തിരുവനന്തപുരം: വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരിനെതിരായ ആക്രമണം ഗവര്‍ണര്‍ തുടരുമ്‌ബോള്‍ കീഴടങ്ങേണ്ടതില്ലെന്ന് സി.പി.എമ്മും സര്‍ക്കാരും.ഇതുവരെ പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്നു ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ സംയമനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ കടന്നാക്രമണത്തോടെ ഇനി അതുണ്ടാകില്ലെന്ന സൂചനയാണ് സര്‍ക്കാരും നല്‍കുന്നത്.
അതോടൊപ്പം ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിക്കുകയാണെങ്കില്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ലെങ്കില്‍ പോലും അത് കോടതിയില്‍ മുമ്ബാകെ എത്തിക്കാനുള്ള നീക്കവും സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. അടുത്തയാഴ്ച മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടികാഴ്ചയുണ്ടാകാനും സാധ്യതയുണ്ട്. ഗവര്‍ണറുമായി തുറന്നപോരിനൊന്നും തയാറല്ലെന്ന സൂചന തന്നെയാണ് സര്‍ക്കാര്‍ നല്‍കുന്നത്.എന്നാല്‍, ഗവര്‍ണര്‍ ആരോപണങ്ങള്‍ തുടരുകയാണെങ്കില്‍ കൃത്യവും ശക്തവുമായ മറുപടി നല്‍കാനാണ് തീരുമാനം. പാര്‍ട്ടിയുടെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ചത്. ഗവര്‍ണര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാതിരിക്കുമ്‌ബോള്‍ അത് പ്രതിപക്ഷം പോലും ആയുധമാക്കി തങ്ങള്‍ക്കെതിരേ തിരിക്കുന്ന രീതിയുണ്ടാകുന്നെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു ഗവര്‍ണര്‍ക്കെതിരേ കടുത്ത വിമര്‍ശനവും തുടരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ കടന്നാക്രമണത്തിന് ഇന്നലെ ഗവര്‍ണര്‍ മറുപടിയുമായി രംഗത്തുവന്നെങ്കിലും അതിനും സി.പി.എം. ശക്തമായ മറുപടി തന്നെയാണ് നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ എന്തു രേഖ പുറത്തുവിട്ടാലും നിയമപരമായതാണെങ്കില്‍ അംഗീകരിക്കും. അല്ലെങ്കില്‍ ഇനി വകവയ്ക്കില്ലെന്നുതന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്. ഇതു തങ്ങള്‍ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പ് നടത്തുന്നെന്ന ആരോപണമാണ് പ്രതിപക്ഷത്തിനുള്ളത്. അത് പല സ്ഥലങ്ങളിലൂം അവര്‍ ആയുധവുമാക്കുന്നുണ്ട്.ആ ആരോപണം വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. അതുകൊണ്ടുതന്നെയാണ് ഗവര്‍ണറെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്. ഇതോടെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ളവര്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിലാണ് ഗവര്‍ണര്‍ക്ക് ഇനി സര്‍ക്കാരിനെ വെട്ടിലാക്കാന്‍ കഴിയുന്നത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെയും മടക്കി അയയ്ക്കാതെയും വച്ചിരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വെട്ടിലാകും. അത്തരം സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന വ്യവസ്ഥ ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. കോടതിയെ സമീപിക്കുന്ന കാര്യവും പറഞ്ഞിട്ടില്ല.ഇത്തരം നീക്കം ഗവര്‍ണര്‍ നടത്തുകയാണെങ്കില്‍ വിഷയം കോടതിക്ക് മുന്നില്‍ എത്തിക്കാനുള്ള നീക്കമായിരിക്കും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുകയെന്നാണ് ലഭിക്കുന്ന സൂചന. സര്‍ക്കാര്‍നേരിട്ടുപോയില്ലെങ്കിലും വിഷയം ഏത് വിധേനയേയും കോടതിക്കു മുന്നില്‍ എത്തിക്കാനാണ് ശ്രമം. വ്യവസ്ഥകളിലില്ലാത്തിടത്ത് കോടതി വ്യവസ്ഥകള്‍ ഉണ്ടാക്കുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. അതേസമയം ഇപ്പോഴുണ്ടായിരിക്കുന്ന വാക്ക്പോരും തമ്മിലെ അങ്കവും അധികം നാള്‍ നീണ്ടുനില്‍ക്കില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. തന്നെ സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നതാണ് ഗവര്‍ണറുടെ പ്രധാന പരാതി. പലകാര്യങ്ങളും തന്നെ അറിയിക്കുന്നില്ല. ആശയവിനിമയം പോലും നടത്താന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും ആരിഫ് മുഹമ്മദ്ഖാന് പരാതിയുണ്ട്. മുഖ്യമന്ത്രി ഇടയ്ക്കിടയക്ക് രാജ്ഭവനിലെത്തി ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് ആരിഫ് മുഹമ്മദ്ഖാന്റെ ആവശ്യം. അടുത്ത ആഴ്ച മുഖ്യമന്ത്രിയൂം ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്ചയുണ്ടാകും. ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം വിദേശയാത്രയ്ക്ക് പോകുന്നുണ്ട്. അതേക്കുറിച്ച് അറിയിക്കാനായി മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കും. ഈ കൂടിക്കാഴ്ചയോടെ മഞ്ഞുരുകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…