തിരുവനന്തപുരം: ആറു വര്‍ഷം മുന്‍പ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായിരുന്ന ജെസ്‌ന മരിയ ജയിംസ് ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്നും പിതാവ് ജെയിംസ് കോടതിയെ അറിയിച്ചു. ജെസ്‌നയുമായി രഹസ്യ അടുപ്പം സ്ഥാപിച്ചിരുന്ന അയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. അതേക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ലെന്നും അഡ്വ. ശ്രീനിവാസന്‍ വേണുഗോപാല്‍ മുഖേന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് സി.ബി.ഐ ഉദ്യോഗസ്ഥനോട് 19ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. സി.ബി.ഐ ശരിയായി അന്വേഷിച്ചാല്‍ സുഹൃത്തിന്റെ ചിത്രങ്ങളടക്കം തെളിവ് നല്‍കാമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. അന്വേഷണത്തിലെ ചെറിയവീഴ്ച പോലും വലിയ പിശകില്‍ കലാശിച്ചേക്കാം. സി.ബി.ഐ പിന്നിലുണ്ടെന്ന് അറിഞ്ഞാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന ഭയമുണ്ട്. ജെസ്‌ന എല്ലാ വ്യാഴാഴ്ചയും രഹസ്യമായി പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തി. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഈ ദിശയില്‍ അന്വേഷണമുണ്ടായിട്ടില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്‌നയുടെ സഹപാഠിയെയാണ്. അയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. ജെസ്‌നയെ കാണായതിന്റെ തലേദിവസമുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചില്ല. മാസമുറയാണോ ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ എന്നും അന്വേഷിച്ചില്ല. ജെസ്‌നയുടെ മുറിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും അന്വേഷണമുണ്ടായില്ല. പിതാവ് ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്തിയെന്ന് സി.ബി.ഐ മറുപടി നല്‍കി. തുടരന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിച്ചു. എന്നാല്‍, പിതാവിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല. അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിക്ക് വിവരങ്ങള്‍ നേരിട്ട് ചോദിച്ച് മനസിലാക്കാമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞതോടെയാണ് ഹാജരാകാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22ന് പുറപ്പെട്ട ജസ്‌ന ഓട്ടോറിക്ഷയില്‍ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെത്തി. അവിടെ നിന്ന് ശിവഗംഗ എന്ന ബസില്‍ മുണ്ടക്കയത്തേക്ക് പോയി. പുളികുന്നുവരെ ഇതേ ബസില്‍ ഉണ്ടായിരുന്നതായി കണിമല ബാങ്കിന്റെ സി.സി ടിവി ദൃശ്യങ്ങളിലുണ്ട്. പുളികുന്നിനും മുണ്ടക്കയത്തിനും ഇടയിലാണ് കാണാതായത്