ബുദ്ധ മതത്തെ പ്രത്യേക മത വിഭാഗമായി കണക്കാക്കി ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു. ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്കോ ജൈന വിശ്വാസത്തിലേക്കോ, സിഖ് വിശ്വാസത്തിലേക്കോ പരിവര്‍ത്തനം ചെയ്യാന്‍ ഇനി മുതല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി തേടണം. ഗുജറാത്ത് മത സ്വാതന്ത്ര്യ നിയമം 2003 അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.ബുദ്ധ മതത്തിലേക്കുള്ള പരിവര്‍ത്തനം മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയല്ല നടക്കുന്നതെന്ന് കണ്ടാണ് ആഭ്യന്തര വകുപ്പ് നയം മാറ്റം നടത്തിയത്. ദസ്സറ പോലുള്ള ആഘോഷ സമയത്ത് ഗുജറാത്തില്‍ ബുദ്ധ മതത്തിലേക്ക് കൂട്ട പരിവര്‍ത്തനം നടക്കാറുണ്ട്. പതിവായി ദളിതരാണ് ഇത്തരത്തില്‍ പരിവര്‍ത്തനം നടത്തുന്നതില്‍ അധികവും.സംസ്ഥാനത്ത് ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനത്തിന് മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്ന പൊതുധാരണയാണ് സംസ്ഥാനത്തുള്ളതെന്നാണ് പുതിയ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ചില സാഹചര്യങ്ങളില്‍ അപേക്ഷകരും സ്വയംഭരണ സംഘങ്ങളും ഈ അനുമതി ആവശ്യമില്ലെന്ന് എഴുതി നല്‍കാറുമുണ്ട്. എന്നാല്‍ മതംമാറ്റ അനുമതി തേടുന്ന സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ പോലും ഭരണഘടനയുടെ 25(2) അനുച്ഛേദം പ്രകാരം സിഖ്, ജൈന, ബുദ്ധ വിശ്വാസങ്ങള്‍ ഹിന്ദുവിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ മതപരിവര്‍ത്തനത്തിന് അനുമതി വേണ്ടെന്നും വ്യക്തമാക്കി അപേക്ഷകരെ മടക്കാറുണ്ടെന്നും ഉത്തരവില്‍ പറയുന്നു. അതിനാല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ മത പരിവര്‍ത്തന അപേക്ഷകള്‍ ലഭിക്കുമ്പോള്‍ വിശദമായി പഠിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ കൂടി വിലയിരുത്തിയ ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്ന് ഉത്തരവ് ആവശ്യപ്പെടുന്നുണ്ട്.സംസ്ഥാനത്ത് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലാണ് ഉത്തരവിറക്കിയതെന്നാണ് ആഭ്യന്തര വകുപ്പിലെ ഉന്നതനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്തില്‍ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം കൂടുതലും ദളിതരിലാണ് കണ്ടുവരുന്നത്. ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബുദ്ധമത പരിവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളില്‍ ഒന്ന്. ഇവര്‍ സര്‍ക്കാര്‍ ഉത്തരവ് സ്വാഗതം ചെയ്തിട്ടുണ്ട്.ബുദ്ധിസം പ്രത്യേക മതവിഭാഗമാണെന്നത് സര്‍ക്കുലറിലൂടെ വ്യക്തമായെന്ന് ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമി സെക്രട്ടറി രമേഷ് ബങ്കര്‍ പറഞ്ഞു. ഭരണതലത്തില്‍ ചട്ടങ്ങള്‍ വ്യാഖ്യാനിച്ചപ്പോള്‍ മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് വന്ന പിഴവാണ് ഇരു മതങ്ങളെയും ഒന്നായി കാണാനുള്ള കാരണം. ഈ സംശയം ദുരീകരിക്കണമെന്നത് തങ്ങളുടെ ആവശ്യമായിരുന്നു. തങ്ങള്‍ എന്നും നിയമപ്രകാരം ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയാണ് മതപരിവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.