കോന്നി : കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനിനാണ് നിര്‍വഹിച്ചത്. ഓപ്പറേഷന്‍ തീയേറ്റര്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ഫെഡറല്‍ ബാങ്കിന്റെ കൂടി സഹായത്തോടെയാണ് ഇപ്പോള്‍ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. കോന്നി മെഡി. കോളേജില്‍ ദിവസവും എല്ലാ ഒപിയും പ്രവര്‍ത്തിക്കും. സ്പെഷ്യാലിറ്റി ഒപികള്‍ ഉള്‍പ്പടെ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജില്‍ ഐപിയുടേയും ഒപിയുടേയും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കോവിഡ് കേന്ദ്രമാക്കിയപ്പോള്‍ ഐപി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഐപി പുനരാരംഭിച്ചത്. മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 19 കോടി രൂപ അനുവദിച്ചു. ആരോഗ്യമന്ത്രിയുടെ അഹോരാത്രമുള്ള പരിശ്രമത്തിന്റെ ഫലമായാണ് മെഡിക്കല്‍ കോളജ് ശരവേഗത്തില്‍ വളരുന്നതെന്ന് ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഫെഡറല്‍ ബാങ്ക് ഏരിയ ജനറല്‍ മാനേജര്‍ പി എ ജോയ് കോന്നി മെഡിക്കല്‍ കോളജിനുള്ള സിഎസ്ആര്‍ ഫണ്ടായ പത്ത് ലക്ഷം രൂപ മന്ത്രി വീണ ജോര്‍ജിന് കൈമാറി. കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അധ്യക്ഷയായി. ഫെഡറല്‍ ബാങ്ക് കോന്നി ബ്രാഞ്ച് ഹെഡ് ജിജി സാറാമ്മ ജോണ്‍, സ്‌കെയില്‍ രണ്ട് മാനേജര്‍ തര്യന്‍ പോള്‍, ബാങ്ക്‌സ്മാന്‍ ആഷിക് സിറാജ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…