കോട്ടയം: ജയസാധ്യത വിലയിരുത്തി പാര്‍ട്ടികളും മുന്നണികളും കൂട്ടലും കിഴിക്കലും തുടരുന്നതിനിടെ പാലാ നിയമസഭ മണ്ഡലത്തില്‍ ആരോപണ-പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ഥികളായ ജോസ് കെ. മാണിയും മാണി സി. കാപ്പനും.ജോസിനെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത് കാപ്പനായിരുന്നു. ശക്തമായ വിമര്‍ശനവുമായി ജോസും തിരിച്ചടിച്ചു.കേരള കോണ്‍ഗ്രസിനും ജോസ് കെ. മാണിക്കും എതിരായ വികാരം തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പ്രധാന ചര്‍ച്ചവിഷയമായിരുന്നെന്നും അദ്ദേഹത്തെ പരാജയപ്പെടുത്തണമെന്ന ആഗ്രഹം പലരും പറഞ്ഞിരുന്നതായും കാപ്പന്‍ തുറന്നടിച്ചു. തനിക്കെതിരായ വിഷയമല്ല, ഗൗരവമായ രാഷ്ട്രീയമാണ് പാലാക്കാര്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്തതെന്നായിരുന്നു ജോസിന്റെ മറുപടി.
മാണി സി. കാപ്പന്‍
ജോസ് കെ. മാണിക്കെതിരായ വികാരമാണ് പാലായില്‍ ചര്‍ച്ചയായത്. അത് സമീപ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ദോഷംചെയ്യും. ജോസിനെ തോല്‍പിക്കണമെന്ന് പലരും തന്നോട് പറഞ്ഞു. ജോസിനെതിരായ വികാരം തനിക്ക് വോട്ടായി മാറി. അതിനാല്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും.തെരഞ്ഞെടുപ്പില്‍ സഭ നിഷ്പക്ഷമായിരുന്നു. അതും തനിക്ക് ഗുണംചെയ്യും. മനഃസാക്ഷിയുള്ള സി.പി.എം അംഗങ്ങള്‍ പോലും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടാകും. പാലാ നഗരസഭക്ക് പുറമെ തലപ്പലം, മേലുകാവ് പഞ്ചായത്തുകളില്‍ വന്‍ ഭൂരിപക്ഷം ലഭിക്കും. വോട്ടിനായി ജോസും കൂട്ടരും പലതും ചെയ്തു. എലത്തൂരില്‍ ശക്തമായ മത്സരമായിരുന്നു.
ജോസ് കെ. മാണി
മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് വിജയിക്കും. പാലായില്‍ തന്റെ വിജയം ഉറപ്പാണ്. എന്നാല്‍, ഭൂരിപക്ഷം പറയുന്നില്ല. പാലാക്കാരെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ല. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പാണ്.ഇടതുമുന്നണി സംസ്ഥാനത്ത് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാലായിലും കോട്ടയം ജില്ലയിലും ഒറ്റക്കെട്ടായിരുന്നു. എന്നാല്‍, യു.ഡി.എഫ് അങ്ങനെയായിരുന്നില്ല. ഇനി അഞ്ചുവര്‍ഷം യു.ഡി.എഫും കാപ്പനും എന്തുചെയ്യുമെന്ന് പറഞ്ഞില്ല. പറയാന്‍ മറ്റൊന്നും ഇല്ലാത്തതിനാലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ഒന്നും ചോരില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് കണ്ടതാണ്.പോളിങ് ശതമാനം കുറഞ്ഞെന്ന് കരുതുന്നില്ല. ഇടതുമുന്നണി നല്ല ആവേശത്തിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ എതിരാളികള്‍ തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയായിരുന്നു. ഇത് വ്യക്തിഹത്യയാണ്. വോട്ടിനായി താന്‍ പലതും ചെയ്‌തെന്ന് പറയുന്നു. അതിന്റെ ആവശ്യം തങ്ങള്‍ക്കില്ല.