ആരോപണങ്ങളെയും വിമർശനങ്ങളെയും സമചിത്തതയോടെ നേരിടുമ്പോഴാണ് ഒരു സർക്കാർ വിജയിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി ആരോപണങ്ങൾക്ക് മുന്നിൽ കാലിടറുന്ന അവസ്ഥയിലാണ് ഇടതുപക്ഷ സർക്കാരും അതിന് നേതൃത്വം നൽകുന്ന സിപിഎമ്മും. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദ സന്ദേശത്തെ ന്യായീകരിച്ചുകൊണ്ട് സിപിഎം അതിന്റെ പിന്നാലെ കൂടിയത്. ജയിലിൽ കഴിയുന്ന കുറ്റവാളിയായ സ്വപ്‌ന സ്വരക്ഷയ്ക്കായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കി മാറ്റാം എന്ന സമ്മർദ്ദം അന്വേഷണ ഏജൻസി നടത്തിയെന്നാണ്. കള്ളക്കടത്തിലോ, കോഴ ഇടപാടിലോ പങ്കില്ലാത്ത മുഖ്യമന്ത്രിയെയും ഓഫീസിനെയും കേസിൽ ഉൾപ്പെടുത്താനായി അന്വേഷണ ഏജൻസി അത്തരം ഒരു ഗൂഢാലോചന നടത്തിയാൽ തന്നെ അത് നിയമത്തിന്റെ മുന്നിൽ നിലനിൽക്കുമോ? കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന ഏതൊരു പ്രതിയും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പേര് തന്നോടൊപ്പം വലിച്ചിഴയ്ക്കാനും അതുവഴി രക്ഷപ്പെടാനും വഴി അന്വേഷിക്കുക സ്വാഭാവികമാണ്.
ക്രിമിനൽ പശ്ചാത്തലമുള്ള സ്വപ്‌നയുടെ ഈ വെളിപ്പെടുത്തൽ തൊണ്ട തൊടാതെ വിഴുങ്ങുന്ന അവസ്ഥയിലേക്കാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി യെച്ചൂരിയും സംസ്ഥാന സെക്രട്ടറിയേറ്റും എത്തിയത്. ഇത് അത്ഭുതകരമാണ്. ബിജെപിയോ, പ്രതിപക്ഷമോ ഉന്നയിക്കുന്ന ആരോപണങ്ങൾ പോലെയല്ല, കേസിൽ അകപ്പെട്ട ഒരു പ്രതി ജയിലിൽ കിടന്നുകൊണ്ട് ശബ്ദ സന്ദേശത്തിലൂടെ പുറത്തുവിട്ട അവിശ്വസനീയമായ ഈ വെളിപ്പെടുത്തൽ.
കേസ് അന്വേഷിക്കുന്ന ഏത് അന്വേഷണ ഏജൻസിയാണ്, എവിടെ വെച്ചാണ് ഇത്തരത്തിൽ മൊഴി പറയാൻ നിർബന്ധിച്ചത് എന്നുപോലും സന്ദേശത്തിൽ വ്യക്തമല്ല. അന്വേഷണ ഏജൻസികളെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു വെളിപ്പെടുത്തൽ അവരെ ഒരുതരത്തിലും ബാധിക്കുകയുമില്ല. അതേസമയം സംസ്ഥാനം ഭരിക്കുന്ന, ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ് ജയിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ. അവിടെ കിടന്നുകൊണ്ടാണ് ഇത്തരം ഒരു വെളിപ്പെടുത്തൽ പ്രതി സ്വപ്‌ന നടത്തിയിരിക്കുന്നത്. സന്ദേശം വിവാദമായി മാറുമ്പോൾ അതിന്റെ പാപഭാരവും വന്ന് പതിക്കുക മുഖ്യമന്ത്രിയുടെ മുകളിലാണ്. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും എന്ന പഴഞ്ചൊല്ല് അനുഭവം കൊണ്ടുപോലും സർക്കാർ പഠിക്കുന്നില്ല എന്നുവേണം കരുതാൻ.
