അഹ്‌മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന് വിരാംഗം മണ്ഡലത്തില്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷം.കോണ്‍ഗ്രസിലെ ലഖാഭായ് ഭര്‍വാദിനെയാണ് പരാജയപ്പെടുത്തിയത്.2015-ല്‍ സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയാണ് ഹാര്‍ദിക് പട്ടേല്‍ പൊതുരംഗത്തെത്തിയത്. പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി (പിഎഎഎസ്) നേതാവായിരുന്നു. ഗുജറാത്തിലെ സമുദായ സംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി) അംഗവുമായിരുന്നു.പ്രക്ഷോഭത്തിന് പിന്നാലെ ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദിക് പാര്‍ട്ടിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചതോടെ അദ്ദേഹം ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടി. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തനിക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നില്ലെന്നായിരുന്നു പട്ടേലിന്റെ പരാതി.അഹമ്മദാബാദിലെ വിരാംഗം, മണ്ഡല്‍, ഡെട്രോജ് താലൂക്കുകള്‍ ഉള്‍പ്പെടുന്നതാണ് വിരാംഗം മണ്ഡലം. 2012 വരെ കോണ്‍ഗ്രസിന്റെ കൂടെയുണ്ടായിരുന്ന മണ്ഡലം 2007ലെ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി പിടിച്ചെടുത്തത്. വിരാംഗത്തിന് ജില്ല പദവി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പ്രചാരണത്തിനിടെ ഹാര്‍ദിക് പട്ടേല്‍ നല്‍കിയത്. ആധുനിക സ്പോര്‍ട്സ് കോംപ്ലക്സ്, സ്‌കൂളുകള്‍, 50 കിടക്കകളുള്ള ആശുപത്രികള്‍, 1,000 സര്‍ക്കാര്‍ വീടുകള്‍, വ്യവസായ എസ്റ്റേറ്റ് തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.പ്രമുഖ ദലിത് നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമായ ജിഗ്‌നേഷ് മേവാനിയും വിജയിച്ചു. 3857 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയിലെ മനിഭായ് ജെതാഭായ് വഗേലയെയാണ് ജിഗ്‌നേഷ് തോല്‍പിച്ചത്. മേവാനിക്ക് 92,567 വോട്ടും വഗേലക്ക് 88,710 വോട്ടും ലഭിച്ചു. ആം ആദ്മി പാര്‍ട്ടിയിലെ ദല്‍പത് ഭായ് ഭാട്ടിയക്ക് 4315 വോട്ട് മാത്രമാണ് ലഭിച്ചത്.കോണ്‍ഗ്രസിന്റെ ജനകീയ മുഖമായ മേവാനി തുടര്‍ച്ചയായ രണ്ടാം തവണയാണ് വാദ്ഗാം മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മേവാനി പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ വദ്ഗാമില്‍ 90,000ത്തോളം മുസ്‌ലിം വോട്ടര്‍മാരും 44000 ദലിത് വോട്ടര്‍മാരുമുണ്ട്.