ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ ഇന്ത്യക്കൊപ്പം നിലനിന്നത് മഹാത്മാഗാന്ധി എല്ലാവരുടെയും രാജ്യമാണെന്ന് പറഞ്ഞതുകൊണ്ടാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് ഡല്‍ഹി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി.ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമാണെന്ന് സമ്മതിക്കുന്നു. എന്നാല്‍, കശ്മീരില്‍ ഒരു ഹിതപരിശോധന നടക്കേണ്ടതായിരുന്നുവെന്നും അതുണ്ടായില്ലെന്നും ഫാറൂഖ് അബ്ദുല്ല തുറന്നടിച്ചു.2014 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ബി.ജെ.പിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴാണ് ജമ്മു കശ്മീരിലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 2018 ജൂണില്‍ സഖ്യം തകരുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. 2019 ഓഗസ്റ്റില്‍, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തു.’ഒരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രം ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചതായി നിങ്ങള്‍ മനസ്സിലാക്കണം. ഞങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമായിരുന്നു, ഞങ്ങളെ ഇവിടെ എത്തിച്ചത് ഗാന്ധിജിയാണ്, ഈ രാഷ്ട്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്ന അദ്ദേഹത്തിന്റെ വാക്ക്.’ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.കശ്മീര്‍ ഒരിക്കലും സ്വാതന്ത്ര്യം ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ജിന്ന കരുതിയത് കശ്മീര്‍ തന്റെ പോക്കറ്റിലാണെന്നാണ്. അത് അങ്ങനെയല്ലെന്ന് ജിന്നക്ക് മനസിലായില്ലെന്നും അദ്ദേഹം പരിഹസിച്ചു.ജമ്മു കശ്മീരില്‍ നടക്കുന്നത് മാനുഷിക പ്രശ്നം മാത്രമല്ല, സ്വാതന്ത്ര്യത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട ഇന്ത്യയുടെ നാശമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ‘ഇന്ന് സമത്വം ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും,’ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ വംശീയ അക്രമത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജമ്മു കശ്മീര്‍ മുന്‍ എം.എല്‍.എ എം വൈ തരിഗാമി, സജ്ജാദ് ഹുസൈന്‍ കാര്‍ഗിലി, ഡി.എം.കെ എം.പി കനിമൊഴി, എന്‍.സി.പിയുടെ സുപ്രിയ സുലെ, കോണ്‍ഗ്രസ് എം.പി ശശി തരൂര്‍, ആര്‍.ജെ.ഡി എം.പി മനോജ് ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.