Kerala Pranamam

തലശ്ശേരി കൊലപാതകം; പ്രാദേശികമായ പ്രശ്‌നം മൂലമെന്ന് കെ.സുരേന്ദ്രന്‍


തലശ്ശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്‌നമാണെന്നും, ബിജെപിക്കോ ആര്‍എസ്എസ്സിനോ ബന്ധമില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സിപിഐഎം നടത്തിയ കൊലപാതകങ്ങള്‍ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഐഎം ക്രിമിനലുകളാണ്. പിണറായി വിജയന്റെ തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ സിപിഎം-സിഐടിയു-ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം സിഐടിയും പ്രവര്‍ത്തകര്‍ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാന്‍ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു.കണ്ണൂരില്‍ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ബോംബ് എറിഞ്ഞതും മരിച്ചതും സിപിഐഎം പ്രവര്‍ത്തകരായിരുന്നു. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.