പാലക്കാട് ബിജെപിയില്‍ വിവാദമായി ലഡൂ വിതരണം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്ക്‌പോരുകള്‍ക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ വീണ്ടുമൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണിപ്പോള്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന്റെ ഭാഗമായി നടന്ന ലഡു വിതരണത്തില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പങ്കാളിയായതാണ് പുതിയ വിവാദം. നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ വിജയാഘോഷത്തിലാണ് ചെയര്‍പേഴ്‌സണ്‍ ലഡു സ്വീകരിച്ചത്. പ്രമീള ശശിധരന് കോണ്‍ഗ്രസ് നേതാക്കള്‍ ലഡു വായില്‍വെച്ച കൊടുക്കുന്ന ദൃശ്യങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിക്കൊണ്ട് പ്രചാരണം ആരംഭിച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍ വിഭാഗം. ബിജെപി മുതിര്‍ന്ന അംഗം എന്‍ ശിവരാജന്‍ മധുരം എടുക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ അദ്ദേഹം പിന്മാറുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചയക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വീണുകിട്ടിയ ആയുധം വേണ്ടവിധം ഉപയോഗിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൃഷ്ണകുമാര്‍ പക്ഷം.
അതേസമയം, പാലക്കാട്ടെ തോല്‍വിയുടെ പേരില്‍ ബിജെപിയ്ക്കുള്ളില്‍ പോര് മുറുകുന്നതിനിടെ നാളെ സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ചേരും. സംഘടനാ തിരഞ്ഞെടുപ്പാണ് അജണ്ടയെങ്കിലും A ക്ലാസ് മണ്ഡലത്തിലെ തോല്‍വി ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. തോല്‍വിയുടെ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് വിവിധ വിഭാഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നാണ് നഗരസഭ ചെയര്‍പേഴ്‌സന്റെ നിലപാട്. ഒരേ സ്ഥാനാര്‍ത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തില്‍ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. മാറ്റം വേണമെന്ന തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. എന്നാല്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന് വേണ്ടി കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥി എങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.
പ്രതിരോധം എന്ന നിലയില്‍ ഇതിനോടകം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. പാലക്കാട് സി കൃഷ്ണകുമാറിനോട് എതിര്‍പ്പുള്ള കൗണ്‍സിലര്‍മാരില്‍ പലരും പാലം വലിച്ചു എന്നാണ് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. നിശ്ചയിച്ച സ്ഥലത്ത് പ്രചാരണത്തിന് എത്താതെ ശോഭാ സുരേന്ദ്രന്‍ തോല്‍വി ഉറപ്പാക്കാന്‍ ശ്രമിച്ചതായും, പി രഘുനാഥിന്റെ ഏകോപനം പാളിയെന്നും കെ സുരേന്ദ്രന്‍ വിഭാഗം തുറന്നടിക്കുന്നു. കെ സുരേന്ദ്രനെ കൈവിട്ട വി മുരളീധരനും രാജിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ പാര്‍ട്ടിക്കുള്ളില്‍ പോരില്‍ കെ സുരേന്ദ്രന് പിന്തുണയുമായി ദേശീയ നേതൃത്വം രംഗത്തെത്തി. ആരും രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അസംബന്ധം എന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കി. പരസ്യപ്രതികരണങ്ങള്‍ വിലക്കിയ നേതൃത്വം കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…