ബുദ്ധമതത്തിലേക്ക് ധര്‍മ്മഗുരുവിന്റെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടക്കുന്നതിന് ഒരു മാസം മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി നേടണം. അപേക്ഷയില്‍ പേര്, വിലാസം, ജാതി, മതം, വിവാഹം കഴിഞ്ഞോ, ജോലി, മാസ വരുമാനം, പുതിയ മതത്തിന്റെ ഭാഗമായി ജീവിക്കാനുള്ള തീരുമാനം എടുത്ത ശേഷമുള്ള കാലയളവ്, മതപരിവര്‍ത്തനത്തിന്റെ കാരണങ്ങള്‍, മതപരിവര്‍ത്തനനം നടക്കുന്ന സ്ഥലവും തീയതിയും എന്നിവയടക്കം വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തണം.സംസ്ഥാനത്ത് 2023 ല്‍ മാത്രം 2000 പേരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. 2011 ലെ സെന്‍സസ് രേഖ പ്രകാരം ഗുജറാത്തില്‍ 30483 പേരാണ് ബുദ്ധര്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ അരശതമാനം മാത്രമാണിത്. സെന്‍സസ് ഉദ്യോഗസ്ഥര്‍ ബുദ്ധ മതവിശ്വാസികളെ ഹിന്ദുക്കളായി രേഖപ്പെടുത്തിയത് കൊണ്ടാണ് കണക്കില്‍ ഇത്ര കുറവുണ്ടായതെന്നാണ് ബുദ്ധ മത സംഘടനകളുടെ വാദംകഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 ന് അഹമ്മദാബാദില്‍ 400 പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. 2022 ഒക്ടോബറില്‍ 900 പേരും മതപരിവര്‍ത്തനം നടത്തി. ഇതില്‍ തന്നെ ദളിതരാണ് ഏറെയും. 2016 ല്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട വിചാരണക്കിരയായ വാസ്രം സര്‍വയ, രമേഷ് സര്‍വയ എന്നിവരുടെ കുടുംബങ്ങളടക്കം ഹിന്ദു മതം വിട്ട് ബുദ്ധരായി.സംസ്ഥാനത്ത് പരപ്രേരണയില്ലാതെയാണ് മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പാക്കാനാണ് ഗുജറാത്ത് മത സ്വാതന്ത്ര്യ നിയമം കൊണ്ടുവന്നത്. വിവാഹത്തിന് വേണ്ടി മതം മാറുന്നത് 2021 ല്‍ ഇതേ നിയമം ഭേദഗതി ചെയ്ത് സംസ്ഥാനത്ത് തടഞ്ഞിരുന്നു. ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം പിഴയുമാണ് ശിക്ഷ ലഭിക്കുക. ഇത്തരം കേസുകള്‍ ഡിഎസ്പിമാരാണ് അന്വേഷിക്കുക. ആരോപിക്കപ്പെട്ടാല്‍ പിന്നെ തെളിവുകള്‍ നിരത്ത് താന്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിയുടേതാകും. അതിനാല്‍ തന്നെ നിയമഭേദഗതിക്കെതിരെ പരാതികള്‍ ഉയര്‍ന്നു. നിയമഭേദഗതിക്കെതിരായ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.2014ല്‍ ഭോപാലില്‍ നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ ജൈന, സിഖ്, ബുദ്ധ വിഭാഗങ്ങളെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ലെന്നും അത്തരത്തിലുള്ള നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു.ജൈന, സിഖ്, ബുദ്ധ മതവിഭാഗങ്ങള്‍ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരായല്ല മറിച്ച് ഹിന്ദുക്കളായി തന്നെയാണ് പരിഗണിക്കുന്നതെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു. ഹിന്ദുയിസം ഒരു മതമല്ല, മറിച്ച് ഒരു ജീവിതരീതിയാണെന്നും ഹിന്ദു രാഷ്ട്രം, ദേശീയത എന്ന ആശയങ്ങള്‍ നമ്മുടെ പുരാതന സംസ്‌കാരത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നുമാണ് വരുന്നതെന്നും അദ്ദേഹം വാദിച്ചു.എന്നിരുന്നാലും, ഹിന്ദുമതം എല്ലായ്പ്പോഴും മറ്റ് സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വ്യത്യസ്ത പാരമ്പര്യങ്ങളെ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ആര്‍എസ്എസ് നയങ്ങള്‍ക്ക് ഘടകവിരുദ്ധമായ തീരുമാനങ്ങളാണ് ഇപ്പോള്‍ ഗുജറാത്തില്‍ നടപ്പില്‍ വരുത്തുന്നത്. സര്‍ക്കുലറുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ പ്രതികരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…








