തിരൂര്‍ : വയലിലെ ചേറില്‍ കാല്‍പ്പന്തുമായി ഗോള്‍മുഖം ലക്ഷ്യംവച്ചുള്ള മുന്നേറ്റങ്ങള്‍. ചെളിയിലും വെള്ളത്തിലും കുതിര്‍ന്ന് താരങ്ങള്‍. വീണിട്ടും ആവേശംചോരാത്ത പോരാട്ടം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി എട്ട് ടീമുകള്‍. 30 മിനിറ്റ് കളി. അഞ്ചുപേര്‍വീതം ടീമില്‍. കളിക്കിടെ കണ്ണില്‍ ചെളി തെറിച്ചാല്‍ റഫറിയുടെ അനുവാദമില്ലാതെ പുറത്തുപോയി തെളിഞ്ഞ വെള്ളത്തില്‍ കണ്ണ് കഴുകി തിരിച്ചെത്താം.കാണികളില്‍ ആരവംനിറച്ച് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറിയമുണ്ടം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍ മത്സരം. കൃഷിയില്ലാതെ കിടന്ന തലക്കടത്തൂര്‍ നെല്ലിക്കാട് പാടമാണ് മഡ് ഫുട്‌ബോളിനായി ഒരുക്കിയത്.ബോണ്‍ ഫയര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മച്ചിങ്ങപ്പാറയും മിഡ് ലാന്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചുടലപ്പുറവും എറ്റുമുട്ടിയ ഫൈനല്‍ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ടോസിലൂടെ മച്ചിങ്ങപ്പാറയ്ക്ക് വിജയം. മിഡ് ലാന്‍ഡ് ചുടലപ്പുറത്തിലെ ഫര്‍ഹാന്‍ മികച്ച കളിക്കാരനായി.ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു. എ സി രാധാകൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം കോടനിയില്‍ സുലൈമാന്‍ സംസാരിച്ചു. വിജയികള്‍ക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മയൂര ജലീല്‍ സമ്മാനം നല്‍കി.