ബാബരി മസ്ജിദ് കേസിൽ ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു
ലഖ്‌നൗ: അയോധ്യയിലെ ബാബരി മസ്്ജിദ് (തർക്ക മന്ദിരം) തകർത്ത കേസിൽ ലഖ്‌നൗ പ്രത്യേക സിബിഐ കോടതിയുടെ വിധി പ്രസ്താവിച്ചു. കേസിൽ തെളിവില്ല. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരെയെല്ലാം വെറുതെ വിട്ടു. മന്ദിരം തകർത്തത് ആസൂത്രിതമല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ 32 കുറ്റാരോപിതരേയും കുറ്റവിമുക്തരാക്കി കോടതി അറിയിച്ചു.
2000 പേജുള്ളതാണ് വിധി. വിധിയുടെ പശ്ചാത്തലത്തിൽ യുപിയിൽ അടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്. 28വർഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാർ യാദവ് വിധി പുറപ്പെടുവിച്ചത്.
മുൻ ഉപ പ്രധാനമന്ത്രി എൽ. കെ അദ്വാനിക്ക് പുറമെ മുതിർന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹർ ജോഷി, ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ ആരോപണ വിധേയരായിട്ടുള്ളത്. ഇവരോട് കോടതിയിൽ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ 26 പേർ കോടതിയിൽ ഹാജരായി.
എന്നാൽ, പ്രായവും കോവിഡ് സാഹചര്യവും പരിഗണിച്ച് അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാ ഭാരതി, നിത്യഗോപാൽ ദാസ് എന്നിവർ കോടതിയിൽ ഹാജരായില്ല. എന്നാൽ, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വീഡിയോ കോൺഫറൻസ് വഴി വിധി പ്രഖ്യപനത്തിൽ പങ്കെടുക്കാനുള്ള അഭിഭാഷകർ അപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. ഉമാ ഭാരതി എയിംസിൽ കോവിഡ് ചികിത്സയിലാണ്.
1992 ഡിസംബർ 6നാണ് തർക്കമന്ദിരം തകർക്കപ്പെടുന്നത്. നീണ്ട 28 വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് കേസിൽ ഇന്ന് വിധി പുറപ്പെടുവിച്ചത്. 2017ൽ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികൾ നീണ്ടു. ഈ വർഷം ഏപ്രിലോടെ നടപടികൾ പൂർത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നൽകി. അതിനിടെ കഴിഞ്ഞ വർഷം സെപ്തംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനൽകി. ഇന്നു തന്നെയാണ് ജഡ്ജി വിരമിക്കുന്നതും.
എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, യുപി മുൻ മുഖ്യമന്ത്രി കല്യാൺസിങ്, വിഎച്ച്പി നേതാവ് വിനയ് കത്യാർ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുൻ എംപി), സാധ്വി ഋതംബര, വിഷ്ണുഹരി ഡാൽമിയ, ചമ്ബത്ത് റായ് ബൻസൽ, സതീഷ് പ്രഥാൻ, ധരം ദാസ്, മഹന്ത് നൃത്യ ഗോപാൽ ദാസ്, മഹാമണ്ഡലേശ്വർ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാൽ ശർമ, സതീഷ് ചന്ദ്ര നാഗർ എന്നീ 15 പേർക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രിൽ 19ന് പുനഃസ്ഥാപിച്ചത്. ഇവരുൾപ്പെടെ കേസിലെ 48 പ്രതികളിൽ 32 പേരാണ് ജീവിച്ചിരിക്കുന്നത്. രാജസ്ഥാൻ ഗവർണറായിരുന്നതിനാൽ കല്യാൺ സിങ്ങിന് വിചാരണ നേരിടുന്നതിൽനിന്ന് സംരക്ഷണം ലഭിച്ചിരുന്നു. ഗവർണർസ്ഥാനം ഒഴിഞ്ഞതോടെ കല്യാൺ സിങ്ങും പിന്നീട് വിചാരണ നേരിട്ടു.
ശിവസേനാ നേതാവ് ബാൽ താക്കറെ, വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോർ, അശോക് സിംഘൽ, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വർ സാവെ എന്നിവർ വിചാരണകാലയളവിൽ അന്തരിച്ചു.
