Kerala Pranamam

ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍മാര്‍

അഹമ്മദാബാദ്: 140 കോടി ജനങ്ങളുടെ സ്വപ്‌നകീരീടം പ്രഫഷണല്‍ മികവില്‍ കങ്കാരുക്കളുടെ നാട്ടിലേയ്ക്ക്. ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ സെഞ്ചുറി ആ കിരീടത്തിലെ വജ്രശോഭയായി.നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 6 വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്‌ടേലിയ ലോക ക്രിക്കറ്റില്‍ നിറുകയില്‍ വീണ്ടുമെത്തി. ആറാം കിരീടമെന്ന റെക്കോഡ്. പത്തില്‍ പത്തു ജയത്തോടെ ഫൈനലിലെത്തിയ തങ്ങളുടെ സ്വപ്‌ന ടീം മെല്ലെമെല്ല പരാജയത്തിലേയ്ക്ക് വഴുതിവഴുന്നത് നിശബ്ദരായി നോക്കിയിരിക്കേണ്ടിവന്നു സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ പ്രേമികള്‍ക്ക്. 120 പന്തില്‍നിന്നും ട്രാവിസ് ഹെഡ് നേടിയ 137 റണ്‍സാണ് ഓസ്‌ട്രേലിയന്‍ വിജയത്തിന്റെ അടിത്തറ. ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. ആറാം തവണയും ലോകകപ്പുമായി കങ്കാരുക്കള്‍ നാട്ടിലേയ്ക്ക് മടങ്ങുമ്‌ബോള്‍ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയില്‍ ടീം ഇന്ത്യ.ബുംറയ്‌ക്കൊപ്പം ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ (7) സ്ലിപ്പില്‍ കോഹ്ലിയുടെ കൈകളിലെത്തിച്ച് ഷമി ഇന്ത്യയ്ക്ക്ആദ്യപ്രതീക്ഷ നല്‍കി. മിച്ചല്‍ മാര്‍ഷ് ചില കൂറ്റന്‍ ഷോട്ടുകളടിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 15 റണ്‍സ് നേടിയ മാര്‍ഷിനെ ബുംറയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടികൂടി. നാലാം നമ്ബറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കുകയും ചെയ്തു.പിന്നീടെത്തിയ മാര്‍നസ് ലബൂഷെയ്നിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ഓസീസിനെ മുന്നോട്ടു നയിച്ചു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍ കണ്ടെത്താനാവാതെ വട്ടും കറങ്ങിയ പിച്ചില്‍ 90 പന്തില്‍നിന്നും ഹെഡ് സെഞ്ചുറി തികച്ചു. ജയിക്കാന്‍ വെറും രണ്ടു റണ്‍സുവേണ്ട സമയത്ത് ഹെഡിനെ മുഹമ്മദ് സിറാജ് പുറത്താക്കി. 120 പന്തില്‍ 15 ഫോറിന്റെയും നാല് സിക്സറുകളുടേയും അകമ്ബടിയോടെ 137 റണ്‍സെടുത്ത് വിജയമുറപ്പിച്ച് ഹെഡ് ഗ്രൗണ്ട് വിട്ടു. തുടര്‍ന്ന് ക്രീസിലെത്തിയ മാക്‌സെല്‍ നേടിയ രണ്ടു റണ്‍സ് ഓസീസിന്റെ കിരീടം ഉറപ്പിച്ചു.ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. 50 ഓവറില്‍ 240 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. സ്റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ നീലക്കടലിന് മുന്നില്‍ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. 66 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.വിരാട് കോലി 54ഉം ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 ഉം റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. 7 ബോളില്‍ വെറും 4 റണ്‍സ് മാത്രമാണ് താരത്തിന് എടുക്കാനായത്. തകര്‍പ്പനടികളുമായി കളം നിറഞ്ഞ നായകന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചറിക്ക് 3 റണ്‍സ് അകലെ വീണു. