Kerala Pranamam

‘ബൗളര്‍മാരെ ഞാന്‍ മാനസികമായി തളര്‍ത്തി’; കിടിലന്‍ ബാറ്റിങ്ങിന്റെ രഹസ്യം തുറന്നുപറഞ്ഞ് ഋഷഭ് പന്ത്

തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ തിരികെ കയറ്റി രക്ഷകനായി അവതരിക്കുകയായിരുന്നു എഡ്ജ്ബാസ്റ്റണിലും ഋഷഭ് പന്ത്.ഇപ്പോഴിതാ മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പന്ത്. ബൗളര്‍മാരെ മാനസികമായി തളര്‍ത്തിയാണ് താന്‍ കളിയില്‍ മുന്നേറിയതെന്നാണ് പന്ത് പറഞ്ഞത്.98റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞിരുന്ന ടീമിനെ 338 റണ്‍സെന്ന സ്‌കോറിലേക്ക് ഉയര്‍ത്തുകയായിരുന്നു പന്ത്. ‘ഞാന്‍ ഒരു ഡൈമന്‍ഷനില്‍ മാത്രം കളിക്കാന്‍ ശ്രമിക്കാറില്ല, പകരം വിവിധ ഷോട്ടുകള്‍ പരീക്ഷിക്കും, ചിലപ്പോള്‍ പുറത്തുകടക്കുകയോ ബാക്ക്ഫൂട്ടില്‍ കളിക്കുകയോ ചെയ്യും. ഞാന്‍ ക്രീസ് നന്നായി ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ബൗളറെ മാനസികമായി ബുദ്ധിമുട്ടിലാക്കും. ഇതൊരിക്കലും മൂന്‍കൂട്ടി ആസുത്രണം ചെയ്യുന്നതല്ല മറിച്ച് ബൗളര്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ശ്രദ്ധിച്ച് തീരുമാനിക്കുന്നതാണ്’, പന്ത് പറഞ്ഞു.’പ്രതിരോധത്തില്‍ ഞാന്‍ ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ട്, ഏറെ പരിശ്രമിച്ചിട്ടുമുണ്ട്. ഓരോ ബോളും നിരീക്ഷിച്ച് അതിനനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്. നല്ല ബോളുകളെ ബഹുമാനിക്കുന്നത് നല്ല കാര്യമാണ്. ചിലപ്പോള്‍ ചില വ്യത്യസ്തമായ ഷോട്ടുകള്‍ പരീക്ഷിക്കാറുണ്ട്, പക്ഷെ കളിയില്‍ നിങ്ങളുടെ നൂറ് ശതമാനം കൊടുക്കുന്നതിലാണ് കാര്യം’, പന്ത് പറഞ്ഞു. ആദ്യം തന്നെ ഒരുപാട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുമ്‌ബോള്‍ നിങ്ങള്‍ക്കുതന്നെ കുറച്ച് സമയം നല്‍കണം. കോച്ച് രാഹുല്‍ ഭായ് എന്നോട് പറഞ്ഞത് ഒരു സമയം ഒരു ബോളില്‍ ശ്രദ്ധിക്കണം എന്നാണ്, താരം കൂട്ടിച്ചേര്‍ത്തു.89 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സും പറത്തിയാണ് ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ചുറിയിലേക്ക് ഋഷഭ് പന്ത് എത്തിയത്. ടെസ്റ്റിലെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന നേട്ടത്തില്‍ എംഎസ് ധോനിയെ ഇവിടെ പന്ത് മറികടന്നു.