സുനിത മേമയുടെ സ്ഫടികചുമരുകളുള്ള വിലൈൻ ടെട്രാ അക്വാറിയത്തിലെ വാലനക്കാതെ ആഴങ്ങളുടെ ഉൾച്ചൂടിൽ പതുങ്ങിയിരിക്കുന്ന ലിലോപ്പിൻ മീനിനെ ആദ്യമായി കണ്ടപ്പോഴായിരുന്നു വൈഭവ് അത് പറഞ്ഞതെന്ന് ലേഖ ഓർത്തത്. ‘അമ്മാ, സപ്പോസ് വെള്ളത്തിൽ മുങ്ങിയാണ് മരിക്കുന്നതെങ്കിൽ, മുങ്ങാംകുഴിയിട്ടുപോയി ആഴത്തിന്റെ ഒരു പ്രതലത്തിൽ ചുരുങ്ങിയിരിക്കണം. ജീവനറ്റ ശരീരത്തെ പൊന്തിച്ചുയർത്താൻ വെള്ളത്തിനെ സമ്മതിക്കരുത്. ഇമപൂട്ടി നനഞ്ഞ ചൂടിലൂടെ ശരീരം താഴ്ന്നു പറക്കുന്നത് ഓർത്തുനോക്കിയേ… ഈ മീൻ കിടക്കുന്നതുപോലെ ജീവന്റെ ഒരു പോയിന്റിനെ പോലും മുകളിലേക്ക് അയയ്ക്കാതെ. എക്‌സിസ്റ്റൻസിനെ പൂർണമായി നിരാകരിച്ചുകൊണ്ട്.’
ആ കാഴ്ച്ച കണ്ണിൽ അറിഞ്ഞതുപോലെ ലേഖ ശബ്ദമില്ലാതെ ചിരിച്ചു. ഉയർന്ന മാർക്കിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ജെ ആർ എഫ് നേടിയ അരപ്പിരി ലൂസായ മകനെ ‘വട്ടൊരു സർഗാത്മക ബാധ്യതയാണ് അമ്മാ. ഒരു പിരി ലൂസായി ഇരിക്കേണ്ടവരെ കണ്ടത്തുന്നതുവരെ നോർമൽ ഹ്യൂമൻബീയിങ് കൊണ്ടുനടക്കുന്ന തികച്ചും നൈസർഗികമായ ബാധ്യത. ലെറ്റ് ദേം പുട്ട് ഇറ്റ് ഓൺ. അല്ലെങ്കിൽ അവരുടെ ഉറക്കമറ്റ രാത്രികൾക്ക് നമ്മൾ കാരണക്കാരായേക്കാം.’ ഒച്ചയില്ലാതെ ചുണ്ടു കോട്ടി ചിരിക്കുന്ന വൈഭവ്. ഉള്ളിലേക്ക് വലിയുന്ന അവന്റെ വെളുപ്പില്ലാത്ത ചെറിയ പല്ലുകൾ.തുമ്മലു വീണ, നേർത്ത സുഗന്ധമുള്ള അവന്റെ കൈതൂവാല.തൈരുകൂട്ടി അവൻ ഉരുട്ടിയെടുക്കുന്ന ചോറുരുളകൾ.കൈവിട്ട കണ്ണീരിന്റെ ഒരു ചരട് ലേഖയുടെ കണ്ണിലൂടെ ഊർന്നു.
‘ലേഖേ…’ സുനിത മേമ ഹെന്ന ചെയ്ത അവരുടെ വരണ്ട തലമുടിയിലൂടെ കയ്യോടിച്ചു.
‘ നമ്മുടെ ആളുകളെ കാണേം കേൾക്കേം ചെയ്യുമ്പോ നീ അൽപ്പം ഹാപ്പി ആയിക്കോളും എന്നുവിചാരിച്ചാ ഞാൻ നിന്നെ പിടിച്ചപിടിയാലേ കൂട്ടികൊണ്ടുവന്നേ… എന്നിട്ട് നീ ഇങ്ങനെ ഓരോ മൂലയിലേക്ക് ചാരി നില്ക്കാണോ?’
