കൂട്ടിക്കല്‍: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍കൂടി മരിച്ചതായി സംശയം. മരിച്ച പന്ത്രണ്ട് വയസുകാരന്‍ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിര്‍ന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ഒരാള്‍കൂടി ഈ ഭാഗത്ത് മണ്ണിനടിയില്‍പ്പെട്ടതായ സംശയമുയര്‍ന്നത്. ഇത് സ്ഥിരീകരിക്കാനായി ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. പുതിയ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഇന്ന് വീണ്ടും തിരച്ചില്‍ ഊര്‍ജിതമാക്കി. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേരാണ് മരിച്ചതെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ (45), മകന്‍ അലന്‍ (എട്ട്), പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (42) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരില്‍ അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പമുണ്ടായത്. പ്ലാപ്പള്ളിയില്‍ മരിച്ച പലരുടെയും മൃതദേഹങ്ങള്‍ കല്ലും മറ്റും വീണ് ഛിന്നഭിന്നമായ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ നിന്നും ശേഖരിച്ചാണ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായെത്തിച്ചത്. പ്ലാപ്പള്ളിയില്‍ നിലവില്‍ ലിസ്റ്റിലില്ലാത്ത മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടോ എന്നാണ് സംശയം. ഇത് സ്ഥിരീകരിക്കാനും അലന്റെ ശരീരഭാഗത്തിന് വേണ്ടിയും ഇന്നും തിരച്ചില്‍ തുടരുമെന്ന് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അറിയിച്ചു. എന്നാല്‍, നാട്ടുകാര്‍ പറയുന്നത് നിലവില്‍ ആരെയും കാണാതായതായി വിവരമില്ല എന്നാണ്. മരിച്ചവരുടെ ആരുടെ എങ്കിലും ശരീരഭാഗമാണോ എന്ന് അറിയാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ 12 പേരാണ് മരിച്ചത്. ഇതില്‍ ഒരു കുടുംബത്തിലെ ആറ് പേരും ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…