അജയ് കൃഷ്ണ

കോവിഡ് 19, കൊറോണാ വൈറസിന്റെ വ്യാപനം അമേരിക്കയിലും യൂറോപ്യൻ നാടുകളിലും മയപ്പെട്ടുതുടങ്ങുമ്പോൾ റഷ്യ, ബ്രസീൽ, ഇന്ത്യ, ഗൾഫ് നാടുകൾ, ആഫ്രിക്കൻനാടുകൾ എന്നിവിടങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് 2019 ഒക്ടോബറിൽ തന്നെ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും, പക്ഷേ അത് മറ്റു രാജ്യങ്ങളിൽനിന്ന് മറച്ചുവച്ചുവെന്നുമുള്ള അന്തരാഷ്ട്രമാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത് വരുകയുംചെയ്ത ഈ അവസരത്തിൽ ലോകാരോഗ്യ സംഘടനയ്ക്കും, ചൈനയ്ക്കും മനഃപൂർവ്വമോ അല്ലാതെയൊ പറ്റിയ വീഴ്ചകളെക്കുറിച്ചുള്ള ഒരു അവലോകനമാണിത്.
ഡിസംബറിൽ (ഔദ്യോഗികമായി ചൈനലോകത്തോട് പറഞ്ഞ മാസം )ചൈനയിലെ വുഹാൻ നഗരത്തിൽ കോവിഡ് എന്ന കൊറോണാ രോഗം സ്ഥിതീകരിക്കുകയും അജ്ഞാത രോഗത്തിനെതിരെ മുൻകരുതലുകൾ ചൈന എടുക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടേ ചൈനയിലെ മറ്റു നഗരങ്ങളിലേയ്ക്ക് രോഗം വ്യാപിച്ചതുമില്ല. ഈ രോഗത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കുകയും സ്വന്തം രാജ്യത്ത് അടിയന്തിര മുൻകരുതലുകൾ എടുക്കുകയും ചെയ്ത അവർ ഈക്കാര്യം സമയബന്ധിതമായി ലോകാരോഗ്യ സംഘടനയെ അറിയിച്ചില്ല. അതല്ലെങ്കിൽ ലോകാരോഗ്യസംഘടന ഇതിനെ കാര്യമായി പരിഗണിച്ചില്ല.
പക്ഷേ അപ്പോഴെക്കും രോഗവാഹികളായ പതിനായിരക്കണക്കിന് ചൈനീസ് ടൂറിസ്റ്റുകൾ അവരുടെ പുതുവത്സരാഘോഷത്തിനായ് യൂറോപ്യൻനാടുകളിലേയ്ക്കും അമേരിക്കയിലേയ്ക്കും പറന്നിറങ്ങി. അപ്പോഴല്ലൊം ലോകരാജ്യങ്ങൾ ഈ രോഗത്തെക്കുറിച്ച് അജ്ഞരായിരുന്നു.
2019 ഒക്ടോബർ മാസത്തിൽ തന്നെ വുഹാൻ നഗരത്തിൽ രോഗം പടർന്നു പിടിക്കുന്നതിന്റേയും ആശുപത്രികളിൽ രോഗികളെ തിരക്കിട്ട് മാറ്റുന്നതിന്റേയും, രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾ, മരണപ്പെട്ടവരെ സംസ്‌ക്കരിക്കുന്ന കാഴ്ചകൾ ഇവയുടെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിടുകയുണ്ടായി. ചൈനയിൽ മാധ്യമ നിയന്ത്രമുള്ളതുകൊണ്ടുതന്നെ പലവിവരങ്ങളും ലോകം അറിയുന്നത് സാറ്റലൈറ്റ് വഴിക്കാണ്.
ഒക്ടോബർ മാസത്തിൽ തന്നെ ഈ രോഗം ചൈനയിൽ സംഹാര താണ്ഡവമാടുമ്പോൾ, ലോകരാജ്യങ്ങളുടെ മുമ്പിലും ലോകാരോഗ്യസംഘടനയുടെ മുമ്പിലും ഒന്നുമറിയാത്ത മട്ടിൽ ചൈനീസ് അധികൃതർ നിലകൊണ്ടു.
പക്ഷേ, അപ്പോഴും ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾക്കായ് കാതോർക്കുന്ന, അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കായ് കാത്തുനിൽക്കുന്നതുമായ യുറോപ്യൻ രാജ്യങ്ങൾ ഈ രോഗത്തിന്റെ പ്രഹര ശേഷിയെക്കുറിച്ച് അറിഞ്ഞില്ലെന്നു മാത്രല്ല, അറിയിച്ചതുമില്ല!