പതറിയ ശ്വാസത്തിന്റെ ഒരു കഷ്ണം ലേഖയിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ചു.
സുനിതാമേമയുടെ ഇളയമകൾ ജയരേഖയുടെ കല്യാണ റിസെപ്ഷനിലേയ്ക്ക് ആകുലതയോടെ കൊണ്ടുവരപ്പെട്ട തീർത്തും ഒറ്റപ്പെട്ട ഒരു ജീവിയാണല്ലോ താൻ എന്നോർത്ത് ലേഖ ഒരു ക്ഷീണിച്ച ചിരി ചിരിച്ചു.
‘പോയവര് പോയില്ലേ… കൂടെ ചാവാനൊന്നും ആർക്കും പറ്റില്ല. അത് ആദ്യം മനസിലേക്കങ്ങ്് എടുക്കുക. അപ്പൊ തന്നെ കുറച്ചു റിലീഫ് കിട്ടും.’ ഇത്ര അനായാസേന മനുഷ്യന് സമാധാനിപ്പിക്കാൻ കഴിയുന്നത് അവൻ അവന്റെ ഏറ്റവും വലിയ കംഫോർട് സോണിൽ നെഞ്ചുവിരിച്ച് നിൽകുമ്പോൾ മാത്രമാണല്ലോ എന്നോർത്ത് ലേഖ തലയാട്ടി. വീടിനകം ഭംഗിയുള്ള വെണ്ണ വെളിച്ചം തൂവി പരന്നു കിടക്കുകയാണ്. വളകളുടെ കിലുക്കം.സ്‌പ്രേയുടെ ഗന്ധത്തിന് കൊല്ലാൻ കഴിയാത്ത ഇൻഡോർ പുഷ്പങ്ങളുടെ നേർത്ത മണം വായുവിൽ ചിതറി കിടപ്പുണ്ട്. ഉലയുന്ന സാരി കനപ്പുകളുടെ, തിളങ്ങുന്ന ഛായവരകളുടെ ഒരു തലതിരിഞ്ഞ ഭൂഖണ്ഡം എത്ര മനുഷ്യപ്പറ്റില്ലാതെയാണ് തനിക്കുചുറ്റും കറങ്ങുന്നതെന്നോർത്ത് ലേഖ കണ്ണുമിഴിച്ചു.
‘ലേഖേന്റി…’ ബഹളത്തിന്റെ ഒരു വളവിൽനിന്ന്, ഹൃദയത്തിലേക്ക് വിരണ്ടു നീളുന്ന നന്നേ മെലിഞ്ഞ ഒരു ശബ്ദം.
ധരണിയാണ്.
സുനിതമേമയുടെ കസിന്റെ മകളായ ധരണി.
വൈഭവിന്റെ സുഹൃത്തായിരുന്ന ധരണി.
അവന്റെ കാമുകിയായിരുന്ന ധരണി.
അവന്റെ പങ്കുകാരിണി ആയേക്കാമായിരുന്ന ധരണി.
ബഹളത്തിന്റെ, നിലവിളിയുടെ കണ്ണീർവരകളുടെ ഒരുൾത്തിരിവിൽ നിന്ന് അവൾ തന്റെ കൈത്തുമ്പിലേക്ക് കയറിവരികയാണ്.
‘മോളെ’, ലേഖ അങ്ങനെ വിളിച്ചുവോ?
ധരണി ലേഖയെ കുറച്ചേറെനേരം നോക്കി നിന്നു. നോട്ടത്തിൽ നിന്ന് കണ്ണുകൾ അഴിച്ചെടുത്ത് സംസാരിക്കാൻ തുടങ്ങുക എന്നത് തന്നെക്കൊണ്ട് സാധിക്കാത്ത
ദൗത്യമാണെന്ന് അവളെ ഓർമ്മിപ്പിച്ചുകൊണ്ട്.
