Kerala Pranamam

കുഞ്ഞുടുപ്പുകളില്‍ 195 സ്വര്‍ണ ബട്ടണുകള്‍; തിരിച്ചറിയാതിരിക്കാന്‍ വെള്ളിനിറം; ശുചിമുറിയില്‍ 70 ലക്ഷത്തിന്റെ സ്വര്‍ണം; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ടയുമായി കസ്റ്റംസ്

കരിപ്പൂര്‍: കുട്ടികളുടെ വസ്ത്രത്തിലൊളിപ്പിച്ച് അനധികൃത സ്വര്‍ണ്ണക്കടത്തിന് ശ്രമം. കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം.18 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണ്ണമാണ് കുഞ്ഞുടുപ്പുകളുടെ ബട്ടണുകളുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഫയാസ് അഹമ്മദ് റാണയെ(26) സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫയാസ് കൊണ്ടുവന്ന കുഞ്ഞുടുപ്പുകളില്‍ 195 സ്വര്‍ണ ബട്ടണുകളാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ വസ്ത്രത്തിലെ ബട്ടണ്‍ എന്ന് തോന്നാന്‍ വേണ്ടി വെള്ളി നിറവും പൂശിയിരുന്നു. 195 ബട്ടണുകള്‍ 349 ഗ്രാം വരും. 17.76 ലക്ഷം വിലയാണ് ഇതിന് കണക്കാക്കുന്നത്. അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ ബട്ടണുകള്‍ പിടിച്ചെടുക്കുന്നത്.ബട്ടണുകള്‍ക്ക് പുറമെ വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് സ്വര്‍ണ്ണമിശ്രിത പൊതിയും കണ്ടെടുത്തിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് 69.32 രൂപ വില വരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്. ശുചീകരണ തൊഴിലാളികളാണ് സ്വര്‍ണ മിശ്രിതത്തിന്റെ പൊതി ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. 1.6 കിലോ മിശ്രിതത്തില്‍ നിന്ന് 1.362 കിലോ സ്വര്‍ണ്ണമാണ് വേര്‍തിരിച്ചെടുത്തത്.