ലോകരാജ്യങ്ങളുടെ ഫണ്ടുകൊണ്ട് പ്രവർത്തിക്കുന്ന, വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരും, ശാസ്ത്രജ്ഞരും, മികച്ച ശാസ്ത്ര സമ്പത്തുമുള്ള ലോകാരോഗ്യ സംഘടന ഇതിനെ ആദ്യം കൈകാര്യം ചെയ്തത് തീർത്തും തണുപ്പൻ മട്ടിലാണ്. നവംബർ അവസാനവാരത്തിൽ ഈ അജ്ഞാത രോഗം ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്തുവെന്ന് ചൈനീസ് അധികൃതർതന്നെ പറയുമ്പോൾ, അതേ അധികൃതർ ഇതിനെ നിസ്സാരവൽക്കരിക്കുകയാണുണ്ടായത്. ഇതിന്റെ അപകടത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഡോക്ടറോട് അധികൃതർ വിശദീകരണം ചോദിക്കുകയും അദ്ദേഹത്തെ നിശബ്ദനാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം രോഗത്തിന് അടിമപ്പെട്ട് മരണമടയുന്ന (കൊല്ലപ്പെടുന്ന ) കാഴ്ച ലോകം കാണുന്നു. പിന്നിട് ലോകം കാണുന്നത്, ചൈന ദിവസങ്ങൾക്കുള്ളിൽ ആശുപത്രികൾ പണിതുയർത്തുന്നതിന്റേയും രോഗത്തിനെ നിയന്ത്രണ വിധേയമാക്കാൻ സ്വീകരിക്കുന്ന നടപടികളെയും കുറിച്ചുള്ള വീഡിയോകളാണ്.(ചൈനയിൽ മാധ്യമ സ്വാതന്ത്ര്യം തീരേക്കുറവും ജനാധിപത്യ, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ ഏകപക്ഷീയ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂതക്കണ്ണാടിയിലൂടെ മാത്രമാണെന്നുമുള്ള കാര്യം ഇവിടെ ഓർമ്മിപ്പിക്കുന്നു)

പക്ഷേ അപ്പോഴൊന്നും ചൈന ഈ രോഗത്തിന്റെ അപകടത്തെക്കുറിച്ച് ലോകാരോഗ്യസംഘടനയെ അറിയിക്കുകയോ, മറ്റു ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുകയൊ ചെയ്തില്ല. കൂടാതെ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിൽ നിന്ന് പകരില്ലന്നും ആദ്യ ഘട്ടത്തിൽ തട്ടിവിട്ടു. അപ്പോഴെല്ലാം രോഗവാഹികളായ വുഹാൻ നിവാസികളെ മറ്റു ചൈനീസ് നഗരങ്ങളിലേയ്ക്ക് കടക്കുന്നത് കർശ്ശനമായി തടയുകയും വുഹാൻ നഗരം ലോക്ഡൗണിലാക്കുകയും ചെയ്തു; അധികൃതർ.
അപ്പോഴെല്ലം രോഗവാഹികളായ പതിനായിരക്കണക്കിന് ചൈനീസ് ടൂറിസ്റ്റുകൾ തങ്ങളുടെ പുതുവത്സര ആഘോഷത്തിനായ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും നോർത്ത്അമേരിക്കയിലേയ്ക്കും വിമാനങ്ങളിൽ പറന്നു കഴിഞ്ഞിരുന്നു. അവരെ തടയാൻ ചൈനീസ് അധികൃതർ തയ്യാറയതുമില്ല. ഏറ്റവും ഗുരുതരമായ തെറ്റായിരുന്നു അത്.
ഇറ്റലിയിലെ വ്യാവസായിക, സാമ്പത്തിക കേന്ദ്രമായ മിലാൻ നഗരമാണ് കോവിഡിന് വിധേയമാകുന്ന ആദ്യ പ്രധാന നഗരം. യുറോപ്പിന്റെ ഫാഷൻ തലസ്ഥാനമായ മിലാൻ നഗരത്തിൽ പുതുവത്സര ആഘോഷത്തിനെത്തിയ ചൈനീസ് സഞ്ചാരികൾ (രോഗവാഹകർ) അറിഞ്ഞോ അറിയാതേയോ രോഗം തദ്ദേശിയരിലേയ്ക്ക് പടർത്തുകയായിരുന്നു.
കുടാതെ ആദ്യഘട്ടത്തിൽ ഇത് ഇറ്റലിയെക്കുടാതെ ഇറാനിലും വ്യാപിക്കുന്ന കാഴ്ചയാണ് ലോകരാജ്യങ്ങൾ കണ്ടത്. അതിന് കാരണവുമുണ്ട്, ലോകരാജ്യങ്ങളുടേയും അമേരിക്കയുടേയും ഉപരോധത്തിന് വിധേയമായ ഇറാൻ പ്രധാനമായും വ്യാപര വ്യവസായ ആവശ്യങ്ങൾക്കായ് ചൈനയെയാണ് ഏറെക്കുറേ ആശ്രയിച്ചിരുന്നത്. അവിടുനിന്ന് തിരിച്ചു വന്ന വ്യാപരികളിൽ നിന്നും യാത്രക്കാരിൽ നിന്നും ഇറാനിൽ രോഗം പടർന്നു.
എന്തെങ്കിലും വാ തുറന്ന്പറയേണ്ട ലോകരോഗ്യ സംഘടനയ്ക്ക് അപ്പോഴല്ലാം, മിണ്ടാട്ടം മുട്ടിയിരിന്നു. ജനുവരി:30, 2020 ന് മാത്രമാണ് ലോകാരോഗ്യസംഘടന ഈ രോഗം ഒരു അന്താരാഷ്ട്ര പ്രശ്‌നമായി കണക്കിലെടുക്കുന്നത്. പാൻഡമിക്കായി (മഹാമാരി) പ്രഖ്യാപിക്കുന്നത് വളരെ വൈകി മാർച്ച് 11, 2020 നും.

