ദോഹ: പന്തുരുളാന്‍ രണ്ടാഴ്ചയിലേറെ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സൗദിയില്‍ നടത്തം തുടങ്ങിയ അബ്ദുല്ല അല്‍ സലാമി ദോഹയിലെത്തി.സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ സൗദിയിലെ ജിദ്ദയില്‍നിന്നും തുടങ്ങിയ കാല്‍നട യാത്രയാണ് രണ്ടു മാസം തികയും മുമ്‌ബേ ലോകകപ്പിന്റെ വേദിയില്‍ സമാപിച്ചത്. ഞായറാഴ്ച രാത്രിയില്‍ അബു സംറ അതിര്‍ത്തി കടന്ന അല്‍ സലാമി അടുത്ത ദിവസം ദോഹ കോര്‍ണിഷിലെത്തിയപ്പോള്‍ ആരാധകര്‍ ഒരുക്കിയത് വന്‍ വരവേല്‍പ്പായിരുന്നു. 55ദിവസം കൊണ്ടാണ് 1600 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചത്.ജിദ്ദയില്‍നിന്നും ബാഗുമണിഞ്ഞ് സൗദി, ഖത്തര്‍ ദേശീയ പതാകകള്‍ കുത്തിവെച്ച് നടന്നു നീങ്ങിയ അല്‍ സലാമിയുടെ ലോകകപ്പ് യാത്ര നേരത്തേ തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. സൗദി ഗ്രാമങ്ങളും വിവിധ ഗോത്ര മേഖലകളും കടന്നുള്ള യാത്രയുടെ വിവരങ്ങള്‍ സമൂഹമാധ്യമ പേജുകളിലൂടെ ലോകവുമായി പങ്കുവെച്ചു. ചെറിയ ടെന്റും അത്യാവശ്യ വസ്തുക്കളും കരുതിയായിരുന്നു യാത്ര. പകലും രാത്രിയും നീണ്ട യാത്രകഴിഞ്ഞ് ലക്ഷ്യ സ്ഥാനത്തെത്തിയ അല്‍ സലാമിയെ ദോഹയിലെ ആരാധകര്‍ ആവേശത്തോടെ വരവേറ്റു.കോര്‍ണിഷിലെ കൗണ്ട് ഡൗണ്‍ ക്ലോക്കിന് മുന്നില്‍ കേക്ക് മുറിച്ചും ചിത്രം പകര്‍ത്തിയുമായിരുന്നു അയല്‍നാട്ടില്‍ നിന്നെത്തിയ ആരാധകനെ ഖത്തര്‍ സ്വീകരിച്ചത്. യാത്രയുടെ പ്രതീകമായി ചെങ്കടലില്‍ നിന്നും ഒരു കുപ്പിയില്‍ ശേഖരിച്ച വെള്ളവുമായാണ് സലാമി ദോഹയിലെത്തിയത്. ഇത് അറേബ്യന്‍ ഉള്‍ക്കടലില്‍ ഒഴിച്ചായിരുന്നു ഫുട്ബാള്‍ ആവേശത്തിലേക്കുള്ള സഞ്ചാരം പൂര്‍ത്തിയാക്കിയത്. നവംബര്‍ 22ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് സൗദിയുടെ ആദ്യ മത്സരം. കിരീട ഫേവറിറ്റുകളായി എത്തുന്ന അര്‍ജന്റീനയാവും അവരുടെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…