റിയാദ്: സഹകരണം, വികസനം എന്നിവ മുന്‍നിര്‍ത്തി റിയാദില്‍ നടക്കുന്ന അറബ്-ചൈന ഉച്ചകോടി ബന്ധങ്ങള്‍ക്ക് വലിയ ആക്കം കൂട്ടുകയും അറബ്, ചൈനീസ് പക്ഷങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബുല്‍ ഗെയ്ത്.ഈ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനായി ഉച്ചകോടികള്‍ ആവര്‍ത്തിക്കുകയും വേണം. ആഗോള സാമ്ബത്തിക വ്യവസ്ഥയില്‍ അറബ് മേഖലയുടെ മുന്‍തൂക്കം പ്രതിഫലിപ്പിക്കുന്ന ചരിത്രസംഭവമാണ് ഉച്ചകോടിയെന്ന് അദ്ദേഹം വിലയിരുത്തി. തുടര്‍ച്ചയായ ആഗോള പ്രതിസന്ധികള്‍ക്കും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കും സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും പരിഹാരം തേടാനും ഉച്ചകോടി സഹായിക്കും.അതിന് കൂടുതല്‍ ആശയവിനിമയങ്ങളും ആവശ്യമാണ്. ജനസമൂഹങ്ങള്‍ക്കു മേലുള്ള പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ഫലപ്രദമായ ബദല്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സംയുക്ത പ്രവര്‍ത്തനത്തിന് ഉച്ചകോടി വഴിതെളിക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ പ്രത്യാശിച്ചു. ‘ചൈന അറബ് സ്റ്റേറ്റ്‌സ് ഫോറം’പുതിയ വഴിത്തിരിവുകള്‍ക്ക് സഹായിച്ചിട്ടുണ്ടെന്നും ഇരുപക്ഷത്തിനും ഇപ്പോള്‍ വിവിധ രാഷ്ട്രീയ, സാമ്ബത്തിക, സാംസ്‌കാരിക, മാധ്യമ, വികസന മേഖലകളില്‍ 20ലധികം സഹകരണ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു കക്ഷികളും തമ്മിലുള്ള സാമ്ബത്തിക ബന്ധം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.ഫോറം സ്ഥാപിക്കുന്ന സമയത്ത് ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് ഏകദേശം 3,600 കോടി ഡോളറില്‍ നിന്ന് 2021ല്‍ ഏകദേശം 33,000 കോടി ഡോളറായി ഉയര്‍ന്നു. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ അറബ് പക്ഷവും ചൈനയും അതിനെ നേരിടാനുള്ള സംയുക്ത ശ്രമങ്ങള്‍ നടത്തിയ കാര്യം അബുല്‍ ഗെയ്ത് അനുസ്മരിച്ചു.അതിനിടെ, ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശന പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ രാഷ്ട്ര നേതാക്കള്‍ റിയാദിലെത്തിത്തുടങ്ങി. വ്യാഴാഴ്ച കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, കുവൈത്ത് കിരീടാവകാശി ശൈഖ് മിശാല്‍ അഹ്‌മദ് അല്‍-ജാബിര്‍ എന്നിവരെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…