Kerala Pranamam

ഏഴു ദിവസം കൊണ്ട് വളര്‍ന്നത് 40 ശതമാനം രോഗം; അമ്ബതില്‍ ഒരാള്‍ വീതം കോവിഡ് ബാധിതര്‍; സമാനതകളില്ലാത്ത കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടി ബ്രിട്ടന്‍; ആളില്ലാതെ വിഷമിക്കുന്ന എയര്‍പോര്‍ട്ടുകള്‍ കൂടുതല്‍ കുഴപ്പത്തിലാവും; സ്‌കൂളുകളും ആശുപത്രികളും പോസ്റ്റ് ഓഫീസുകളും വരെ അടക്കേണ്ടി വരും

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് വ്യപനംവര്‍ദ്ധിച്ചതോടെ ജീവനക്കാരില്ലാതെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടാന്‍ തുടങ്ങി.വരുന്ന വേനല്‍ക്കാലത്ത് വന്‍ ദുരിതമാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് രോഗവ്യാപന നിരക്കില്‍ ഉണ്ടായിരിക്കുന്നത് 40 ശതമാനം വളര്‍ച്ചയാണെന്നാണ്. നിലവില്‍ ഇംഗ്ലണ്ടിലെ അമ്ബതില്‍ ഒരാള്‍ വീതം രോഗബാധിതരാണെന്നും കണക്കില്‍ പറയുന്നു.ക്രിസ്ത്മസ്സിനു ശേഷം രോഗവ്യാപന നിരക്കില്‍ കണ്ട ഏറ്റവും വലിയ പ്രതിവാര വര്‍ദ്ധനയാണ് കഴിഞ്ഞയാഴ്ച്ച കണ്ടത്. മാത്രമല്ല, രോഗം ഗുരുതരമായി ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ അശുപത്രികളും കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, ഹാഫ് ടേം ഹോളിഡേ, ചൂടുള്ള കാലാവസ്ഥ എന്നിവയ്‌ക്കൊപ്പം ഓമിക്രോണ്‍ ഉപവകഭേദമായ ബി എ. 4, ബി എ.5 എന്നിവയുടെ ആവിര്‍ഭാവവും ഇപ്പോള്‍ രോഗവ്യാപനത്തില്‍ ഉണ്ടായ വളര്‍ച്ചക്ക് കാരണമായി പറയുന്നു.യു. കെ യില്‍ ആകമാനം വ്യാപനം വര്‍ദ്ധിച്ചതോടെ വരുന്ന വേനല്‍-ക്കാലത്ത് ഏറെ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നേക്കമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കോവിഡിനു പുറമെ വിവിധ സമരങ്ങളും വേനല്‍ക്കാലത്ത് ബ്രിട്ടന്റെ സമാധാനം കെടുത്താന്‍ എത്തുന്നുണ്ട്. റെയില്‍ സമരത്തിനു പുറമെ അദ്ധ്യാപകരും നഴ്‌സുമാരും സമരത്തെ കുറിച്ച് ആലോചിക്കുകയാണ്. ഇതോടെ യു. കെയിലെ സാഹചര്യം 1970 കളിലെ ”അസന്തുഷ്ടിയുടെ ശൈത്യകാല” ത്തിന് സമാനമായി മാറും.കോവിഡ് വ്യാപകമാകുന്നതോടെ കഴിഞ്ഞ തരംഗകാലത്ത് സംഭവിച്ചത് പോലെ പല സ്ഥാപനങ്ങളിലും ജീവനക്കാരുടെ ക്ഷാമം നേരിടും. ഇതോടെ പൊതുജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകും. കഴിഞ്ഞ തരംഗകാലത്ത് ജീവനക്കാരുടെ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടതായി വന്നു. അതുപോലെ സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു. വീടുകളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതില്‍ പോലും വീഴ്ച്ച വന്നിരുന്നു. എല്ലാ മേഖലകളിലും ജീവനക്കാരുടെ വന്‍ കുറവ് അനുഭവപ്പെടുമെന്ന് ലണ്ടന്‍ മെട്രൊപൊലിറ്റന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇമ്മ്യുണോളജിസ്റ്റ് പ്രൊഫ. ഗാരി മെക്ലീന്‍ പറയുന്നു.ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം അനുഭവിക്കുന്ന മേഖലകളില്‍, കോവിഡ് വ്യാപനം അടച്ചുപൂട്ടലിനു പോലും കാരണമായേക്കാം എന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജിസ്റ്റും മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവുമായ പ്രൊഫസര്‍ റോബര്‍ട്ട് ഡിങ്വാല്‍ പറയുന്നത്. താത്ക്കാലികമായിട്ടാണെങ്കില്‍ പോലും ഇനിയും ആളുകള്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ബ്രിട്ടന് താങ്ങാനാകുന്ന ഒന്നാവില്ല എന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രൊപ്പിക്കല്‍ മെഡിസിനിലെ പൊതുജനാരോഗ്യ വിദഗ്ധനായ പ്രൊഫസര്‍ മാര്‍ട്ടിന്‍ മെക്കീയും പറയുന്നു.ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇംഗ്ലണ്ടില്‍ 1.1 മില്യണ്‍ ആളുകള്‍ക്കാണ് കോവിഡ് ബധിച്ചത്. മൊത്തം ജനസംഖ്യയുടെ 2 ശതമാനം വരും ഇത്. ഇക്കഴിഞ്ഞ ജൂണ്‍ 11 ന് അവസാനിച്ച ആഴ്ച്ചയിലെ കണക്കാണിത്. അതേസമയം, രോഗനിരക്ക് സ്‌കോട്ട്‌ലാന്‍ഡില്‍ വളരെ കൂടുതലാണ്. 30 ല്‍ ഒരാള്‍ക്ക് വീതമാണ് അവിടെ കോവിഡ് ബാധിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വെയില്‍സിലും 45 ല്‍ ഒരാള്‍ വീതം കോവിഡ് രോഗികളാണ്.