തിരുവനന്തപുരം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ ഗിരീഷിനെ വിജിലന്‍സ് പിടികൂടി. ഇന്നലെ വൈകിട്ട് 6ന് കിഴക്കേകോട്ട ട്രാന്‍സ്‌പോര്‍ട്ട് ഭവനു സമീപം വച്ചാണ് ഡിവൈഎസ്പി എം. പ്രസാദ്, ഇന്‍സ്‌പെക്ടര്‍ സിയാഹുല്‍ ഹഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഭൂമി സംബന്ധിച്ച ഫയല്‍ പരിശോധന നടത്താന്‍ ചിറയിന്‍കീഴ് സ്വദേശി അബ്ദുല്‍ വാഹിദില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണു സംഭവം. അബ്ദുല്‍ വാഹിദിന്റെ മുരുക്കുംപുഴയില്‍ ഉള്ള 2 ഏക്കര്‍ പുരയിടത്തില്‍ ഒരു ഏക്കര്‍, 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച സഹോദരിയുടെ മകന്റെ പേരിലേക്കു വ്യാജരേഖകള്‍ ചമച്ചു മാറ്റിയിരുന്നു.വാഹിദ് വിദേശത്തായിരുന്ന സമയത്താണു സംഭവം. ഈയിടെ നാട്ടില്‍ എത്തിയ വാഹിദ് ഭൂമി തിരികെ സ്വന്തം പേരിലാക്കാന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ താലൂക്ക് സര്‍വേയറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഓഫിസില്‍ എത്തി വാഹിദ് കാര്യം തിരിക്കിയപ്പോള്‍ ഫയല്‍ ഗിരീഷിന്റെ പക്കലാണെന്നു മനസ്സിലാക്കി. പല പ്രാവശ്യം ഉദ്യോഗസ്ഥനെ കണ്ടെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ 10,000 രൂപ കൈക്കൂലി തന്നാല്‍ വേഗത്തില്‍ ശരിയാക്കാമെന്നു മറുപടി ലഭിച്ചു. തുടര്‍ന്ന് അബ്ദുല്‍ വാഹിദ് വിജിലന്‍സിന്റെ പൂജപ്പുര സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റില്‍ പരാതി നല്‍കുകയായിരുന്നു.