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലി ഏഴാം ഓവറില്‍ 50 കടന്നതിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി ടോപ് ഗിയറിലായതോടെ ഓസീസ് വിരണ്ടു. എന്നാല്‍ ഫൈനലില്‍ ഓസീസ് ശൗര്യം കാട്ടുന്ന പതിവ് ഫീല്‍ഡില്‍ ഇത്തവണയും അവര്‍ തെറ്റിച്ചില്ല. ബൗണ്ടറിയെന്നുറച്ച ഷോട്ടുകള്‍ പലതവണ പറന്നു പിടിച്ച ഫീല്‍ഡര്‍മാര്‍ 20 റണ്‍സെങ്കിലും ആദ്യ പത്തോവറില്‍ തടുത്തിട്ടു. ഹേസല്‍വുഡും സ്റ്റാര്‍ക്കും അടി വാങ്ങിയിതോടെ പവര്‍ പ്ലേയില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ രംഗത്തിറക്കാന്‍ കമിന്‍സ് നിര്‍ബന്ധിതനായി.മാക്സ്വെല്ലിന്റെ ആദ്യ ഓവറില്‍ ഏഴ് റണ്‍സടിച്ച ഇന്ത്യ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മാക്സ്വെല്ലിനെ വീണ്ടും നോട്ടമിട്ടു. മാക്സ്വെല്ലിനെ സിക്സിനും ഫോറിനും പറത്തിയ രോഹിത് പക്ഷെ തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്സിന് ശ്രമിച്ച് ട്രാവിസ് ഹെഡിന്റെ അസാമാന്യ ക്യാച്ചില്‍ വീണു. 31 പന്തില്‍ മൂന്ന് സിക്സും നാലു ഫോറും പറത്തിയ രോഹിത് 47 റണ്‍സെടുത്ത് പുറത്താവുമ്‌ബോള്‍ ഇന്ത്യ പത്താം ഓവറില്‍ 76 റണ്‍സിലെത്തിയിരുന്നു. മിന്നും ഫോമിലുള്ള ശ്രേയസ് അയ്യര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മാക്സ്വെല്ലിനെ ബൗണ്ടറി കടത്തി തുടങ്ങി. പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ ഓവറില്‍ ശരാശരി എട്ട് റണ്‍സ് വെച്ച് 80 റണ്‍സെടുത്ത ഇന്ത്യക്ക് പക്ഷെ പിന്നീട് പിഴച്ചു.പതിനൊന്നാം ഓവറില്‍ പാറ്റ് കമിന്‍സ് ശ്രേയസ് അയ്യരെ(4) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 81-3ലേക്ക് വിണു. പിന്നീടെത്തിയ രാഹുലും കോലിയും കരുതലെടുത്തതോടെ ബൗണ്ടറികള്‍ വരണ്ടു. ആദ്യ ബൗണ്ടറി നേടാന്‍ രാഹുല്‍ നേരിട്ടത് 60 പന്തുകളായിരുന്നു. എങ്കിലും ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതിനിടെ അര്‍ധസെഞ്ചുറി തികച്ച കോലിയെ പാറ്റ് കമിന്‍സ് ബൗള്‍ഡാക്കി. 63 പന്തില്‍ നാല് ബൗണ്ടറി സഹിതം 53 റണ്‍സെടുത്ത് കോലി മടങ്ങിയതോടെ രവീന്ദ്ര ജഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. ആദ്യ പത്തോവറില്‍ 80 റണ്‍സടിച്ച ഇന്ത്യക്ക് പിന്നീടുള്ള 20 ഓവറില്‍ 3.63 റണ്‍സ് വെച്ചെ സ്‌കോര്‍ ചെയ്യാനായുള്ളു. 86 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുലിനൊപ്പം പിടിച്ചു നില്‍ക്കാന്‍ നോക്കിയ ജഡേജയെ(9) ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 178-5ലേക്ക് വീണു.എന്നാല്‍ പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയെങ്കിലും 42-ാം ഓവറില്‍ രാഹുലിനെ(66) സ്റ്റാര്‍ക്ക് മടക്കിയതോടെ 250 കടക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞു. പിന്നീടെത്തിയ ഷമി(6) പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും സ്റ്റാര്‍ക്കിന്റെ വേഗത്തിന് മുന്നില്‍ വീണു. ഒമ്ബതാമനായി ക്രീസിലെത്തിയ ജസ്പ്രീത് ബുമ്രയെ(1) ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി.സ്ലോ പിച്ചില്‍ സൂര്യകുമാര്‍ യാദവിനും(18) കാര്യമായി ഒന്നും ചെയ്യാനായില്ല. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും നായകന്‍ പാറ്റ് കമിന്‍സ് രണ്ടും, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഹേസല്‍വുഡ്,ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.