ബാബ്‌റി മസ്ജിദ് കേസ്, നാൾ വഴി
1992 ഡിസംബർ 6: ബാബരി മസ്ജിദ് തകർക്കപ്പെടുന്നു. ഒരു ലക്ഷത്തോളം വരുന്ന കർസേവകർ ആറ് മണിക്കൂർ സമയമെടുത്താണ് മസ്ജിദ് അഥവാ തർക്കമന്ദിരം തകർത്തത്. തുടർന്ന് രാജ്യം കുരുതിക്കളമായി മാറി. രാജ്യമൊട്ടാകെയുണ്ടായ സംഘർഷങ്ങളിൽ രണ്ടായിരത്തിലധികം ജീവനുകൾ പൊലിഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകൾ.
1990 സെപ്തംബർ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്ന് എൽ കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് മസ്ജിദിന്റെ തകർക്കലിലേക്ക് നയിച്ചത്. കർസേവകർക്കെതിരെ നടപടി എടുക്കുന്നതിൽ നിന്നും അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗ് പൊലീസിനെ വിലക്കിയെന്നാണ് ആരോപണം.
1993 ഒക്ടോബർ അഞ്ചിനാണ് കേസിൽ സിബിഐ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചത്. 49 പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. അതിൽ 17 പേർ മരിച്ചു. 600 രേഖകൾ തെളിവായി സമർപ്പിച്ച കേസിൽ 351 സാക്ഷികളെ വിസ്തരിച്ചു.
നിലവിൽ 32 പ്രതികളാണ് കേസിൽ ഉള്ളത്. അന്നത്തെ പ്രധാന ബിജെപി നേതാക്കളായിരുന്ന മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി, മുൻ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹർ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗ്, വിനയ് കട്ടിയാർ, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പേരാണ് പ്രതികൾ.
എല്ലാ കേസുകളും ലക്‌നൗ സി.ബി.ഐ കോടതിയിലേക്ക് മാറ്റി സർക്കാർ യു.പി വിജ്ഞാപനമിറക്കിയതിന് പിന്നാലെ 1993 ഒക്ടോബറിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയ നേതാക്കളെ പ്രതികളാക്കി അനുബന്ധകുറ്റപത്രം സമർപ്പിക്കുന്നത് 1996ൽ. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച് കോടതി, ഗൂഢാലോചനാക്കുറ്റവും ചുമത്തി. എന്നാൽ കേസുകളെല്ലാം ലക്‌നൗ കോടതിയിലേക്ക് മാറ്റിയ വിജ്ഞാപത്തിലെ സാങ്കേതികവശം ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.
2001 ഫെബ്രുവരി 12ന് നേതാക്കൾക്കെതിരായ ഗൂഢാലോചന കേസ് ലക്‌നൗ കോടതിയിലേക്ക് മാറ്റിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ഹൈക്കോടതി വിധിച്ചു. സാങ്കേതിക പിഴവ് പരിഹരിച്ച് സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അന്നത്തെ ബി.ജെ.പി സർക്കാർ തയാറായില്ല. തുടർന്ന് ഗൂഢാലോചനക്കുറ്റം ഒഴിവാക്കി അഡ്വാനിക്കും കൂട്ടർക്കുമെതിരെ റായ്ബറേലി കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
ഗൂഢാലോചനക്കുറ്റം ഒഴിവായതോടെ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി 2003ൽ റായ്ബറേലി കോടതി പ്രതികളെ കുറ്റവിമകുക്തരാക്കി. 2010ൽ ഹൈക്കോടതിയും ഇത് ശരിവച്ചു. ഒടുവിൽ 2017 ഏപ്രിൽ 19ന് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടവിച്ചു. അഡ്വാനിയുൾപ്പെടേ മുഴുവൻ പ്രതികളും ഗൂഢാലോചനക്കുറ്റത്തിനുൾപ്പെടേ ലക്‌നൗ പ്രത്യേക കോടതിയിൽ വിചാരണ നേരിടണം. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പിലാക്കപ്പെടണമെന്ന ആപ്തവാക്യം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ആർ.എഫ് നരിമാന്റെ വിധി. തുടർന്ന് മൂന്ന് വർഷത്തെ വാദത്തിന് ശേഷം വിധി.