ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്നും വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി ആവർത്തിച്ചു.
വാളയാറിലെ കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ വർഷങ്ങൾ കഴിഞ്ഞിട്ടും ശിക്ഷിക്കാതെ വന്നപ്പോഴാണ് കുട്ടികളുടെ മാതാപിതാക്കൾ രണ്ടുദിവസമായി വീട്ടിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച പോലീസുകാരെ ശിക്ഷിക്കണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്ന് ഉയർന്നിരിക്കുകയാണ്. അഡ്വക്കേറ്റ് ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള ജനതാദൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ആരംഭിച്ച ജാഥ തലസ്ഥാനത്തേക്ക് പ്രയാണം തുടരുകയാണ്.
പ്രതിപക്ഷ നേതാവ് ചെന്നിത്തല വാളയാറിലെ മാതാപിതാക്കൾ നടത്തുന്ന സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. തുടക്കത്തിൽ തന്നെ പോക്സോ നിയമം അനുസരിച്ച് കേസെടുത്ത് പ്രതികളെ വിചാരണ ചെയ്തിരുന്നെങ്കിൽ കോടതി പ്രതികളെ വിട്ടയക്കുമായിരുന്നില്ല. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും പറ്റിയ തെറ്റ് കാരണമാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്. ഇതിനെതിരെ കുട്ടിയുടെ കുടുംബവും സർക്കാരും നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാൻ അസാധാരണമായ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പുനരന്വേഷണം എന്ന ആവശ്യം ഉന്നയിച്ച് മാതാപിതാക്കൾ നൽകിയ ഹർജിയിൽ നവംബർ 9ന് ഹൈക്കോടതി വിധി പറയും.
ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും ഇതുപോലെ പ്രതിസന്ധിയിലാക്കിയ മറ്റൊരു പീഡനക്കേസും കേരളം കണ്ടിട്ടില്ല. യുപിയിലെ ഹത്രാസ് സംഭവത്തിന് തുല്യമായ പീഡനവും കൊലപാതകവുമാണ് വാളയാറിൽ അരങ്ങേറിയതെന്നാണ് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത്.
ഒരിക്കൽ അന്വേഷണത്തിൽ പരാജയപ്പെട്ട കേരളാ പോലീസിന് മറ്റൊരു അന്വേഷണത്തിലൂടെ നീതി ഉറപ്പാക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു. എന്നാൽ പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയിരിക്കുന്ന ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പ്രതികളെ ശിക്ഷിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്തുകൊണ്ടുവരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി ഇന്നലേയും ആവർത്തിച്ചത്.
പ്രതികളെയെല്ലാം കോടതി വെറുതെ വിട്ട സന്ദർഭത്തിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനോടൊപ്പം കുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കണ്ട് കാൽതൊട്ട് അപേക്ഷിച്ചത് കേരളം കണ്ടതാണ്. ആ സംഭവം കഴിഞ്ഞിട്ടും വർഷം ഒന്നു കഴിയുന്നു. കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ല. കേസന്വേഷണത്തിൽ പ്രതികളെ രക്ഷിച്ചു എന്ന് കരുതുന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് എസ്പിയായും ഡിവൈഎസ്പിയായും സർക്കാർ സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ഇതുപോലും തടയാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായിക്ക് കഴിയാതെ പോയതാണ് വിമർശനങ്ങൾക്ക് മൂർച്ച കൂട്ടുന്നത്.
വാളയാർ സംഭവം സർക്കാരിനെ അടിക്കാനുള്ള ആയുധമായി പ്രതിപക്ഷവും ബിജെപിയും ഉപയോഗിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്. ഇത്തരം ഒരു ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷങ്ങൾക്ക് അവസരം നൽകിയത് ആഭ്യന്തര വകുപ്പും പോലീസുമാണെന്ന കാര്യം മുഖ്യമന്ത്രി സൗകര്യപൂർവ്വം മറക്കുന്നു.
സമരത്തിൽ നിന്ന് പിന്മാറണമെന്ന് കുട്ടികളുടെ അമ്മയോട് അഭ്യർത്ഥിച്ച നിയമ മന്ത്രി എ.കെ ബാലന് എന്ത് ധാർമ്മിക അവകാശമാണ് ഇത്തരം ഒരു അഭ്യർത്ഥന നടത്താനുള്ളത്? നിയമ വകുപ്പിന്റെ കീഴിലുള്ള സർക്കാർ അഭിഭാഷകരാണ് പോക്സോ ചുമത്താതെ കേസ് തോറ്റുകൊടുത്തത്. അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ കുറ്റപത്രം സർക്കാർ അഭിഭാഷകർ വായിച്ചുപോലും നോക്കാതെ കോടതിയിൽ എത്തിച്ചതുകൊണ്ടാണ് പ്രതികളെല്ലാം രക്ഷപ്പെട്ടത്. ഒരു കോടതി വെറുതെ വിട്ട കേസ് പുനരന്വേഷിക്കാൻ സർക്കാരിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. സൂചി കൊണ്ട് എടുക്കാമായിരുന്ന മുള്ള് തൂമ്പ കൊണ്ടും എടുക്കാൻ കഴിയാത്ത നിലയിൽ കാര്യങ്ങൾ വഷളാക്കിയത് പോലീസാണെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമില്ല. എന്നിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ ഈ നിമിഷം വരെയും സ്വീകരിച്ചിരിക്കുന്നത്.
ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാർ രണ്ടുമാസത്തിനിടയിലാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൂത്ത കുട്ടി മരിച്ചതിന് ദൃക്സാക്ഷിയായിരുന്നു രണ്ടാമത്തെ കുട്ടി. ഈ കുഞ്ഞിന്റെ ജീവൻ പോലും രക്ഷിക്കാൻ പോലീസിന് കഴിഞ്ഞില്ല. രണ്ട് സഹോദരിമാരെയും പീഡിപ്പിച്ചു എന്ന് കരുതുന്ന പ്രതികൾ ഏക സഹോദരനായ ബാലനെ പോലും അപകടപ്പെടുത്താൻ ശ്രമിച്ചതാണ് ഏറ്റവും വലിയ ക്രൂരത. രണ്ട് പെൺകുട്ടികളും മാനഭംഗത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുപോലും പോക്സോ ചുമത്താനുള്ള ഉത്തരവാദിത്തം പോലീസ് കാണിച്ചില്ല. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവ്വീസിൽ വെച്ചിരിക്കുന്നത് പോലും ഗുരുതരമായ കുറ്റമാണ്. പ്രൊമോഷൻ നൽകി അവരെ ആദരിക്കുകയാണ് സർക്കാർ ചെയ്തത്.
ദളിത് കുടുംബത്തിനു നേരെയുണ്ടായ ഈ ക്രൂരത ആർക്കും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല. കുറ്റവാളികളെ ശിക്ഷിക്കുമെന്ന് സർക്കാർ പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാരിന് എന്താണ് തടസം? അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണല്ലോ സർക്കാർ തന്നെ ഹൈക്കോടതിയെ സമീപിച്ചത്? ഹൈക്കോടതി തീരുമാനം എന്തുമാകട്ടെ, കുറ്റക്കാരെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രി വിമുഖത കാണിക്കുന്നത്? രണ്ട് പെൺമക്കൾ നഷ്ടപ്പെട്ട ഒരമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കാൽ തൊട്ട് തൊഴുതുകൊണ്ട് നടത്തിയ അപേക്ഷ നിരസിക്കുന്ന തരത്തിൽ കഠിന ഹൃദയനാണോ നമ്മുടെ മുഖ്യൻ? അല്ലെന്ന് വിശ്വസിക്കാനാണ് എല്ലാവർക്കും താൽപര്യം. പക്ഷേ, ആ വിശ്വാസം ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കും സർക്കാരിനുമുണ്ട്. ഒരുവട്ടം കേരളാ പോലീസ് അന്വേഷിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയ കേസിൽ ഇതേ പോലീസ് വീണ്ടും അന്വേഷിച്ചാൽ നീതി ലഭിക്കുമോ? സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു. ആ റിപ്പോർട്ട് വെളിപ്പെടുത്താനും അതിൽ പറയുന്ന വീഴ്ചകളെക്കുറിച്ച് പരസ്യമായി അന്വേഷണം പ്രഖ്യാപിക്കാനുമുള്ള ആർജ്ജവമാണ് സർക്കാർ കാണിക്കേണ്ടത്. എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ സ്വയം ജീവനൊടുക്കിയതല്ല, അവരെ കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിലാണ് മാതാപിതാക്കളും നാട്ടുകാരും പ്രതിപക്ഷവും ഉറച്ചുനിൽക്കുന്നത്.
കോവിഡ് കാലം അല്ലായിരുന്നെങ്കിൽ കേരളത്തെ ഇളക്കിമറിക്കുന്ന പ്രക്ഷോഭമായി വാളയാർ സമരം മാറുമായിരുന്നു. കോവിഡിന്റെ പിടിയിലായതു കൊണ്ടുമാത്രം സമരങ്ങൾക്ക് പരിമിതികളുണ്ട്. ഈ പരിമിതി ഒരു സുവർണ്ണാവസരമായി സർക്കാർ കാണരുത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടതുകൊണ്ടാണ് കുട്ടികളുടെ മാതാപിതാക്കൾ വീട്ടിനു മുന്നിൽ അവസാനവട്ട സമരം തുടങ്ങിയിരിക്കുന്നത്. ഇനിയും നടപടി വൈകിയാൽ സർക്കാരിന് വലിയ വില കൊടുക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…