Kerala Pranamam

ഒമാനില്‍ വിദേശനിക്ഷേപം വര്‍ധിച്ചു; ഏറ്റവും കൂടുതല്‍ നിക്ഷേപം ബ്രിട്ടനില്‍നിന്ന്

മസ്‌കത്ത്: ഒമാനില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന. ഈ വര്‍ഷം ആദ്യ പാദത്തില്‍ 23.3 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ നിക്ഷേപം 2127 കോടി റിയാലായി. വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക, ചൈന, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍പ്രകാരം, 2023ന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ എണ്ണ, വാതക ഉല്‍പാദന മേഖലകളാണ് ഏറ്റവും വലിയ വിദേശ നിക്ഷേപം നേടിയത്. 10.352 ബില്യണ്‍ റിയാല്‍ നിക്ഷേപമാണ് യു.കെ രാജ്യത്ത് നടത്തിയിട്ടുള്ളത്. അമേരിക്ക 3.508 ബില്യണ്‍ റിയാല്‍, ചൈന 1.231 ബില്യണ്‍, യു.എ.ഇ 934.900 മില്യണ്‍, കുവൈത്ത് 3.778 മില്യണ്‍, ഖത്തര്‍ 431.200 മില്യണ്‍, ബഹ്റൈന്‍ 375.100 മില്യണ്‍, ഇന്ത്യ 296.4 മില്യണ്‍, നെതര്‍ലന്‍ഡ്‌സ് 296.4 മില്യണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ് 181.900 മില്യണ്‍ എന്നിങ്ങനെയാണ് നിക്ഷേപം. ഒമാനില്‍ ചില മേഖലയില്‍ വിദേശനിക്ഷേപം നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആഴ്ചകള്‍ക്കുമുമ്ബ് ഉത്തരവിറക്കിയിരുന്നു. ഒമാനി നിക്ഷേപകര്‍ക്കു മാത്രമായാണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്കാളിത്തത്തോടെ തീരുമാനം നടപ്പാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വലിയ ഉല്‍പാദനശേഷിയില്ലാത്ത കോഴി ഹാച്ചറികളുടെ നടത്തിപ്പ്, പ്രിന്റിങ്, ഫോട്ടോകോപ്പി തുടങ്ങിയ മെഷീനുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, തേനീച്ചവളര്‍ത്തല്‍, തേന്‍ ഉല്‍പാദനം, കടല്‍ മത്സ്യബന്ധനം തുടങ്ങിയ 11 മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.