മൊബൈൽ തുറന്ന് ധരണി ലേഖയെ ഒരു ജലഛായ ചിത്രത്തിന്റെ ഫോട്ടോഗ്രാഫ് കാണിച്ചു.
വളച്ചുവരകളിൽനിന്ന് മുഖമൊപ്പിയെടുക്കുന്നതുപോലെ അത് വൈഭവന്റേതാണെന്ന് ആയാസരഹിതമായി ലേഖ തിരിച്ചറിഞ്ഞു.
തിരകളൂതിയാറ്റിയ അറ്റമൊടുങ്ങാത്ത കരിനീലകടൽ, ദൂരെയെങ്ങോപ്രേതമാവേശിച്ച ഒരു പായകപ്പൽ,ചിറകുകളില്ലാതെ ശൂന്യമായൊരു വെളിച്ചം വീഴ്ത്തി അകലേക്ക് കണ്ണയച്ച് തനിയെ ഒരു നക്ഷത്രം.
വിസ്തൃതമായ ഏകാന്തത.
ലേഖയ്ക്ക് ഒച്ചവെച്ചു കരയാൻ തോന്നി.
നെറ്റി മീൻകൊത്തി പിഞ്ഞിയ, ഈർപ്പം മാറാത്ത വൈഭവിന്റെ ശരീരം മഞ്ഞ പെയിന്റടിച്ച ഡ്രോയിങ് റൂ മിൽ കൊണ്ടുവെച്ചപ്പോൾ കരഞ്ഞതിനേക്കാൾ ഉച്ചത്തിൽ.
ഒച്ചവറ്റി, പതഞ്ഞുപൊങ്ങി, വേദനയുടെ വിളുമ്പിൽ മഞ്ഞച്ചു നിന്ന് കരഞ്ഞതുപോലെ ഒരുതവണ കൂടി കരയാൻ ലേഖയ്ക്ക് ആർത്തി തോന്നി.
‘ അന്ന് ട്രിപ്പ് പോയപ്പോ രാത്രി എനിക്ക് വാട്ട്‌സാപ് ചെയ്തു തന്നതായിരുന്നു. ഇന്നലെ വീണ്ടും നോക്കിയപ്പോ ആന്റിയെ ഒന്ന് കാണിക്കാൻ തോന്നി.’ കരിനീലക്കടലിന്റെ, തിരയില്ലാത്ത കടലിന്റെ ഉൾച്ചൂടിൽ കണ്ണടച്ചു നീന്തുന്ന വൈഭവിനെ ലേഖ ഓർത്തു നോക്കി.ജീവന്റേതായ എല്ലാ ചലനങ്ങളും നിരാകരിച്ചുകൊണ്ട് തനിച്ചു നീന്തിയൊടുങ്ങുന്ന, ഇളം റോസ് കവിളുകളുള്ള തന്റെ മകൻ. കണ്ണീരിന്റെ കട്ടിയേറിയ ഒരു ജലപ്പാട വീണ് ചിതറിയപോലെ ലേഖ താഴേക്ക് താഴേക്ക് ആണ്ടുമുങ്ങി…
—-
പുതിയ തലമുറയിലെ എഴുത്തുകാരിൽ ശ്രദ്ധേയയായ ഹരിത മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദത്തിന് ശേഷം ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ രണ്ടാം വർഷ വിദ്യാർത്ഥിനി. രാജലക്ഷ്മി പുരസ്‌കാരം, കോവിലൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ. പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു. വിലാസം: മങ്ങന്തറ ഹൗസ്, കൊളത്തറ പോസ്റ്റ്, കോഴിക്കോട്്. ഫോൺ: 6282880018
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







