Kerala Pranamam

‘കാണാതായവരെ കണ്ടെത്തുന്നതില്‍ കേരളം ഒന്നാം സ്ഥാനത്ത്’; കേരളാ പൊലീസ്

കാണാതായവരെ കണ്ടെത്തുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാം സ്ഥാനത്താണെന്ന് കേരളാ പൊലീസ്. പുതിയ കണക്കുകള്‍ പ്രകാരം മിസ്സിംഗ് കേസുകള്‍ കണ്ടെത്തുന്നതില്‍ 86 ശതമാനവും, ചൈല്‍ഡ് മിസ്സിംഗ് കേസുകളില്‍ 93.3 ശതമാനവുമാണ് സംസ്ഥാനത്തിന്റെ ശരാശരിയെന്നും കേരള പൊലീസ് വ്യക്തമാക്കി. നരബലി ഉള്‍പ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം ഇത്തരം മിസ്സിംഗ് കേസ് ആണ്. അതിനാല്‍ ഇത്തരം കേസുകള്‍ക്ക് വളരെ പ്രധാന്യം നല്‍കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് കേസ് അന്വേഷിക്കുക. കാണാതായവര്‍ കുട്ടികളോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോ അവിവാഹിതരോ ആണെങ്കില്‍ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം നല്‍കി കേസ് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മിസ്സിംഗ് കേസുകളില്‍ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നുവെന്ന് അതാത് ജില്ലാ പൊലീസ് മേധാവികള്‍ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തുന്നു.എഫ്‌ഐആര്‍ എടുത്തിട്ട് 15 ദിവസങ്ങള്‍ക്ക് ശേഷവും കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാ ജില്ലകളിലും ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള ഡിഎംപിടിയുകള്‍ അന്വേഷണം ഏറ്റെടുക്കുന്നമെന്ന് പൊലീസ് അറിയിച്ചു.