തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൂജാരിയായ 69-കാരനെ മക്കള്‍ സമാധിപീഠത്തില്‍ അടക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. അതിനിടെ ദുരൂഹതയകറ്റാനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ഇതിനായി കളക്ടറുടെ അനുമതി തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയാകും കളക്ടറുടെ ഉത്തരവുണ്ടാവുകയെന്നാണ് വിവരം.

നെയ്യാറ്റിന്‍കര ആറാലുംമൂട് ചന്തയ്ക്ക് എതിര്‍വശം കാവുവിളാകം കൈലാസനാഥ ക്ഷേത്രം സ്ഥാപകന്‍ കാവുവിളാകം സിദ്ധന്‍വീട്ടില്‍ മണിയന്‍ എന്ന ഗോപന്‍ സ്വാമി(69)യുടെ മരണത്തിലാണ് നാട്ടുകാര്‍ സംശയമുന്നയിക്കുന്നത്. ഗോപന്‍ സ്വാമി കുറച്ചുനാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍ സ്വാമി സമാധിയായെന്നുകാട്ടി മക്കള്‍ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചു. അപ്പോള്‍ മാത്രമാണ് ഇദ്ദേഹം മരിച്ചെന്ന വിവരം നാട്ടുകാരറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഗോപന്‍ സ്വാമി തന്റെ സമാധിപീഠം നേരത്തെ തയ്യാറാക്കിയിരുന്നതായാണ് മക്കള്‍ പറയുന്നത്. നേരത്തെ തയ്യാറാക്കിയ കോണ്‍ക്രീറ്റ് അറയ്ക്കുള്ളിലേക്ക് ഗോപന്‍ സ്വാമി സ്വയം നടന്നെത്തി ഇരുന്നതായും അവിടെവെച്ച് സമാധിയായെന്നുമാണ് ഇവരുടെ വാദം. അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് താന്‍ കണ്ടെന്നും ഇതിനുശേഷമാണ് കോണ്‍ക്രീറ്റ് പാളി ഉപയോഗിച്ച് സമാധിപീഠത്തിലെ അറ അടച്ചതെന്നും അതിനുമുമ്പായി അറയ്ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങള്‍ നിറച്ചെന്നും മകന്‍ പറഞ്ഞിരുന്നു.
നിലവില്‍ സമാധിപീഠം സ്ഥിതിചെയ്യുന്ന സ്ഥലം പോലീസ് സീല്‍ചെയ്തിരിക്കുകയാണ്. അതേസമയം, ഗോപന്‍ സ്വാമി ഏതാനും നാളുകളായി കിടപ്പിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിന് സമീപത്തെ ക്ഷേത്രം ഗോപന്‍ സ്വാമി തന്നെ പണികഴിപ്പിച്ചതാണ്. ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഇതിനിടെയാണ് ഗോപന്‍ സ്വാമി സമാധിയായെന്ന ബോര്‍ഡ് വീടിന് മുന്നില്‍ സ്ഥാപിച്ചതെന്നും അപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…