Kerala Pranamam

പണവും വേണ്ട സ്വര്‍ണവും വേണ്ട, ഈ കള്ളന് പ്രിയം ഒരൊറ്റ സാധനത്തോട് മാത്രം, കട്ടള ഗോപാലനെപ്പോലെ മറ്റൊരു കള്ളന്‍

തൊടുപുഴ: ‘ഇഷ്ടപ്പെട്ടു,? എടുക്കുന്നു’ എന്ന കുറിപ്പെഴുതി വച്ച് പുതിയതായി പണിയുന്ന വീടിന്റെ കട്ടള മോഷ്ടിക്കുന്ന ദിലീപ് കഥാപാത്രമായ ക്രേസി ഗോപാലനെ പോലെ വെള്ളമടിക്കുന്ന മോട്ടോര്‍ മോഷ്ടിക്കുന്ന കള്ളന്‍ മണക്കാടുകാരുടെ വെള്ളംകുടി മുട്ടിക്കുന്നു.പഞ്ചായത്തില്‍ കിണറുകള്‍ക്ക് സമീപവും കൃഷിയാവശ്യത്തിന് എം.വി.ഐ.പി കനാലിന് സമീപവും സ്ഥാപിച്ചിരുന്ന എട്ടു മോട്ടോറുകളാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ നഷ്ടമായത്.പ്രധാനമായും എട്ടാം വാര്‍ഡിലാണ് മോഷണശല്യം. ഏറ്റവുമൊടുവില്‍ ജൂണ്‍ 16നായിരുന്നു മോഷണശ്രമം. പുതുപ്പരിയാരം വിതയത്തില്‍ വി.ജെ. സെബാസ്റ്റ്യന്റെ മോട്ടോര്‍ കടത്താനുള്ള ശ്രമം പക്ഷേ,? പാളി. ചങ്ങലയില്‍ ബന്ധിച്ച് കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിച്ചിരുന്ന മോട്ടോര്‍ ഇളക്കാന്‍ കഴിഞ്ഞില്ല. ചങ്ങല അറുത്തെങ്കിലും കോണ്‍ക്രീറ്റ് തറയില്‍ നിന്ന് മോട്ടോര്‍ ഇളക്കാനായില്ല. പൈപ്പുകളും വയറിങും നശിപ്പിച്ചു.ഓന്തുംപാറയില്‍ സോമന്റെ രണ്ടു മോട്ടോറുകളാണ് നഷ്ടമായത്. ആദ്യ മോട്ടോര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയ ശേഷം പുതിയത് വാങ്ങി സ്ഥാപിച്ചതും കൊണ്ടുപോയി. പുത്തന്‍പുരയ്ക്കല്‍ സോമന്‍, റോജര്‍ കുന്നംകോട്ട് എന്നിവര്‍ക്കും മോട്ടോര്‍ നഷ്ടമായി. പൊലീസ് അന്വേഷണം നടത്തി മടങ്ങി ഏതാനും ദിവസത്തിനുള്ളില്‍ മറ്റപ്പറമ്ബില്‍ ചെറിയാന്റെ മോട്ടോറും മോഷ്ടിച്ചു. സമീപത്ത് മറ്റൊരു വീട്ടിലെ മോട്ടോര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കേടുപാടു വരുത്തി.വേറൊന്നും വേണ്ട, മോട്ടോര്‍ മാത്രം മതിമോട്ടോര്‍ മോഷ്ടിക്കപ്പെടുന്ന വീടുകളില്‍നിന്നും മറ്റൊന്നും നഷ്ടപ്പെടാറില്ല. ഒറ്റ ലക്ഷ്യം, അത് മോട്ടോര്‍ മാത്രമാണ്. ഇതെന്തൊരു കള്ളന്‍ എന്നാണ് നാട്ടുകാരെ ആശ്ഛര്യപ്പെടുത്തുന്നത്. എങ്ങനെയെങ്കിലും പൊലീസ് ഇടപെട്ട് പിടികൂടണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.. ഇക്കാര്യം ആവശ്യപ്പെട്ട് തൊടുപുഴ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.