് വരുത്തുന്നു എന്നതിനുള്ള മികച്ച ഉദാഹരണങ്ങളാണ് ഇവയെല്ലാം. ചുരുക്കത്തില്‍, സമൂഹത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ സഹകരണ പ്രസ്ഥാനത്തിന് ഈ വിഷയത്തില്‍ എന്തു ചെയ്യാനാകും എന്ന ചോദ്യത്തിന് പകരം സഹകരണ പ്രസ്ഥാനത്തിന് ഏതൊരു പ്രശ്‌നത്തിലും എന്താണ് ചെയ്യാന്‍ കഴിയാത്തത് എന്ന തരത്തിലേക്ക് കേരള ജനതയുടെ പൊതുബോധത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് രണ്ടരവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ ഈ മേഖലയിലെ ഏറ്റവും വലിയ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…