Kerala Pranamam

പാകിസ്താനില്‍ ട്രെയിന്‍ പാളം തെറ്റി:അപകടത്തില്‍ 30 മരണം

പാകിസ്താനില്‍ ട്രെയിന്‍ പാളം തെറ്റി 30 മരണം. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കുളള ഹസാര എക്സ്പ്രസ് ആണ് അപകടത്തില്‍പെട്ടത്.നവാബ്ഷാ ജില്ലയിലെ സര്‍ഹാരി റെയില്‍വേ സ്റ്റേഷന് സമീപത്ത് ആണ് ട്രെയിന്‍ പാളം തെറ്റിയത്.അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. 15 ഓളം മൃതദേഹങ്ങള്‍ തകര്‍ന്ന ബോഗിയില്‍ നിന്ന് ലഭിച്ചതായി പാകിസ്താന്‍ റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട് മഹ്മൂദ് റഹ്മാന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പാകിസ്താന്‍ റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട് മഹ്മൂദ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്ന ബോഗികള്‍ ട്രാക്കില്‍ നിന്ന് മാറ്റും. കറാച്ചിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ വൈകിയേക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആയിരത്തിലധികം യാത്രക്കാരുമായി പോയ ട്രെയിന്‍ അമിത വേഗതയിലല്ല സഞ്ചരിച്ചിരുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പാകിസ്താന്‍ റെയില്‍വേ മന്ത്രി റഫീഖ് പറഞ്ഞു.