Kerala Pranamam

കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദദാനം;റാങ്ക് ജേതാക്കള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളെ ക്ഷണിച്ചില്ലെന്ന് പരാതി

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിലേക്ക് റാങ്ക് ജേതാക്കള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളെ ക്ഷണിച്ചില്ലെന്ന് പരാതി.2016ലെ ബിരുദ വിദ്യാര്‍ഥികള്‍ക്കും 2014ലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുമായി ഓഫ്‌ലൈനിലും ഓണ്‍ലൈനിലുമായി നടന്ന പരിപാടിയില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ക്ഷണിച്ചില്ലെന്നാണ് ആരോപണം. മാത്രമല്ല, ബി.എസ്‌സി അഗ്രികള്‍ച്ചര്‍ വിഭാഗത്തിലെ റാങ്ക് ജേതാക്കള്‍ക്കും വെള്ളായണി കാര്‍ഷിക കോളജിലെ എം.എസ്‌സി റാങ്ക് ജേതാക്കള്‍ക്കും ഉള്‍പ്പെടെ ക്ഷണക്കത്ത് നല്‍കുകയോ ഇക്കാര്യം അറിയിക്കുക പോലുമോ ഉണ്ടായില്ല. ബിരുദദാനത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങുക എന്നത് ബിരുദധാരികളുടെ അവകാശമാണ്. ഇത് ഹനിക്കപ്പെട്ടതായി ആരോപിച്ച് വി.സിക്കും രജിസ്ട്രാര്‍ക്കും അടക്കം പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍.ചടങ്ങിന്റെ നടത്തിപ്പ് ചെലവിനായി ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 2000 മുതല്‍ 2500 വരെ രൂപ സര്‍വകലാശാല അധികൃതര്‍ വാങ്ങിയിട്ടുണ്ട്. കോവിഡ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 100 പേര്‍ക്കു മാത്രമാണ് സദസ്സില്‍ സൗകര്യം ഉണ്ടായത്. ബാക്കിയുള്ളവര്‍ ഓണ്‍ലൈനായാണ് പരിപാടി കണ്ടത്. ഇങ്ങനെ നടന്ന പരിപാടിയില്‍ ചുരക്കം വിദ്യാര്‍ഥികളെ മാത്രം വിളിച്ച സര്‍വകലാശാല അധികൃതരുടെ നിലപാട് വിവേചനപരമാണെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.കുട്ടികളില്‍ നിന്നു പരിച്ചെടുത്ത തുക മുഴുവന്‍ തിരികെ നല്‍കുകയോ, എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ബിരുദദാന ചടങ്ങ് വീണ്ടും നടത്തുകയോ ചെയ്യണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ബിരുദധാരികള്‍ക്ക് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സര്‍വകലാശാല അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ എസ്.എഫ്.ഐ വ്യക്തമാക്കി.