അസത്യം ആയിരം വട്ടം ആവർത്തിച്ചാൽ സത്യമായി മാറും എന്ന ഗീബത്സ്യന്റെ തന്ത്രം പയറ്റുകയാണ് സർക്കാർ. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തുടക്കം മുതൽ മുഖ്യമന്ത്രിയും ഇടതുപക്ഷവും പറഞ്ഞ കാര്യങ്ങളെല്ലാം അസത്യമാണെന്ന് തെളിയുകയാണ് ഓരോ ദിവസവും. നയതന്ത്ര കള്ളക്കടത്തിലെ പ്രധാന പ്രതിയായ സ്വപ്‌നയെ വിവാദ നായിക എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്ക് അവരെ അറിയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ എൻഐഎ അന്വേഷണം പുരോഗമിക്കും തോറും മുഖ്യമന്ത്രിയുടെ ഓഫീസുമായും ശിവശങ്കറുമായും മാത്രമല്ല, സാക്ഷാൽ മുഖ്യമന്ത്രിയുമായി പോലും സ്വപ്‌നയ്ക്ക് അടുപ്പമുണ്ടെന്നാണ് തെളിയുന്നത്. എൻഐഎയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നിരത്തിയ വാദമുഖങ്ങൾ സർക്കാരിന്റെ എല്ലാ നിലപാടുകളെയും തള്ളിക്കളഞ്ഞിരിക്കുകയാണ്.
സ്വപ്‌ന സുരേഷ് നൽകിയ മൊഴി അനുസരിച്ച് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ അടുത്ത സുഹൃത്തും മെന്ററുമാണ്. ശിവശങ്കറിന് നയതന്ത്ര കള്ളക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നു. പക്ഷേ അദ്ദേഹം കേസിൽ ഇടപെട്ടില്ലെന്നാണ് സ്വപ്‌നയുടെ മൊഴി. ബാഗേജ് വിട്ടുകിട്ടാൻ ശുപാർശ നടത്തിയില്ല എന്ന് സ്ഥാപിക്കാനാണ് ഇത്തരം ഒരു മൊഴി നൽകിയത്. കള്ളക്കടത്ത് നടത്തുന്നതുപോലെ തന്നെ ഗുരുതരമായ ഒരു കുറ്റമാണ് അത് അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുന്നത്. ശിവശങ്കറാകട്ടെ, ഒരു സാധാരണ പൗരനല്ല. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരിക്കുമ്പോഴാണ് നയതന്ത്ര ബാഗേജ് കള്ളക്കടത്ത് അരങ്ങേറിയത്. എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ബന്ധപ്പെട്ടവർക്ക് വിവരം കൈമാറാനോ, അത് തടയാനോ ശ്രമിച്ചില്ല എന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് അതീവ ഗുരുതരമായ കുറ്റമാണ്.
സ്വർണ്ണക്കള്ളക്കടത്ത് കേസ് രാജ്യദ്രോഹക്കുറ്റമായിട്ടാണ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന കള്ളക്കടത്താണ് നിരന്തരമായി യുഎഇ നയതന്ത്ര മാർഗ്ഗത്തിലൂടെ അരങ്ങേറിയത്. ഇത്തരത്തിൽ ലഭിച്ച കോടിക്കണക്കിന് രൂപ തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു. കൈവെട്ട് കേസിലെ പ്രതി അടക്കം പിടിയിലായതോടെ ദുബായ് കേന്ദ്രീകരിച്ചും കേരളത്തിലും വേരുകളുള്ള തീവ്രവാദ സംഘങ്ങളിലേക്കാണ് അന്വേഷണം എത്തിനിൽക്കുന്നത്.
കേരള ചരിത്രത്തിൽ ഇത്തരം ഒരു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്നത് ആദ്യമായാണ്. മുഖ്യ പ്രതിയായ സ്വപ്‌ന ഐടി വകുപ്പിലെ സ്‌പേസ് പാർക്കിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്നു. ഇവരെ നിയമിച്ചതാകട്ടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ. സ്വപ്‌ന അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഇവരുടെ നിയമനത്തെക്കുറിച്ചോ, അവരെക്കുറിച്ചോ തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. അതിന് പിന്നാലെയാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയതും 12ാം ദിവസം ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തതും. ആ ഘട്ടത്തിലും വിവാദ നായിക എന്ന് മാത്രമാണ് പ്രധാന പ്രതിയായ സ്വപ്‌നയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എൻഐഎയുടെ കണ്ടെത്തൽ അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായും മുഖ്യമന്ത്രിയുമായും ശിവശങ്കറുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും സ്വപ്‌നയ്ക്ക് മോശമല്ലാത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കോടതിയിൽ സോളിസിറ്റർ ജനറൽ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് മറച്ചുവച്ച ഐഎഎസ് ഉദ്യോഗസ്ഥൻ. കള്ളക്കടത്ത് സംഭവങ്ങൾ പുറത്തുവന്നപ്പോൾ പ്രതിയായ സ്വപ്‌നയെ അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന് ആർക്കും വിശ്വസിക്കാനാവില്ല. കള്ളം പറയുന്നത് മുഖ്യമന്ത്രിയാണോ, ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയാണോ? രണ്ടായാലും ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.
