Kerala Pranamam

ഉദ്ധവ് താകറെ വിമത നേതാവ് ഏകനാഥ് ഷിന്‍ഡയെ ശിവസേനയില്‍ നിന്ന് പുറത്താക്കി; സ്വന്തം പാര്‍ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി

മുംബൈ: സ്വന്തം പാര്‍ടിയില്‍ കലാപം സൃഷ്ടിച്ച് മഹാ വികാസ് അഘാഡി സര്‍കാരിനെ താഴെയിറക്കിയ ഏകനാഥ് ഷിന്‍ഡയെ ശിവസേനയില്‍ നിന്ന് പുറത്താക്കി.ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താകറെ വെള്ളിയാഴ്ചയാണ് ഷിന്‍ഡെയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയത്. ഏകനാഥ് ഷിന്‍ഡെ വിമതരുമായി ചേര്‍ന്ന് ശിവസേനയില്‍ കലഹം ഉണ്ടാക്കുകയും പുതിയ സര്‍കാര്‍ രൂപീകരിച്ച് മുഖ്യമന്ത്രിയാവുകയും ചെയ്ത ശേഷമാണ് നടപടി. ഇതോടെ സ്വന്തം പാര്‍ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ആയിരിക്കുകയാണ് ഷിന്‍ഡെ.’പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നു’ എന്ന് ഷിന്‍ഡെയ്ക്ക് അയച്ച കത്തില്‍ താകറെ ആരോപിച്ചു. ഷിന്‍ഡെ പാര്‍ടിയുടെ അംഗത്വവും ‘സ്വമേധയാ’ ഉപേക്ഷിച്ചു. അതിനാല്‍ ‘ശിവസേന അധ്യക്ഷനെന്ന നിലയില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച്, സംഘടന നേതാവിന്റെ സ്ഥാനത്ത് നിന്ന് നിങ്ങളെ നീക്കം ചെയ്യുന്നു,’ എന്നും കത്തില്‍ പറയുന്നു.ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഉത്തരവിട്ട വിശ്വാസവോടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 29 ന് സേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യസര്‍കാരിന് നേതൃത്വം നല്‍കിയ താകറെ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. 55 സേന എംഎല്‍എമാരില്‍ 39 പേരും ഷിന്‍ഡെയുടെ പാളയത്തില്‍ ഉള്‍പെട്ടതോടെ സര്‍കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.
നേരത്തെ 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കാനും ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നും നീക്കാനും സേന ആവശ്യപ്പെട്ടിരുന്നു. മറുവശത്ത്, തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ തങ്ങളുടെ ഗ്രൂപാണ് നിയമസഭയിലെ യഥാര്‍ഥ ശിവസേനയെന്ന് ഷിന്‍ഡെ ക്യാംപ് അവകാശപ്പെട്ടു.അയോഗ്യതാ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഷിന്‍ഡെ ഉള്‍പെടെയുള്ള 16 വിമത എംഎല്‍എമാരെയും നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേന ചീഫ് വിപ് സുനില്‍ പ്രഭു നല്‍കിയ ഹര്‍ജി ജൂലൈ 11 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച അറിയിച്ചു.ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം, പ്രഭു തന്നെയും 15 വിമതരെയും വിവിധ കാരണങ്ങളാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു, അവര്‍ ‘ബിജെപിയുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നു, അതുവഴി ഭരണഘടനാവിരുദ്ധമായ കൂറുമാറ്റം നടത്തിയെന്നും ‘ അദ്ദേഹം ആരോപിച്ചു.