ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യം ആദിത്യ എല്‍-1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ.245 കിലോമീറ്ററിനും 22459 കിലോമീറ്ററിനും ഇടയിലുള്ള ഓര്‍ബിറ്റിലാണ് പേടകം നിലവില്‍ സ്ഥിതി ചെയ്യുന്നത്. പേടകം നല്ലരീതിയില് പ്രവര്ത്തിക്കുന്നതായും ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു. സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നുമണിക്ക് രണ്ടാംഘട്ട ഭ്രമണപഥ ഉയര്‍ത്തല്‍ നടക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ട സതീഷ്ധവാന് സ്‌പേയ്‌സ് സെന്ററില്‌നിന്ന് ശനി 11.50 നായിരുന്നു ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യയുടെ വിക്ഷേപണം. എക്‌സ്എല്‍ ശ്രേണിയിലുള്ള പിഎസ്എല്‍വി സി 57 റോക്കറ്റാണ് പേടകവുമായി കുതിച്ചത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 365 ദിവസം വേണ്ടിവരും. അഞ്ച് വര്‍ഷമാണ് ദൗത്യ കാലാവധി. ആദ്യഭ്രമണ പഥത്തില്‍നിന്ന് പടിപടിയായി പഥം ഉയര്‍ത്തി 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയന്‍ പോയിന്റിലേക്കാണ് ഇനിയുള്ള യാത്ര. നാലുമാസം യാത്ര ചെയ്ത് ജനുവരി ആദ്യവാരം പേടകം ലക്ഷ്യത്തിലെത്തും.ഭൂമിക്കും സൂര്യനുമിടയില്‍ ഗുരുത്വാകര്‍ഷണബലം തുല്യമായ മേഖലയാണ് ഒന്നാം ലെഗ്രാഞ്ചിയന്‍ പോയിന്റ്. ഇവിടെ പ്രത്യേക പഥത്തില്‍ ഭ്രമണം ചെയ്ത് സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ലഭ്യമാക്കും. സൂര്യന്റെ കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരവാതങ്ങള്‍ തുടങ്ങിയവയെ സൂക്ഷ്മമായി നിരീക്ഷിക്കും. സൗരപ്രതിഭാസങ്ങള്‍ വഴി സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമിയെ ബാധിക്കുന്നതെങ്ങനെയെന്ന പഠനമാണ് ആദിത്യയുടെ ലക്ഷ്യം.