Kerala Pranamam

ദുര്‍റ എണ്ണപ്പാടത്തൈച്ചാല്ലിയുള്ള ഇറാന്റെ അവകാശവാദം തള്ളി വീണ്ടും കുവൈത്ത്

കുവൈത്ത് സിറ്റി: ദുര്‍റ എണ്ണപ്പാടത്തില്‍ ഇറാന്‍ അവകാശവാദം തള്ളി വീണ്ടും കുവൈത്ത്. മേഖല പൂര്‍ണമായും കുവൈത്തിന്റെയും സൗദി അറേബ്യയുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ.സാദ് അല്‍ ബറാക് വ്യക്തമാക്കി. എണ്ണപ്പാടത്തെ കുറിച്ച പാര്‍ലമെന്ററി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇറാന്റെ അവകാശവാദങ്ങള്‍ തെറ്റാണ്, ദുര്‍റ എണ്ണപ്പാടം കുവൈത്തിന്റെയും സൗദി അറേബ്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയിലെ പ്രകൃതിവിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള പൂര്‍ണ അവകാശം ഈ രാജ്യങ്ങള്‍ക്കു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ദുര്‍റ എണ്ണപ്പാടം ഉള്‍പ്പെടെ വിഭജിച്ച മേഖലയിലെ എല്ലാ പ്രകൃതി വിഭവങ്ങളിലും തങ്ങള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്ന് കുവൈത്തും സൗദി അറേബ്യയും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. ഈ മേഖലയിലെ സമ്ബത്ത് വിനിയോഗിക്കുന്നതിന് പരമാധികാര അവകാശമുണ്ടെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഉദ്ധരിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും അനുസൃതമായി സൗദി അറേബ്യയുമായും കുവൈത്തുമായും ചര്‍ച്ചയില്‍ ഏര്‍പ്പെടാനും ഇറാനെ ക്ഷണിച്ചു.
കുവൈത്ത്, സൗദി, ഇറാന്‍ സമുദ്രാതിര്‍ത്തികളിലായാണ് ദുര്‍റ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. എണ്ണപ്പാടത്തിന്റെ ഒരുഭാഗം കുവൈത്ത് സമുദ്രപരിധിയിലും മറ്റൊരുഭാഗം ഇതുവരെ അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത കുവൈത്ത്, സൗദി സമുദ്രഭാഗങ്ങളിലുമാണ്. എന്നാല്‍, ഈഭാഗത്തിന്റെ കുറച്ച് തങ്ങളുടെ സമുദ്രപരിധിയിലും വരുന്നുണ്ടെന്നാണ് ഇറാന്റെ വാദം. ഇതംഗീകരിച്ചുകൊടുക്കാന്‍ കുവൈത്തും സൗദിയും തയാറായിട്ടില്ല. ഇരു രാജ്യങ്ങളും സംയുക്തമായി മേഖലയില്‍ പര്യവേക്ഷണങ്ങള്‍ നടത്തിവരുന്നു.2001ല്‍ തങ്ങളുടെ സമുദ്രപരിധിയെന്ന് അവകാശപ്പെടുന്നിടത്ത് ഇറാന്‍ ഡ്രില്ലിങ് തുടങ്ങിയത് വിവാദമായിരുന്നു. പിന്നീട് അത് നിര്‍ത്തിവെച്ച ഇറാന്‍ അടുത്തിടെ വീണ്ടും അവകാശവാദം ഉന്നയിച്ചിരുന്നു. അതിനിടെ, കുവൈത്തിലെ പുതിയ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ടോട്ടോഞ്ചിയുടെ യോഗ്യതപത്രം വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് വ്യാഴാഴ്ച ഏറ്റുവാങ്ങി. കൂടിക്കാഴ്ചയില്‍ ഇരുവരും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. ഇറാന്‍ വിദേശകാര്യമന്ത്രി ഡോ. ഹുസൈന്‍ അമിറബ്ദുള്ളാഹിയാന്റെ കത്ത് അംബാസഡര്‍ ടോട്ടോഞ്ചി വിദേശകാര്യ മന്ത്രിക്ക് കൈമാറുകയും ചെയ്തു. ഇറാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനുള്ള ക്ഷണം ഉള്‍പ്പെടുന്നതാണ് കത്ത്.