ഈ സംഘടന ആദ്യം പറഞ്ഞത് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുകയില്ലാ എന്നാണ്.
അപ്പോഴേയ്ക്കും രോഗം കാര്യമായി ലോകം മുഴുവൻ വ്യാപിച്ചിരുന്നു. രോഗം ലോകത്തിന്റെ സാമ്പത്തിക ഹൃദയങ്ങളെ കാര്യമായി ബാധിക്കുന്നതുവരെ ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ആർക്കോ വേണ്ടി ഗാഢമായി ഉറങ്ങുകയായിരുന്നു.
തുടക്കത്തിൽ യൂറോപ്പിനേയും, നോർത്ത് അമേരിക്കയെയും രോഗം കാർന്നുതിന്നപ്പോൾ ഏഷ്യൻ രാജ്യങ്ങളിലും, തെക്കനമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്കയിലും രോഗം നിശബ്ദമായി നീങ്ങുകയായിരുന്നു.!
പക്ഷേ യൂറോപ്യൻനാടുകളിൽ രോഗശമനമാണിപ്പോൾ കാണുന്നത്. അതേസമയം ഏഷ്യൻ രാജ്യങ്ങളിൽ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ; പ്രത്യേകിച്ച് യഥാക്രമം ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, ബ്രസീൽ ഇവ അതിവേഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു.
യൂറോപ്യൻനാടുകളിൽ ഈ രോഗം പകർന്നു പിടിച്ചപ്പോൾ അവിടുത്തെ ആരോഗ്യ സംവിധാനത്തെ കണക്കറ്റ് ഇന്ത്യൻ മാധ്യമങ്ങൾ വിമർശിച്ച കാഴ്ചയും കാണുകയുണ്ടായി; ആ വിമർശനത്തിന് ഒരു കാമ്പുമില്ലെന്നതാണ് ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നത.് ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സൂചികയൊ, ജനങ്ങളുടെ ജീവിത, സാമ്പത്തിക നിലവാരമോ അല്ല ഈ രോഗം വരാനുള്ള നിദാനം.
അതായത് പ്രാഥമികമായ വ്യക്തിശുചിത്വം പാലിച്ചതുകൊണ്ടുമാത്രം ആറേഴ ്മാസം മുമ്പുവരെ കേട്ടുകേൾവിപോലുമില്ലായിരുന്ന ഈ വൈറസിനെ ചെറുക്കാൻ കഴിയില്ലയെന്നതാണ്. അതിനുള്ള യുക്തിസഹമായ മറുപടിയെന്നു വച്ചാൽ ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും, പ്രാഥമിക ശാരീരിക വൃത്തിയാക്കലിനു ശേഷവും എന്തെങ്കിലും ജോലികളിൽ ഏർപ്പട്ടതിനു ശേഷവും , മാത്രമാണ് 99% ജനങ്ങളും കൈകൾ അതുമല്ലെങ്കിൽ ശരീരം വൃത്തിയാക്കുന്നത്;

തൊട്ടതിനും പിടിച്ചതിനുമെല്ലാം സാനിറ്റയിസർ, സോപ്പ് ഉപയോഗിച്ച് ദേഹം വൃത്തിയാക്കുന്ന പ്രവണത ലോകത്ത് ഒരു ഭാഗത്തും ഇതിനു മുമ്പ് ഉണ്ടായിട്ടില്ല; ഈ വൈറസ് സ്ഥിതീകരിക്കുന്നതിനു മുമ്പുവരെ.
ഈ വൈറസ് ഏതുപ്രതലത്തിൽ പതിച്ചാലും അവിടെ മണിക്കൂറുകൾ തങ്ങിനിൽക്കും. രോഗമുള്ള ആരെങ്കിലും തുമ്മിയാലോ ചീറ്റിയാലോ അവരുടെ സ്രവം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമ്പോൾ,ആ രോഗിയുടെ രണ്ടു മീറ്റർ സാന്നിധ്യത്തിൽ രോഗമില്ലാത്തയാൾ എത്തിപ്പെടുമ്പോൾ; ആ അന്തരീക്ഷത്തിൽ നിന്നൊ
അവിടെയുള്ള പ്രതലങ്ങളിലെ കരസ്പർശനത്തിലൂടയോയാണ് പ്രധാനമായും രോഗം പകരുന്നത്.

