Kerala Pranamam

കെ-റെയില്‍ ഭൂമിയേറ്റെടുക്കല്‍: തടസമില്ലെന്ന് റെയില്‍വേ

കൊച്ചി: കെ-റെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍ പിന്തുണച്ചു. റെയില്‍വേയുടെ പദ്ധതിയല്ലെന്നതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കുന്നെന്നു കേന്ദ്ര റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍ വ്യക്തമാക്കി. പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിക്ഷേപപൂര്‍വ നടപടികള്‍ക്ക് നേരത്തെ പ്രാഥമികാനുമതി നല്‍കിയതാണെന്നു റെയില്‍വേയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. റെയില്‍വേ പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടതെന്നും കെ -റെയിലിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി ഏറ്റുമാനൂര്‍ സ്വദേശി എം.വി. ചാക്കോച്ചന്‍, കോട്ടയം വെമ്പള്ളി സ്വദേശി ജയിംസ് അലക്സ് എന്നിവര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. വാദം പൂര്‍ത്തിയായതോടെ ജസ്റ്റീസ് എന്‍. നഗരേഷ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. ദക്ഷിണ റെയില്‍വേക്ക് നിലവില്‍ പ്രത്യേക പദ്ധതികളൊന്നുമില്ലെന്ന് കെ-റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. റെയില്‍വേയുടെ പദ്ധതികള്‍ക്കു പോലും സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതു സംസ്ഥാന സര്‍ക്കാരാണ്. പദ്ധതിക്ക് വളരെ മുമ്പുതന്നെ റെയില്‍വേ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നതാണ്. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും എന്നാല്‍, പദ്ധതിക്ക് അന്തിമാനുമതി ആയിട്ടില്ലെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി കെ-റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് നടപ്പാക്കുന്നത്. കമ്പനിയില്‍ സര്‍ക്കാരിന് 51 ശതമാനവും റെയില്‍വേക്ക് 49 ശതമാനവും പങ്കാളിത്തമുണ്ട്.  റെയില്‍വേ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് കേന്ദ്രസര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന നിയമം 1990 ല്‍ നിലവില്‍ വന്നുവെന്നാണ് ഹര്‍ജിയിലെ വാദം. കെ-റെയിലിനായി സംസ്ഥാനത്തെ 11 ജില്ലകളില്‍നിന്ന് 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി കഴിഞ്ഞ ഓഗസ്റ്റ് 18ന് ഉത്തരവിറക്കിയിരുന്നു.