പ്രായഭേദമന്യേ ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായതും ഏറെ സ്വീകാര്യത നേടിയതുമായ സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു ‘കോയി മില്‍ ഗയ’.ജാദൂ എന്ന അന്യഗ്രഹ ജീവിയും രോഹിത് എന്ന യുവാവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ഈ ചിത്രം വരച്ചുകാട്ടിയത്.ഇപ്പോഴിതാ കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും വേണ്ടി ‘കോയി മില്‍ ഗയ’ എന്ന സയന്‍സ് ഫിക്ഷന്‍, സിനിമയുണ്ടാക്കുക എന്ന ആശയം തനിക്ക് ലഭിച്ചത് അന്യഗ്രഹജീവിയെ അവതരിപ്പിക്കുന്ന ഒരു ആനിമേഷന്‍ പരിപാടിയുടെ ആരാധികയായിരുന്ന തന്റെ ചെറുമകളില്‍ നിന്നാണ് എന്ന് സംവിധായകന്‍ രാകേഷ് റോഷന്‍ പറയുന്നു.
‘ഒരു ദിവസം എന്റെ ചെറുമകള്‍ സുരനിക (സുനൈന റോഷന്റെ മകള്‍) ഒരു അന്യഗ്രഹജീവിയെ ചിത്രീകരിച്ച ഒരു കാര്‍ട്ടൂണ്‍ കാണുന്നത് നിരീക്ഷിച്ചപ്പോഴാണ് കോയി മില്‍ ഗയ എന്ന സിനിമ നിര്‍മ്മിക്കാനുള്ള ആശയം എന്നില്‍ ഉടലെടുത്തത്. എനിക്ക് പെട്ടെന്ന് കൗതുകം തോന്നി, അവള്‍ക്ക് ഈ ആശയം മനസ്സിലായോ എന്ന് കൗതുകത്തോടെ അവളോട് ചോദിക്കുകയും അവള്‍ വിശദീകരിക്കുകയും ചെയ്തു . അങ്ങനെ യാണ് കോയി മില്‍ ഗയ ചിത്രത്തിന്റെ കഥ പിറന്നത്. അവളുടെ പ്രായത്തിലുള്ള ഒരു കുട്ടിയ്ക്ക് അന്യഗ്രഹജീവി എന്താണെന്ന് മനസ്സിലാക്കുക മാത്രമല്ല, സയന്‍സ് ഫിക്ഷന്‍ ആശയം രസിപ്പിക്കുന്നതായി തോന്നുകയും ചെയ്തതില്‍ ഞാന്‍ അത്ഭുതപ്പെട്ടു,’ -രാകേഷ് റോഷന്‍ പറഞ്ഞു.ഹൃത്വിക് റോഷനും പ്രീതി സിന്റയും കേന്ദ്രകഥാപാത്രങ്ങളായി വന്ന് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ചിത്രമാണ് ‘കോയി മില്‍ ഗയ’. ഹൃത്വികിന്റെ പിതാവ് രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്. 2003 ആഗസ്റ്റ് എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. അന്ന് 35 കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയിരുന്നു.രേഖ, പ്രേം ചോപ്ര ജോണി ലിവര്‍, രജത് ബേദി, ബാലതാരങ്ങളായ ഹന്‍സിക മോട്വാനി, അനുജ് പണ്ഡിറ്റ് ശര്‍മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അതേസമയം, 20 വര്‍ഷത്തിന് ശേഷം ഇന്നലെ വീണ്ടും തിയേറ്ററുകളില്‍ കോയി മില്‍ ഗയ റീറിലീസ് ചെയ്തു. ഇന്ത്യയിലെ 30 നഗരങ്ങളിലാണ് ചിത്രം റീറിലീസ് ചെയ്തത്