Kerala Pranamam

എ.ജി തെറ്റിദ്ധരിപ്പിച്ചു, കണ്ണൂര്‍ വി.സിയുടെ കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഗവര്‍ണര്‍

വി.സി നിയമന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി.സിയുടെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താന്‍ ആവശ്യപ്പെട്ടതാണെന്നും ഗവര്‍ണര്‍ അവകാശപ്പെടുന്നു. സര്‍ക്കാരാണ് തന്നില്‍ അനാവശ്യമായ സമര്‍ദം ചെലുത്തിയത്. എ.ജി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ വി.സി നിയമനം സാധുവാകുമെന്ന് എ.ജി തന്നോട് പറഞ്ഞു. ചോദിക്കാതെ തന്നെ എ.ജിയുടെ നിയമോപദേശം വിദ്യാഭ്യാസമന്ത്രി അയക്കുകയായിരുന്നു.ഗവര്‍ണറും സര്‍ക്കാരുമായി ഒരു പോരുമില്ല. ഈ പോര് താന്‍ ആരംഭിച്ചതല്ല. സുപ്രീം കോടതി വിധി അതിലേക്ക് വഴിതെളിച്ചതാണ്. ഇര്‍ഫാന്‍ ഹബീബിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തി. കണ്ണൂരില്‍ തനിക്കെതിരെ സുരക്ഷാ ലംഘനമുണ്ടായെന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. കണ്ണൂര്‍ വിസിക്ക് എതിരെയും വിമര്‍ശനമുണ്ടായി. ഒരു കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.വി.സിമാരോട് രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടത് എല്‍.ഡി.എഫാണ്. ഇതോടെ വി.സിമാര്‍ക്ക് പിന്നില്‍ ആരെന്ന് തെളിഞ്ഞു. വൈസ് ചാന്‍സിലര്‍മാരെ നിയന്ത്രിക്കുന്നത് പൂര്‍ണമായും എല്‍.ഡി.എഫാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ മികച്ച വി.സിമാരുണ്ട്. അവരോട് തനിക്ക് അനുകമ്പയുമുണ്ട്. എന്നാല്‍, സുപ്രീം കോടതി വിധിയാണ് ഇക്കാര്യത്തില്‍ പ്രധാനം. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്. എന്തുകൊണ്ടാണ് അത് കേരളത്തിന് ബാധകമാവാത്തത്. ചട്ടം പാലിച്ചുള്ള നിയമനം നടന്നത് ഒരു സര്‍വകലാശാലയില്‍ മാത്രമാണ്. ഒരൊറ്റ വി.സി മാത്രമാണ് ചട്ടം പാലിച്ച് നിയമിക്കപ്പെട്ടത്.വൈസ് ചാന്‍സിലര്‍മാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗവും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തനം എന്ന നിലയില്‍ ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അത്യാവശ്യ ഘടകമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. അധികാര ദുര്‍വിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണ്.സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു. അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്. വൈസ് ചാന്‍സലര്‍മാരെ നിയന്ത്രിക്കുന്നത് എല്‍ ഡി എഫാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.ഗവര്‍ണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വി.സിമാര്‍. സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നാണ് വി.സിമാരുടെ ആവശ്യം. ഗവര്‍ണറുടെ നോട്ടീസ് നിയമപരമല്ല. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അദ്ദേഹം തങ്ങളോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെടുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാന്‍ സാധിക്കൂ. ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാല്‍ മാത്രമേ വി.സിമാരെ പുറത്താക്കാന്‍ സാധിക്കൂവെന്നും വി.സിമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.