Kerala Pranamam

ആക്രമണത്തില്‍ പൊറുതിമുട്ടി ബംഗ്‌ളാദേശിലെ ഹിന്ദുക്കള്‍; സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു, അദ്ധ്യാപകരെ വധിക്കുന്നു, വീടുകള്‍ തീയിടുന്നു

ധാക്ക: രാജ്യത്തെ ഹിന്ദു സമൂഹത്തിന് നേരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്‌ളാദേശിലെ ഹിന്ദു വിഭാഗക്കാര്‍ രാജ്യത്താകമാനം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.ഹിന്ദു സമൂഹത്തിന്എതിരെ നടക്കുന്ന ആക്രമണങ്ങളിലും ഹിന്ദു അദ്ധ്യാപകര്‍ കൊല്ലപ്പെടുന്നതിലും സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതിനുമെതിരെ പ്രതിഷേധം ഇരമ്ബി.ബംഗ്‌ളാദേശിലെ വാര്‍ത്താ ഏജന്‍സിയായ സംഗ് ബാദ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലുളള പ്രതിഷേധത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചു. അതേസമയം രാജ്യത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് ബംഗ്‌ളാദേശ് ആഭ്യന്തരമന്ത്രി അസദുസമന്‍ ഖാന്‍ അറിയിച്ചിരുന്നു. ബംഗ്‌ളാദേശ് ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ രാജ്യത്തെ ആഭ്യന്തരമന്ത്രാലയത്തോട് ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം തടയുന്നതില്‍ വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘മതേതര രാജ്യത്തില്‍’ ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സംഘടന അറിയിച്ചു.മുസ്‌ളീം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു എന്നാരോപിച്ച് ബംഗ്‌ളാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഘടന ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂലായ് 15ന് നരായിയിലെ ലോഹാഗാരയില്‍ 18 വയസുകാരന്‍ ഫേസ്ബുക്കിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ജനക്കൂട്ടം ഈ പ്രദേശത്തെ ഹിന്ദു ഭവനങ്ങള്‍ തീവച്ചിരുന്നു. കൊളേജിലെ വിദ്യാര്‍ത്ഥിയായ ആകാശ് സാഹയാണ് പോസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. യുവാവ് ഒളിവിലാണെന്ന വിവരം ലഭിച്ചതോടെയാണ് ജനക്കൂട്ടം ആക്രമാസക്തമായി വീടുകളെല്ലാം തകര്‍ത്തത്.ഒരുകൂട്ടം ആളുകള്‍ ആക്രമണം നടത്തിയ ശേഷം വീട്ടിലെ സാധന സാമഗ്രികള്‍ കൊളളയടിച്ചതായി സ്ഥലത്തെ ഹിന്ദു വിഭാഗക്കാര്‍ പറയുന്നു. അല്‍പനേരം കഴിഞ്ഞ് മറ്റൊരുവിഭാഗം എത്തിയതായും വീടുകളില്‍ ഒന്നുമില്ലെന്ന് കണ്ട് തീയിട്ടതായും അനുഭവസ്ഥര്‍ പറയുന്നു.ആകാശിനെതിരെ ഡിജിറ്റല്‍ സെക്യൂരിറ്റി ആക്ട് അനുസരിച്ച് കേസെടുത്തേക്കും. അതേസമയം ആക്രമണം നടത്തിയവര്‍ക്കൈതിരെ കേസെടുത്തിട്ടില്ല.