ഭരണത്തിന്റെ തുടക്കത്തിൽ അഴിമതിക്കെതിരെ മഞ്ഞക്കാർഡും ചുവപ്പ് കാർഡുമായി രംഗത്തുവന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയേറ്റും എടുത്ത നിലപാടുകൾ മറക്കാറായിട്ടില്ല. ഒടുവിൽ അതേ ഉദ്യോഗസ്ഥൻ സർക്കാരിന് വൻ തലവേദനയായി മാറി. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്ത് പുറത്തുനിർത്തേണ്ട ഗതികേടിലാണ് സർക്കാർ എത്തിച്ചേർന്നത്. ആ അനുഭവത്തിൽ നിന്ന് സർക്കാർ ഒരുകാര്യവും പഠിച്ചില്ല. അതിനു പിന്നാലെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സർവ്വസ്വാതന്ത്ര്യവും അധികാരവും നൽകിയത്. അതിന്റെ ഫലമായിട്ടാണ് അദ്ദേഹം സ്വപ്‌ന അടക്കമുള്ള അവതാരങ്ങളെ സർക്കാരിന്റെ അകത്തളങ്ങളിൽ പ്രതിഷ്ഠിച്ചത്. സ്വപ്‌നയുമായി വഴിവിട്ട ബന്ധങ്ങൾ ശിവശങ്കറിനുണ്ടെന്ന് അറിഞ്ഞിട്ടുപോലും നടപടിയെടുത്തില്ല. സ്പ്രിംഗ്ലർ ഇടപാട് കാലത്ത് ഇതേ ഉദ്യോഗസ്ഥനെ എല്ലാത്തരത്തിലും സർക്കാർ ന്യായീകരിച്ചു. ഒടുവിൽ സ്വപ്‌നയും അതിനു പിന്നാലെ ശിവശങ്കറും പ്രതികളാക്കപ്പെടുകയും ജയിലിലാക്കപ്പെടുകയും ചെയ്തു. എന്നിട്ടും അവരെ പരസ്യമായി തള്ളിപ്പറയാനോ, അകലം പാലിക്കാനോ ഇടതുപക്ഷം തയ്യാറാവാത്തതാണ് വിചിത്രം. ഇത്രയും തിക്താനുഭവങ്ങൾ ഉണ്ടായിട്ടും സ്വപ്‌ന പുറത്തുവിട്ട ശബ്ദ സന്ദേശം കേന്ദ്ര ഏജൻസികളെ അടിക്കാനുള്ള വടിയായിട്ടാണ് സർക്കാർ കാണുന്നത്.
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ സർക്കാർ എടുത്ത നടപടികളും നിലപാടുകളും ഇതുപോലെ തിരിച്ചടികളാണ് ഉണ്ടാക്കിയത്. ഷോർട്ട് സർക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്ന് സർക്കാരിനെ സുഖിപ്പിക്കാൻ പറഞ്ഞ ഏജൻസികളെ വിശ്വസിച്ച് മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ പോലും സർക്കാർ തീരുമാനിച്ചു. ഫോറൻസിക് പരിശോധനയുടെ അന്തിമ ഫലം പുറത്തുവന്നപ്പോൾ അന്വേഷണ ഏജൻസികളുടെ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. വിശദമായ പരിശോധനകളിൽ ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞുകഴിഞ്ഞു. കേസ് കോടതിയിൽ എത്തിയ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.
രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ള ചില ഉദ്യോഗസ്ഥരും ഉപദേശകരുമാണ് സർക്കാരിന്റെ ശാപം. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തുകൊണ്ട് അവതാരങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഓഫീസിൽ തന്നെ അവതാരങ്ങൾ കടന്നുകൂടിയതിന്റെ വിലയാണ് സർക്കാരിന് കൊടുക്കേണ്ടിവന്നത്.