ഭരണത്തിന്റെ സിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കള്ളക്കടത്തുകാരിയുടെ കേന്ദ്രമായി മാറുക. അവരുടെ പരിശീലകനായി മുഖ്യമന്ത്രിയുടെ സെക്രട്ടറി അധഃപതിക്കുക. ഓഫീസിനകത്ത് നടന്ന കാര്യങ്ങളൊന്നും അറിയാതെ പോയ ഒരു മുഖ്യമന്ത്രി. കേരളം ഭരിച്ച മറ്റൊരു മുഖ്യമന്ത്രിക്കും ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല.
ബിജെപിയും പ്രതിപക്ഷവും തുടക്കം മുതൽ ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നും ശരിവയ്ക്കുകയാണ് എൻഐഎയുടെ അന്വേഷണം. ഈ സ്ഥിതി തുടർന്നാൽ നാലാം വട്ടം ചോദ്യം ചെയ്യപ്പെടുന്നതോടെ ശിവശങ്കർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകുമോ? ശിവശങ്കറിനെ മാറ്റി നിർത്തിയപ്പോഴും സസ്‌പെന്റ് ചെയ്തപ്പോഴും പാർട്ടി സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രിയും പറഞ്ഞത് ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നാണ്. പാർട്ടി സെക്രട്ടറിക്ക് അങ്ങനെ പറഞ്ഞ് ഒഴിയാം. മുഖ്യമന്ത്രിയുടെ സ്ഥിതി അതാണോ?
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ജനങ്ങളോട് ഒരു ധാർമ്മിക ബാധ്യതയില്ലേ? സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണം എന്ന് ഹൈക്കോടതി ജഡ്ജി പരാമർശിച്ചപ്പോൾ മന്ത്രിയായിരുന്ന കെഎം മാണി രാജിവച്ചു. അന്ന് പ്രതിപക്ഷത്തായിരുന്ന പിണറായിയും കോടിയേരിയും മാണിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബാർ കോഴ ഇടപാടിനെക്കാൾ അതീവ ഗുരുതരമായ കുറ്റമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരെയും ശിവശങ്കറിനെതിരെയും ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിയാലും ഭയമില്ല എന്നാണ് തുടക്കത്തിൽ അദ്ദേഹം പറഞ്ഞത്. വേണമെങ്കിൽ എന്റെ ഓഫീസിലേക്കും എൻഐഎ വന്നോട്ടെ എന്ന ധീരമായ നിലപാടാണ് പിണറായി തുടക്കം മുതൽ സ്വീകരിച്ചത്. ഇപ്പോഴിതാ അന്വേഷണ ഏജൻസി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. എൻഐഎ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ പലരുടെയും നെഞ്ചിടിപ്പ് കൂടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴും തുടക്കത്തിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ ഉറച്ചുനിൽക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ?
സ്പ്രിംഗ്ലർ ഇടപാടിൽ സർക്കാരിനെ രക്ഷിക്കാൻ എല്ലാ കുറ്റവും സ്വയം ഏറ്റെടുത്ത ബലിയാടാണ് ശിവശങ്കർ. നാളെ കള്ളക്കടത്ത് കേസിലും സർക്കാരിനുവേണ്ടി എല്ലാ കുറ്റവും ശിരസ്സാവഹിക്കാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറാകുമോ? ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്നുപറഞ്ഞ് സർക്കാർ നിഷ്‌ക്കരുണം ഈ ഉദ്യോഗസ്ഥനെ കയ്യൊഴിയുമോ? ദിവസം ചെല്ലുംതോറും കള്ളക്കടത്ത് അന്വേഷണം ഉന്നതരിലേക്ക് എത്തുകയാണ്. പ്രവാസി വ്യവസായികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കേസിൽ ഉൾപ്പെടുമെന്നാണ് സൂചന. സ്വപ്‌ന നൽകിയ രഹസ്യമൊഴിയിൽ ഉന്നതരായ പലരുടെയും പേരുകളുണ്ട്. അവയെല്ലാം പുറത്തുവരുമ്പോൾ കേരള രാഷ്ട്രീയം ഇളകിമറിയുമെന്ന് ഉറപ്പാണ്.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







