Kerala Pranamam

ആശമാരുടെ വിഷയത്തില്‍ കുറേപേര്‍ രാഷ്ട്രീയം കളിക്കുന്നു’; രാജീവ് ചന്ദ്രശേഖര്‍

 

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. ആരോഗ്യമേഖലയിലെ മുന്‍ നിര പോരാളികളാണ് ആശമാര്‍, അവരെ 32 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരുത്തി സമരം ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിക്കുകയല്ലാതെ അവരെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കേരളാമോഡല്‍ പറഞ്ഞു നടക്കുന്നവര്‍ ശ്രമിക്കാത്തത് ശരിയായ കാര്യമല്ല. ചര്‍ച്ച നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കുറെ ആളുകള്‍ ആശാപ്രവര്‍ത്തകരുടെ സമരത്തില്‍ രാഷ്ടീയം കളിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ കുറച്ച് പ്രസ്താവനകള്‍ പറഞ്ഞിട്ട് കാര്യമില്ല സമരം ചെയ്യുന്നവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളുമാണ് കേള്‍ക്കേണ്ടത്. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശമാരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കേഴ്‌സ് സെക്രട്ടേറിയേറ്റിനു മുന്നില്‍ പൊങ്കാലയിട്ടു. ആരോഗ്യമന്ത്രിക്ക് നല്ല ബുദ്ധി തോന്നണമെന്ന പ്രാര്‍ത്ഥനയോടെയാണ് പൊങ്കാലയിട്ടതെന്ന് സമരക്കാര്‍ പരിഹസിച്ചു. സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമാണെന്നാണ് മന്ത്രി വീണാ ജോര്‍ജ് ആവര്‍ത്തിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പടെ നിരവധി പേര്‍ ഇന്നും സമരപന്തലിലെത്തി.
അതിനിടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി രംഗത്തെത്തി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവര്‍ മറച്ചുപിടിക്കുന്നു എന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.