പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ തീരമിടിച്ചില്‍ ഭീഷണിയില്‍ നിരവധി കുടുംബങ്ങള്‍. പമ്ബ, അച്ചന്‍കോവില്‍, മണിമലയാര്‍ നദികളോട് ചേര്‍ന്ന നിരവധി പേരുടെ ഭൂമി തീരമിടിഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. ഓരോ പ്രളയത്തിലും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. പലരും തീരത്തോട് ചേര്‍ന്ന് വീടുകളും നിര്‍മിച്ചിട്ടുണ്ട്.ഇവയെല്ലാം അപകട ഭീഷണി നേരിടുന്നു. പലരുടെയും ഭൂമിയില്‍ ഉണ്ടായിരുന്ന വലിയ വ്യക്ഷങ്ങള്‍ ഉള്‍പ്പെടെ നദിയിലേക്ക് നിലംപതിക്കുകയാണ്. പത്തനംതിട്ട കല്ലറക്കടവ് കാവുംപാട്ട് ഭാഗത്ത് അഞ്ചോളം കുടുംബങ്ങളുടെ വീടുകള്‍ ഏത് നിമിഷവും നദിയില്‍ തകരാം. ഓരോ വെള്ളപ്പൊക്കം ഉണ്ടാകുമ്‌ബോഴും തീരം ഇടിഞ്ഞ് വീടുകളുടെ അടുത്തെത്തുകയാണ്. ഇപ്പോഴും വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ വീടുകളുടെ ഒരു മീറ്റര്‍ വരെ തീരം ഇടിഞ്ഞു. കാവുംപാട്ടു വീട്ടില്‍ മുരളി , ഉഷ , സെല്‍വരാജ് എന്നിവരുടെ വീടുകള്‍ കനത്ത ഭീഷണിയിലാണ്. മുളകളും കണ്ടല്‍കാടുകളും ഉള്ളതിനാല്‍ മണ്ണ് വളരെയധികം ഒലിച്ചു പോകാത്തതാണ് ഇപ്പോള്‍ ഏക ആശ്വാസം. വലഞ്ചുഴി, കൊടുന്തറ, വാഴമുട്ടം, വള്ളിക്കോട് തുടങ്ങി മിക്ക പ്രദേശങ്ങളിലും ഇതേ അവസ്ഥയാണ്.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ചു നഗരസഭ പ്രദേശത്തെ തീരങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് കെട്ടുവാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. എ. സുരേഷ് കുമാര്‍, ഷീന രാജേഷ് എന്നിവര്‍ റവന്യൂ – ധനകാര്യ വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. പമ്ബാ നദിയുടെ കരയില്‍ നൂറുകണക്കിന് കുടുംബങ്ങളുടെ ഭൂമിയാണ് തീരമിടിഞ്ഞ് നഷ്ടപ്പെടുന്നത്. തീര സംരക്ഷണത്തിനായി മുളകള്‍ വെച്ചു പിടിപ്പിക്കുന്നുണ്ടെങ്കിലും വന്‍ വെള്ളപ്പാച്ചിലില്‍ മൂടോടെ പിഴുത് തീരവും ഇടിയുകയാണ്. മണിമല, കക്കാട്, കല്ലാര്‍ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും ഇതേ ദുരിതം നേരിടുന്നു. രൂക്ഷമായ തീരമിടിച്ചില്‍ ഉള്ളിടങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ഇറിഗേഷന്‍ അടക്കം ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്. മണിമലയാര്‍ കരകവിഞ്ഞ് വഴിമാറി ഒഴുകിയതോടെ നിരവധി പേരുടെ ഭൂമി നഷ്ടമായി. കോമളം പാലത്തിനടുത്ത് ഏക്കര്‍ കണക്കിന് ഭൂമിയാണ് ഒലിച്ചുപോയത്.