Kerala Pranamam

പ്രദീപ് സിങ് വഘേല രാജിവെച്ചു

ഗാന്ധിനഗര്‍: ഗുജറാത്ത് ബി.ജെ.പിയിലെ പ്രമുഖ നേതാവ് പ്രദീപ്സിങ് വഘേല, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു. സൗത്ത് ഗുജറാത്തില്‍, സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. സി.ആര്‍. പാട്ടീലിനെതിരേ പാര്‍ട്ടിയില്‍ കലാപം കടുക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വഘേലയുടെ രാജിയെന്നത് ശ്രദ്ധേയമാണ്.2010 ഓഗസ്റ്റ് പത്തിനാണ് വഘേല ഗുജറാത്ത് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. കുറച്ചുദിവസം മുന്‍പ് താന്‍ രാജി സമര്‍പ്പിച്ചിരുന്നെന്ന് വഘേല വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് രാജിവെച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ബി.ജെ.പി. സംസ്ഥാന ആസ്ഥാനം ശ്രീകമലത്തിന്റെ ചുമതലക്കാരന്‍ കൂടിയായിരുന്നു വഘേല.സി.ആര്‍. പാട്ടീലിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സൗത്ത് ഗുജറാത്തില്‍നിന്നുള്ള മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ ഈയാഴ്ച ആദ്യം സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കുന്നതില്‍ അഴിമതി കാണിച്ചുവെന്നായിരുന്നു പാട്ടീലിനെതിരെ ഉയര്‍ന്ന ആരോപണം. ചോര്യാസി മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. സന്ദീപ് ദേശായിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.