Kerala Pranamam

അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

ന്യൂഡല്‍ഹി : അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ ഷെല്‍ കമ്ബനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്ബനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ്ബ്യൂറോ. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരെ നടപടി എടുക്കാത്തതെന്നും സുപ്രീംകോടതി ഇടപെടണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ‘ഒപാക്’ മൗറീഷ്യസ് വഴിയാണ് പങ്കാളികള്‍ ഫണ്ട് ചെയ്യുന്നതെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് (ഒസിസിആര്‍പി) ഒരു ലേഖനത്തിലൂടെ പുറത്തുവിട്ടിരുന്നു. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ്. അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുമായി അടുത്ത ബന്ധമുളള നാസര്‍ അലി ശഹബാന്‍ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവര്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ ആരോപണം. അദാനി കുടുംബത്തിന്റെ ദീര്‍ഘകാല ബിസിനസ്സ് പങ്കാളികളാണ് ഇവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദാനി കുടുംബവുമായി അടുത്ത ബന്ധമുളള നാസര്‍ അലി ഷെഹ്ബാന്‍ ആഹ്ലി, ചാങ് ചങ്-ലിങ് എന്നിവരുടെ കമ്ബനികള്‍ വഴി അദാനി ഗ്രൂപ്പ് ഓഹരികളില്‍ 2013-18 കാലയളവില്‍ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒ.സി.സി.ആര്‍.പിയുടെ ആരോപണം .