അങ്ങിനെ വരുമ്പോൾ രോഗപ്രതിരോധശേഷിയുള്ളവനും, ഇല്ലാത്തവനും, ഒരു രോഗിയുടെ സാനിധ്യത്തിൽ രോഗം പടർന്ന്കിട്ടാൻ സാധ്യത കൂടുന്നു. ഇവിടെ വ്യക്തി ശുചിത്വവും, സാമ്പത്തിക നിലവാരവുമൊന്നും ഒരു ഘടകമല്ല. കാരണം ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ പെടുന്ന ഒരു വ്യക്തിയും (ലോകത്തിന്റെ ഒരു ഭാഗത്തും) ഇരുപത്തിനാലു മണിക്കൂറും ദേഹം വൃത്തിയാക്കി കൊണ്ടിരിക്കുകയല്ല ചെയ്യുന്നത്.

ഇതിൽ രോഗം പകർന്നുകിട്ടുന്ന രോഗപ്രതിരോധശേഷിയുള്ളവൻ രോഗവാഹിയായി തുടരുമ്പോൾ ( ഇതാണ് ഏറ്റവും അപകടം ) രോഗ പ്രതിരോധശേഷി കുറഞ്ഞ വൻ (പലതരത്തിലുള്ള ശൈലി രോഗങ്ങൾക്ക് അടിമപെട്ടവൻ ) പെട്ടെന്ന് രോഗത്തിന് അടിമപ്പെട്ട് മരണത്തിന് കീഴടങ്ങുന്നു.
ഇതാണ് ഇന്ന് ലോകം മുഴുവൻ നിലനിൽക്കുന്ന യാഥാർത്ഥ്യം. ഇതിന് രാജ്യങ്ങളുടെ സാമ്പത്തിക അവസ്ഥയുമായി ഒരുബന്ധവുമില്ല.
മറ്റൊരു തമാശയെന്നു പറയുന്നത്, വന്യ ജീവികളെ ഭക്ഷണമാക്കാൻ അനുമതി കൊടുത്ത ചൈനീസ് അധികൃതരുടെ നടപടികളെ അപലപിക്കാനോ അതിന് തടയിടാനൊ ശ്രമക്കാതെ മണ്ടത്തരങ്ങൾ നിരന്തരം എഴുന്നള്ളിക്കുകയും, ചൈനയുടെ നടപടികളെ നിരന്തരം പുകഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മുടെയെല്ലാം ആരോഗ്യം സംരക്ഷിക്കാൻ ബാധ്യതപെട്ട ലോകാരോഗ്യ സംഘടന.
ഈ അടുത്താണ്, രോഗലക്ഷണങ്ങളില്ലാത്ത രോഗവാഹികളിൽ നിന്ന് രോഗം പകരില്ലായെന്ന ആദ്യനിലപാടിനെ ലോകാരോഗ്യ സംഘടന തിരുത്തിത്.
മാസ്‌ക്ക് ധരിക്കേണ്ട കാര്യത്തിലും ലോകാ രോഗ്യ സംഘടനയ്ക്ക് വ്യക്തമായ നിലപാട് രോഗംപടർന്നു പിടിച്ച ആദ്യഘട്ടത്തിലുണ്ടായിരുന്നില്ല!
അപ്പോഴെല്ലാം രോഗം സ്ഥിതികരിച്ച സമയത്തു തന്നെ ചൈനയിലും മറ്റു തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ജനങ്ങൾ നിർബന്ധമായും മാസ്‌ക്ക് ധരിച്ചുകഴിഞ്ഞിരുന്നു.കോവിഡ് രോഗം കൈകാര്യംചെയ്യുന്ന കാര്യത്തിൽ, ലോകത്തെ നയിക്കേണ്ട, ലോകരോഗ്യ സംഘടനയ്ക്ക് അക്ഷന്തവ്യമായ തെറ്റുപറ്റിയെന്നു പറയുന്നതിൽ രണ്ടുതരമില്ല.മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യംചെയ്തുകൊണ്ടിരിക്കുന്ന കൊറോണാ വൈറസ്, തക്കതായ വാക്‌സിൻ കണ്ടുപിടിക്കുന്നതോടെ നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…