ബാർ കോഴ ഇടപാടും സോളാർ ആരോപണവും അതിനെതിരെ ഇടതുപക്ഷം നടത്തിയ ഐതിഹാസിക സമരങ്ങളുമാണ് പിണറായി സർക്കാരിനെ അധികാരത്തിലെത്തിച്ചത്. ഭരണം നാലുകൊല്ലം പിന്നിടുമ്പോൾ അത്തരം അഴിമതി കേസുകളിൽ പോലും നടപടിയെടുത്തില്ല എന്ന ചീത്തപ്പേരാണ് ഇപ്പോൾ സർക്കാരിനെ വേട്ടയാടുന്നത്. വൈകിയാണെങ്കിലും ചില നടപടികൾ എടുത്തിരിക്കുകയാണ് സർക്കാർ. പാലാരിവട്ടം പാലം കേസും ലീഗ് എംഎൽഎയുടെ നിക്ഷേപ തട്ടിപ്പും കെ.എം ഷാജിയുടെ കോഴ ഇടപാടും ഇവയിൽ ചിലത് മാത്രമാണ്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമുള്ളപ്പോൾ ഇനി ഈ കേസുകളുമായി സർക്കാരിന് എത്ര ദൂരം മുന്നോട്ടുപോകാൻ കഴിയും? വൈകിക്കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ് എന്നത് നമ്മുടെ നീതി വ്യവസ്ഥയുടെ ആപ്ത വാക്യമാണ്. അതുതന്നെയാണ് സംഭവിച്ചത്. വികസന പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നോട്ടുപോയെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചറിയാത്തതു കാരണം ലൈഫ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ പലതും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഇതിനെല്ലാം കാരണക്കാരനായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ പരസ്യമായി തള്ളിപ്പറയാൻ മുഖ്യമന്ത്രി ഇപ്പോഴും തയ്യാറായിട്ടില്ല. അന്വേഷണ ഏജൻസികൾ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരികയും ശിവശങ്കറിന്റെയും സ്വപ്‌നയുടെയും കുരുക്കുകൾ മുറുകുകയും ചെയ്യുമ്പോൾ സർക്കാരിന് ഇവരെ തള്ളിപ്പറയേണ്ടി വരും.
ചരിത്രപരമായ മറ്റൊരു വിഡ്ഢിത്തമാണ് കെ.എം മാണിയുടെ മകൻ ജോസ് മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിനെ ഇടതുമുന്നണിയിലേക്ക് എടുത്ത നടപടി. ഈ ഒരൊറ്റ നടപടിയിലൂടെ സർക്കാരിന് വിഴുങ്ങേണ്ടിവന്നത് ബാർ കോഴക്കേസും സോളാർ ആരോപണങ്ങളുമാണ്. ജോസ് മാണിയെ ഒഴിവാക്കിക്കൊണ്ട് ഈ കേസുകളിൽ മറ്റ് പ്രതികൾക്കു നേരെ നടപടിയെടുത്താൽ പൊതുസമൂഹം അത് ന്യായീകരിച്ചെന്നു വരില്ല. ഘടകകക്ഷികളുടെ പൂർണ്ണ സമ്മതത്തോടെയല്ല ജോസിനെയും കൂട്ടരെയും ഇടതുമുന്നണിയിലേക്ക് എടുത്തത്. സിപിഐയുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്നെ ഏറ്റുമുട്ടലിന്റെ വക്കത്താണ് ജോസിന്റെ പാർട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടതുമുന്നണി കണക്കുകൂട്ടിയ നേട്ടം ഈ ബാന്ധവം കൊണ്ട് ഉണ്ടായില്ലെന്ന് തെളിഞ്ഞാൽ എന്തുചെയ്യാൻ കഴിയും? അപ്പോഴേക്കും അസംബ്ലി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിയും.
വേണ്ടത്ര ഹോംവർക്കില്ലാതെ സർക്കാരും ഇടതുപക്ഷവും നടത്തിയ നീക്കങ്ങളാണ് വികസന പ്രവർത്തനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും തിളക്കം നഷ്ടപ്പെടുത്തുന്നത്. ഏറെ വൈകിയാണെങ്കിലും നേരത്തെ പറഞ്ഞ അവതാരങ്ങളെയും ഉപദേശകരെയും മാറ്റിനിർത്തിക്കൊണ്ട് സർക്കാരിനും പാർട്ടിക്കും മുന്നോട്ടുപോകാൻ കഴിയണം. മുഖ്യമന്ത്രി പറയും പോലെ മടിയിൽ കനമില്ലെങ്കിൽ എന്തിന് ഭയപ്പെടണം? വർദ്ധിതവീര്യത്തോടെ മുന്നോട്ടുപോകുക മാത്രമാണ് ഏക മാർഗ്ഗം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…