Kerala Pranamam

‘കോണ്‍ഗ്രസ് തുറന്നിരിക്കുന്നത് നുണയുടെ ചന്തയിലെ കൊള്ളയുടെ കട’ ; പരിഹസിച്ച് മോദി


ജയ്പൂര്‍: ‘നുണയുടെ ചന്തയിലെ കൊള്ളയടിക്കലിന്റെ കട’ തുറന്നിരിക്കുകയാണ് കോണ്‍ഗ്രസ് എന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘വെറുപ്പിന്റെ ചന്തയിലെ സ്നേഹത്തിന്റെ കട’ എന്ന രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിന് രാജസ്ഥാനില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി മറുപടിയുമായി എത്തിയത്.
കള്ളപ്രമാണങ്ങളുള്ള ചുവന്നഡയറിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പക്കലുള്ളതെന്നും രാജസ്ഥാനിലെ ശികാറില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ കള്ളക്കടയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ വിവരമാണ് ഈ ഡയറിയിലുള്ളത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കാനുള്ള എല്ലാം ഇതിലുണ്ടെന്നും പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന രാജസ്ഥാനില്‍ എട്ടു മാസത്തിനിടയില്‍ ഒമ്പതാം തവണയാണ് പ്രധാനമന്ത്രിയൂടെ സന്ദര്‍ശനം. അടുത്തിടെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കൂടുതല്‍ എണ്ണയിട്ടാണ് ഡയറി വിവാദം പൊങ്ങിവന്നത്.പുറത്താക്കിയതിന് പിന്നാലെ മന്ത്രി രാജേന്ദ്രസിംഗ് ഗുധ നടത്തിയ ചില വെളിപ്പെടുത്തലോടെയാണ് നിഗൂഡഡയറി വിവാദത്തില്‍ പ്രത്യക്ഷപ്പെട്ടത്. 2020 ലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് നടത്തിയ ഉള്‍പ്പാര്‍ട്ടി പോരിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ട കാലത്തും ചില സ്വതന്ത്ര എംഎല്‍എമാരും ചില ബിജെപി എംഎല്‍എമാരും തമ്മില്‍ നടത്തിയ ചില കള്ളക്കളികളുടെ വിവരങ്ങള്‍ ഡയറിയില്‍ ഉണ്ടെന്ന് ഗുധ ആരോപിച്ചിരുന്നു.സികാറിലെ റാലിയില്‍ മഹാത്മാഗാന്ധിയുടെ ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യവും പ്രധാനമന്ത്രി ഉയര്‍ത്തി. ‘അഴിമതിയും സ്വജനപക്ഷപാതവും ഇന്ത്യ വിടുക’ എന്നതാണ് ഇപ്പോള്‍ ഇന്ത്യയിലെ മുദ്രാവാക്യം. ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ഏക മുദ്രാവാക്യം ‘ഇന്ദിരയാണ് ഇന്ത്യ. ഇന്ത്യയെന്നാല്‍ ഇന്ദിര’ എന്നതായിരുന്നു. അത് പിന്നീട് ‘യുപിഎ ആണ് ഇന്ത്യ. ഇന്ത്യയെന്നാല്‍ യുപിഎ’ എന്ന് കോണ്‍ഗ്രസ് പരിഷ്‌ക്കരിച്ചു. യുപിഎയുടെ കുറ്റങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ അവര്‍ ഇപ്പോള്‍ അതും പരിഷ്‌ക്കരിച്ച് ‘ഇന്‍ഡ്യ’ എന്ന് മാറ്റിയിരികകുകയാണ് ഇപ്പോഴെന്നും പ്രധാനമന്ത്രി പറഞ്ഞു.കോണ്‍ഗ്രസും കൂട്ടുകാരും പേരുമാറ്റി ഇപ്പോള്‍ പുതിയ ട്രിക്കുമായി എത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമാണ് പേരുമാറ്റം. കോണ്‍ഗ്രസിന്റെ തലമുറയായി കമ്ബനിയുടെ പേര് മോശമാണ്. അതുകൊണ്ടാണ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ അവര്‍ പെട്ടെന്ന് പേരുമാറ്റി പുതിയ ബോര്‍ഡും തൂക്കി ബിസിനസിന് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവെച്ച് ചെയ്യുന്നത് പഴയപണി തന്നെയാണെന്നും പരിഹസിച്ചു.രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. ഇനി സഹിക്കാന്‍ രാജസ്ഥാന്‍ അനുവദിക്കില്ലെന്നും പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും നേരെയുള്ള ആക്രമണം ഇനി സംസ്ഥാനം സഹിക്കില്ല. രാജസ്ഥാനില്‍ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ പേപ്പര്‍ ചോരുന്ന വ്യവസായം നിലനില്‍ക്കുകയാണ്. യൂറിയയുടെ വില കൊണ്ടു കര്‍ഷകരെ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രം ഇനി അനുവദിക്കില്ലെന്നും താമര വിടരുന്നതിലൂടെ രാജസ്ഥാന്റെ ഭാവി മാറ്റിമറിക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായും പറഞ്ഞു.