
കൊച്ചി : സംസ്ഥാനത്തെ 13 ശതമാനം പ്രദേശങ്ങള്‍ വലിയ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇതില്‍ ഭൂരിഭാഗവും.കനത്ത മഴ, അശാസ്ത്രീയമായ ഭൂവിനിയോഗം, റോഡ് നിര്‍മാണത്തിനായി മല ഇടിക്കുന്നത്, വന്‍തോതിലുള്ള മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയാണ് ഈ ജില്ലകളില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലിനു കാരണം.2018-ല്‍ പ്രളയത്തിനിടയാക്കിയ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത 3.46 ശതമാനം കൂട്ടി. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞരാണ് ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളുടെ ഭൂപടം തയാറാക്കിയത്.ഹൈറേഞ്ചില്‍ 600 മീറ്ററിനു മുകളില്‍ ഉയരമുള്ള സ്ഥലങ്ങളില്‍ 31 ശതമാനവും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ഇതില്‍ തന്നെ 10 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളില്‍ ഭീഷണിയുടെ തോത് കൂടുതലാണ്.അശാസ്ത്രീയമായ ഭൂവിനിയോഗവും മണ്ണെടുപ്പും തടയുക മാത്രമാണ് ഉരുള്‍പൊട്ടല്‍ ഒഴിവാക്കാനുള്ള പോംവഴിയെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ടി. പ്രദീപ് കുമാര്‍ പറഞ്ഞു. 2017 മുതല്‍ 2020 വരെ കാലയളവില്‍ നടത്തിയ ബഹിരാകാശ നിരീക്ഷണ ഫലങ്ങളില്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയ ഡീപ് ലേണിങ് ടെക്നോളജി ഉപയോഗിച്ച് നടത്തിയ അപഗ്രഥനത്തിനൊടുവിലാണ് കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യതാ മാപ്പ് തയാറാക്കിയത്.കുഫോസിലെ ക്ലൈമറ്റ് വേരിയബിലിറ്റി ആന്‍ഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം മേധാവി ഡോ. ഗിരീഷ് ഗോപിനാഥ് ഗവേഷണത്തിനു നേതൃത്വം നല്‍കി. പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയോറളജിയും അമേരിക്കയിലെ മിഷിഗണ്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയും പഠനത്തിന് സാങ്കേതിക സഹായം നല്‍കി.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











