Kerala Pranamam

നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

 

 


തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിന്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അന്‍വര്‍ ഇടത് മുന്നണിയെ വഞ്ചിച്ചു. അന്‍വര്‍ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അന്‍വര്‍. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അന്‍വര്‍ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. സ്വരാജ് നിലമ്പൂരില്‍ സമ്മതനാണ്. പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
എം സ്വരാജ് നിലമ്പൂരിലെ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. നിലമ്പൂരില്‍ എം സ്വരാജിന്റെ വരവോടെ എല്‍ഡിഎഫ് വിജയം കൂടുതല്‍ സുനിശ്ചിതമായി. ആശയപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന യുഡിഎഫ് -ബിജെപി ശക്തികളെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ സമരത്തില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് സ്വരാജ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്വരാജ് നല്ല സ്ഥാനാര്‍ത്ഥിയാണെന്നും മിടുക്കനായ ചെറുപ്പക്കാരന്‍ ആണെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഒരുമിച്ച് സഭയില്‍ അദ്ദേഹത്തിന്റെ പ്രകടനം നേരിട്ടുകണ്ടിരുന്നു. വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ മിടുക്കനാണ്. നിലമ്പൂരില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.