Kerala Pranamam

പുതുവര്‍ഷത്തിലെ ഐ.എസ്.ആര്‍.ഒയുടെ എക്സ്പോസാറ്റ് വിക്ഷേപണം വിജയം

പുതുവര്‍ഷ ദിനത്തില്‍ ആദ്യ വിക്ഷേപണവുമായി ഐ.എസ്.ആര്‍.ഒ . തമോഗര്‍ത്തങ്ങളെ കുറിച്ച് പഠിക്കുന്ന എക്സ്പോസാറ്റ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണവുമാണിത്. പി.എസ്.എല്‍.വി സി-58 റോക്കറ്റില്‍ ഒരു എക്സ്റേ- പോളാരിമീറ്ററും 10 മറ്റ് പരീക്ഷണ ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി-58 ഇന്ന് രാവിലെ ബഹിരാകാശത്തേക്ക് കുതിച്ചത്.ബഹിരാകാശ

ത്തെ എക്‌സ്‌റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി, തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോള്‍), ന്യൂട്രോണ്‍ താരങ്ങള്‍ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയാണ് എക്‌സ്‌പോസാറ്റിന്റെ ലക്ഷ്യം. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ ധ്രുവണത്തെ (പോളറൈസേഷന്‍) കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എക്‌സ്‌പോസാറ്റിനെ പി.എസ്.എല്‍.വി. സി. 58 സുരക്ഷിതമായി എത്തിച്ചു.തമോഗര്‍ത്തങ്ങളെ കുറിച്ച് പഠിക്കുന്ന എക്സ്റേ-പോളാരിമീറ്റര്‍ ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ ആദ്യ ഉദ്യമമാണ്.ഒക്ടോബറില്‍ ഗഗന്‍യാന്‍ ടെസ്റ്റ് വെഹിക്കിള്‍ D1ന്റെ വിജയത്തിനു ശേഷം നടക്കുന്ന ആദ്യ പരീക്ഷണവുമാണിത്.തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറുഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെസ്വാധീനിക്കുന്നു എന്നാണ് ‘വിസാറ്റ്’ പഠിക്കുക. സൂപ്പര്‍നോവ സ്‌ഫോടനങ്ങള്‍ പോലുള്ള പ്രപഞ്ചത്തിലെ ഏറ്റവും രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ അനാവരണം ചെയ്യുന്നതിനും ഇത്തരം ദൗത്യങ്ങള്‍ സഹായകമാണ്. ഈപ്രക്രിയകളെയും അവ പുറപ്പെടുവിക്കുന്ന എക്‌സ്-റേയെയും കുറിച്ച് അന്വേഷിക്കുന്ന ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അവ പ്രധാനമാണ്. ധ്രുവീകരണം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠിക്കുന്നതിലൂടെ, പ്രകാശം എവിടെ നിന്നാണ് വരുന്നതെന്നും ആ ഊര്‍ജ്ജ സ്രോതസ്സ് എന്താണെന്നും മനസിലാക്കാന്‍ കഴിയും. 2021 ഡിസംബറില്‍ ബഹിരാകാശത്ത് എക്‌സ്-റേ പോളാരിമീറ്ററുകള്‍ പഠിക്കാനുള്ള ഒരു ദൗത്യവും നാസ അടുത്തിടെ ആരംഭിച്ചു. IPEX (ഇമേജിംഗ് എക്‌സ്-റേ പോളാരിമെട്രി എക്‌സ്‌പ്ലോറര്‍) എന്ന ദൗത്യം ഇതിനകം രണ്ട് വര്‍ഷത്തെ ദൗത്യകാലം പൂര്‍ത്തിയാക്കി, 2025 വരെ നീട്ടിയിട്ടുണ്ട്.1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എല്‍.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളിലൂടെ പി.എസ്.എല്‍.വി. 345 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.